‘ഒരു ടീച്ചറെ നിങ്ങളങ്ങ് മാലാഖയാക്കിയല്ലോ’; വള്ളിനിക്കറിട്ട് വന്നിട്ട് വടികുത്തുന്നതുവരെ തുടരുന്നത് മാറിയില്ലേ, സൂപ്പറെന്ന്‌ വെള്ളാപ്പള്ളി

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് ഉചിതമായ തീരുമാനമാണ്. കെകെ ശൈലജയെ മാധ്യമങ്ങള്‍ ചേര്‍ന്ന് മാലാഖയാക്കിയതാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയിങ്ങനെ. ‘സൂപ്പറായിട്ടുണ്ട്, വള്ളിനിക്കറിട്ട് രാഷ്ട്രീയത്തില്‍ വന്നിട്ട് വടികുത്തുന്നതുവരെ തുടരുന്ന ശൈലിക്ക് ഒരു മാറ്റം വരുത്തിയില്ലേ. ആ മാറ്റം നാളെ രാഷ്ട്രീയത്തിലേക്ക് വരുന്നവര്‍ക്ക് ഒരു പ്രതീക്ഷയാണ്. കാരണം നാളെ ഞങ്ങല്‍ക്കുമൊക്കെ മന്ത്രിയാവാന്‍ സാധിക്കണം. അഞ്ചുവര്‍ഷം മന്ത്രിയായവരെ മാറ്റുന്നത് നന്മയുടെ മാര്‍ഗമാണ്. ജനങ്ങള്‍ അംഗീകരിക്കുന്ന മാറ്റമാണ് എന്ന് തെളിഞ്ഞുകഴിഞ്ഞു. ഒരു മന്ത്രിക്കുവേണ്ടി ആരും വക്കാലത്ത് പിടിക്കേണ്ട. നിങ്ങളാണ് (മാധ്യമങ്ങള്‍) ആണ് എല്ലാ കുഴപ്പവുമുണ്ടാക്കുന്നത്. ഒരു ടീച്ചറെ നിങ്ങളങ്ങ് മാലാഖയായി മാറ്റിയല്ലോ’, വെള്ളാപ്പള്ളി പറഞ്ഞു.

‘ടീച്ചറുടെ മാഹാത്മ്യം എന്താണ്? അതിനേക്കാള്‍ മാഹാത്മ്യമില്ലേ മണിയാശാന്. മണി ആശാന്‍ 1500 വോട്ടില്‍നിന്ന് 40000 വോട്ട് നേടിയില്ലേ. മണിയാശാന് എന്താണ് ഒരു കുറവ്? അപ്പോള്‍ മണിയാശാനെ പൊക്കിപ്പറയാന്‍ ആരുമില്ലല്ലേ. ടീച്ചര്‍ നല്ല വടിവൊത്ത ഭാഷയില്‍ പറയും. നല്ല ഭംഗിയായി പെരുമാറും. ടീച്ചര്‍ എന്ന നിലയില്‍ ഭാഷാശുദ്ധി നല്ലതുപോലെയുണ്ട്. പക്ഷേ, ഏത് മന്ത്രിയുടെയും പുറകില്‍ ഒരു ശക്തിയുണ്ട്. അത് നിങ്ങള്‍ മറക്കുന്നു. അവരെപ്പറ്റി ആരും പറയാറില്ല. ത്യാഗോജ്ജ്വലമായി പ്രവര്‍ത്തിക്കുന്ന കുറേ ഉദ്യോഗസ്ഥരുണ്ട്. അവരെപ്പറ്റി ആരും പറയുന്നില്ലല്ലോ. മന്ത്രിമാര്‍ക്ക് നിയമമോ ചട്ടമോ അറിയാമോ? അവര്‍ രാഷ്ട്രീയം കളിച്ചിട്ട് ഒരു സുപ്രഭാതത്തില്‍ മന്ത്രിയായി വരുമ്പോള്‍ അവരെ നല്ല നിലയില്‍ നയിക്കുന്നതും ഉപദേശം കൊടുക്കുന്നതും നിയമന്ത്രിക്കുന്നതും ഉദ്യോഗസ്ഥരാണ്. അവരെ അനുസരിക്കുന്നവര്‍ മന്ത്രി എന്ന നിലയില്‍ വിജയിക്കും. ശൈലജ ടീച്ചര്‍ നല്ല മന്ത്രിയായിരുന്നു. അവര്‍ക്ക് നല്ല ജനപ്രീതിയുണ്ട്. അതിന് മുമ്പ് അവരെന്താ മോശമായിരുന്നോ? അവരെപ്പറ്റി നല്ല അഭിപ്രായമല്ലേ ഉണ്ടായിരുന്നുള്ളൂ’, അദ്ദേഹം തുടര്‍ന്നു.

മരുഭൂമിയില്‍ വെള്ളമുണ്ടാക്കിയ ആളാണ് ഐസക് സാര്‍. ഈ ഖജനാവില്‍ പത്തുപൈസയുണ്ടായിരുന്നോ? അദ്ദേഹത്തെയും മാറ്റിയില്ലേ. അത് വലിയ തീരുമാനമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയത് മുഖ്യമന്ത്രി നേരിട്ട് വിളിക്കുകയും ക്ഷണക്കത്ത് അയക്കുകയും ചെയ്തതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ‘എല്ലാ സമുദായ നേതാക്കള്‍ക്കും അയച്ചിട്ടുണ്ടാവാം. ഇതിന് മുമ്പ് എന്നെയാരും ക്ഷണിച്ചിട്ടുമില്ല, ഞാന്‍ വന്നിട്ടുമില്ല. മുഖ്യമന്ത്രി പ്രത്യേകം വിളിച്ച് വരണമെന്ന് പറഞ്ഞു. അപ്പോള്‍ വരാമെന്ന് ഞാനും കരുതി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.