‘ആര്‍ ശങ്കറിനെ തകര്‍ത്ത പ്രേതങ്ങള്‍ ഇപ്പോഴുമുണ്ട്, സുധാകരന് തിരുവതാംകൂര്‍ രാഷ്ട്രീയം മനസിലായിട്ടുണ്ടോ?’: വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ എത്തിയതുമുതല്‍ കോണ്‍ഗ്രസില്‍ അടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇപ്പോഴത് കൂട്ടയടിയായി. സുധാകരന്‍ നേതൃസ്ഥാനത്തേക്ക് എത്തിയപ്പോള്‍ നേരത്തെ കൊമ്പുകോര്‍ത്തിരുന്ന ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒറ്റക്കെട്ടായെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

‘ശങ്കര്‍ സാറിനെ തകര്‍ത്ത പ്രേതങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. കെ സുധാകരന് തിരുവിതാംകൂറിന്റെ രാഷ്ട്രീയം മനസിലായിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അദ്ദേഹം മലബാറുകാരനാണല്ലോ. വളര്‍ന്നുവരുന്ന പിന്നാക്ക വിഭാഗക്കാരെ വളര്‍ത്തിയ പാരമ്പര്യം തിരുവിതാംകൂറിനില്ല. എല്ലാവരെയും അവര്‍ ജാതിപറഞ്ഞ് ആക്ഷേപിക്കും. അതുകൊണ്ടല്ലേ ശങ്കര്‍സാര്‍ താഴെപ്പോയത്’, വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 1960-ലെ തെരഞ്ഞെടുപ്പില്‍ ആര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ അധികാരമുറപ്പിച്ച കോണ്‍ഗ്രസ്, പിഎസ്പി നേതാവായിരുന്ന പട്ടംതാണുപിള്ളയെയാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. പിന്നീട് 62-ല്‍ മുഖ്യമന്ത്രിയായ ശങ്കറിനെതിരെ നീക്കങ്ങള്‍ നടത്തി സര്‍ക്കാരിനെ താഴെയിറക്കുകയും ചെയ്തിരുന്നു.

കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് രാഷ്ട്രീയം സജീവമാകുന്നത് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. പുനഃസംഘടന ആവശ്യമില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് എ, ഐ ഗ്രൂപ്പുകള്‍. സുധാകരന്റെ പരസ്യപ്രതികരണങ്ങളില്‍ പ്രതിഷേധിച്ച് മുന്‍ കെപിസിസി അധ്യക്ഷന്മാരായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ക്കിടയിലും ഡിസിസി അധ്യക്ഷന്മാരുടെ പിന്തുണയോടെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് കെപിസിസി തീരുമാനം. ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ സുധാകരന്‍ സ്വരം കടുപ്പിച്ചത് ഈ സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.