വീണാ ജോര്‍ജ്: നിപയില്‍ ആശങ്കപ്പെടേണ്ടതില്ല, സമ്പര്‍ക്കപ്പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് നിപാ ഭീതിയൊഴിയുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണ്. മരിച്ച പന്ത്രണ്ടുവയസുകാരനുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്നവര്‍ക്കൊന്നും രോഗം പടര്‍ന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

‘പൂനെയിലേക്കയച്ച അഞ്ച് പേരുടെ സാമ്പിളുകള്‍ക്കൂടി നെഗറ്റീവാണ്. ഇവിടെ പരിശോധിച്ച 15 പേരുടെ സാമ്പിളുകളും നെഗറ്റീവാണ്. ഇതിനോടകം 30 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 30 ഉം നെഗറ്റീവാണ്. 21 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ 68 പേരാണ് നിലവില്‍ ഐസൊലേഷനിലുള്ളത്. ഇന്നലെ രാത്രി 10പേരെക്കൂടി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. നേരിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല’, വീണാ ജോര്‍ജ് പറഞ്ഞു.

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പും ഭോപ്പാലില്‍നിന്നുള്ള വിദഗ്ധ സംഘവും വവ്വാലുകളില്‍നിന്നുള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു. ഏത് സംശയമുള്ള മൃഗത്തില്‍നിന്നും സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കി.

നിപയുമായി ബന്ധപ്പെട്ട ജാഗ്രത കൈവിടരുത്. അവസാന കേസ് സ്ഥിരീകരിച്ച് 42 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ആശങ്കയൊഴിഞ്ഞതായി പറയാനാവൂ എന്നാണ് പ്രോട്ടോക്കോള്‍. നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് പനിബാധിതരെ കണ്ടെത്താനുള്ള സര്‍വ്വെ തുടരുമെന്നും മന്ത്രിമാര്‍ അറിയിച്ചു.