‘എല്ലാവരും കുഴല്‍പണം കൊണ്ടുവരും, ബിജെപിക്കാര്‍ മണ്ടന്മാരായതുകൊണ്ടാണ് പൊലീസ് പിടിച്ചത്’; ചെന്നിത്തല നിരാശ ബാധിച്ച് ആത്മഹത്യയുടെ വക്കിലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കൊടകര കുഴല്‍പണക്കേസില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാവരും കുഴല്‍പണം കൊണ്ടുവരും. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. പക്ഷേ, ബിജെപിക്കാര്‍ മണ്ടന്മാരായതുകൊണ്ടാണ് പൊലീസ് പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്‍ എംപിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെയും വെള്ളാപ്പള്ളി പരിഹസിച്ചു. സുധാകരന്‍ കെപിസിസി അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് 16 കഷ്ണമാവും. സംസ്ഥാനത്ത് പേരിനുപോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണുള്ളതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

‘സംസ്ഥാനത്ത് പേരിനുപോലും പ്രതിപക്ഷമില്ലാത്ത അവസ്ഥയാണുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബോധത്തില്‍ ആത്മഹത്യാ വരമ്പിലാണ്’, വെള്ളാപ്പള്ളി പറഞ്ഞു.

Also Read: ‘ബിജെപി അദ്ധ്യക്ഷന്‍ എന്ന് മുഖ്യമന്ത്രി പറയാത്തതെന്ത്?’; ഒത്തുകളിയെന്ന് പ്രതിപക്ഷം; ‘ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാകരുത്’

കുറുക്കുവഴിയിലൂടെയാണ് വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ പ്രസംഗങ്ങളില്‍ കേമനാണ്. അവിടെ തിളങ്ങാന്‍ കഴിയും. എന്നാല്‍ പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ നേതാവ് വട്ടപ്പൂജ്യമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ തമ്മിലടിക്കുന്നു. ഒന്നും കിട്ടാത്ത വിഭാഗവും കേരളത്തിലുണ്ട്. അവരെക്കുറിച്ച് ആരും പറയുന്നില്ല. ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഒന്നുമില്ല. പിന്നോക്കക്ഷേമ വകുപ്പ് പേരിനുപോലും പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.