കൊവിഡ് വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകളും ഓക്സിജന്‍ കിടക്കകളും നിറഞ്ഞുതുടങ്ങി. സ്വകാര്യമേഖലയിലെ 85 ശതമാനം കൊവിഡ് കിടക്കകളിലും രോഗികളുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഐസിയു നിറഞ്ഞു. നാല് വെന്റിലേറ്റര്‍ മാത്രമാണ് അവശേഷിക്കുന്നത്. 90 ശതമാനം ഓക്സിജന്‍ കിടക്കകളിലും ഇപ്പോള്‍ രോഗികളുണ്ട്.
കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളേജിലെ 52 കൊവിഡ് ഐസിയു കിടക്കകളിലും രോഗികളുണ്ട്. 38 വെന്റിലേറ്ററുകളില്‍ 26 എണ്ണവും ഉപയോഗത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴ് ഐസിയു കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. 40 വെന്റിലേറ്ററുകളില്‍ 31ലും രോഗികളുണ്ട്. 22 കിടക്കകള്‍ മാത്രമാണ് മെഡിക്കല്‍ കോളേജില്‍ ഒഴിവുള്ളത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിഎംഓമാരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യം സജ്ജമാക്കാന്‍ ഡിഎംഒമാര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആയിരം മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. 50 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനും ഓക്സിജന്‍ ടാങ്കറുകളും വെന്റിലേറ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും വരും ദിവസങ്ങളില്‍ ആവശ്യകത വര്‍ധിച്ചേക്കാമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Also Read: എന്തുകൊണ്ട് ഓക്സിജന്‍ ക്ഷാമം? കേരളത്തെ ബാധിക്കുമോ?
ഇതിനൊടൊപ്പം ഓക്സിജന്‍ ഉല്പാദനം കൂട്ടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പത്ത് ടണ്‍ കൂട്ടി ആകെ ഉദ്പാദനം 159 ടണ്‍ ആക്കും. പെസോയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉത്പാദനം വര്‍ധിപ്പിക്കുന്നത്. വിതരണ ശൃംഖലയില്‍ ചെറിയ അപാകതകളുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും ഓക്സിജന്‍ വിതരണ ചുമതലയുളള പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന് പ്രതികരിച്ചു.
തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമയത്ത് ഓക്സിജന്‍ കിട്ടാത്തതിനേത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. 90 ഓക്സിജന്‍ സിലിണ്ടറുകള്‍ വേണ്ട സ്ഥാനത്ത് 17 സിലിണ്ടറുകള്‍ മാത്രം വന്നതാണ് കാരണം. ഇതേത്തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന അടിയന്തര പരിഗണന വേണ്ടാത്ത ശസ്ത്രക്രിയകള്‍ നാളത്തേക്ക് മാറ്റി. രോഗികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രി ഡയറക്ടര്‍ പ്രതികരിച്ചു. ടാങ്കറുകളുടെ ക്ഷാമമുണ്ടായതിനേത്തുടര്ന്നാണ് ഓക്സിജന്‍ ലഭിക്കാതിരുന്നത്. കളക്ടര്‍ ഇടപെടില്‍ ഇന്ന് രാവിലെ 45 സിലിണ്ടറുകള്‍ ലഭിച്ചെന്നും വൈകിട്ട് 45 എണ്ണം കൂടി കിട്ടുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി.