പി.സി ജോര്‍ജിന് പാറമട വിറ്റ കുടവയറെന്ന് പൂഞ്ഞാര്‍ എം.എല്‍.എ; തെളിയിച്ചാല്‍ അടുക്കളപ്പണിയെടുക്കാമെന്ന് ജോര്‍ജ്

തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. പി.സി ജോര്‍ജ് പാറമട ലോബിയുടെ ഭാഗമാണെന്നും ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നും സെബാസ്റ്റ്യന്‍ പറയുന്നു. കൂട്ടിക്കല്‍ ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന ജോര്‍ജിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മറുപടിയുമായി പി.സി ജോര്‍ജും രംഗത്തെത്തിയിട്ടുണ്ട്.

‘പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തം, ആരാണ് ഉത്തരവാദി’ എന്നുതുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ വിമര്‍ശനം. ‘കോട്ടയം ജില്ലയില്‍ ഏറ്റവുമധികം പാറമടകള്‍ ഉള്ളത് പൂഞ്ഞാറിലല്ലേ? ആരാണ് കാലങ്ങളായി ഇവിടെ ജനപ്രതിനിധി ആയിരുന്നത്? ഈ രണ്ടു ചോദ്യങ്ങള്‍ പൂഞ്ഞാര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ ആരോടാണ് ചോദിക്കേണ്ടത്? മൂന്നിലവില്‍ സ്വന്തമായി പാറമട നടത്തിക്കൊണ്ടിരുന്നത് ആരാണ് എന്ന് എല്ലാവര്‍ക്കുമറിയാം. പലയിടത്തും ബിനാമി പേരുകളില്‍ പാറ ഖനനം നടത്തുന്നതും, വര്‍ഷങ്ങളായി പരിസ്ഥിതി ദോഷകരമായ എല്ലാ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നതും ആരാണെന്ന് പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് പകല്‍ പോലെ അറിയാം. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും മറ്റും ചര്‍ച്ച ചെയ്തിരുന്ന ഘട്ടത്തില്‍ പരിസ്ഥിതിവാദികളെ ആകെ കൊഴുവെട്ടി അടിക്കണം എന്ന് പറഞ്ഞ് അസഭ്യം വിളിച്ചവരും ആരാണെന്ന് പൂഞ്ഞാര്‍ ജനതയും, കൂട്ടിക്കല്‍ക്കാരും ഒന്നും മറന്നിട്ടില്ല’, സെബാസ്റ്റിയന്‍ പറയുന്നതിങ്ങനെ.

‘മലമടക്കുകളില്‍ ചുളുവിലയ്ക്ക് പാറക്കെട്ടുകള്‍ വാങ്ങി കൂട്ടിയിട്ട്, അധികാരവും സ്വാധീനവും ഉപയോഗിച്ച് ക്വാറികള്‍ക്ക് ലൈസന്‍സ് ഉണ്ടാക്കിയിട്ട്, വലിയ വിലയ്ക്കു മറിച്ചു വിറ്റ് കോടികള്‍ ലാഭമുണ്ടാക്കുന്നത് പിതാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ മകനാണ് എന്ന സത്യം അങ്ങാടിപ്പാട്ട് അല്ലേ? മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങള്‍ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയര്‍ വീര്‍പ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകര്‍ത്ത് നിരാലംബരായ ജനങ്ങള്‍ ജീവനോടെ മണ്ണിനടിയില്‍ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ പാപഭാരത്തില്‍ നിന്ന് കൈകഴുകി മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ അല്ലയോ പ്രസ്താവനക്കാരാ നിങ്ങളെ എന്ത് പേര് വിളിക്കണം എന്ന് അറിയില്ല. ദുരന്തമുഖത്തും ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തുകയോ, സഹായങ്ങള്‍ എത്തിക്കുകയോ ചെയ്യുന്നതിന് പകരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുമ്പോള്‍ അതിന് ചവറ്റുകുട്ടയില്‍ ആണ് പൂഞ്ഞാര്‍ ജനത സ്ഥാനം നല്‍കുന്നത് എന്നോര്‍മിച്ചാല്‍ നന്ന്’, ഫേസ്ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെ.

സെബാസ്റ്റിയന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മറു ആരോപണവുമായാണ് പി.സി ജോര്‍ജിന്റെ മറുപടി എത്തിയിരിക്കുന്നത്. പാറമട ഉടമയുടെ വണ്ടിയില്‍ എം.എല്‍.എ ബോര്‍ഡ് വെച്ച് നടക്കുന്നയാളാണ് പൂഞ്ഞാര്‍ എം.എല്‍.എ. തനിക്ക് പാറമടയോ ബിസിനസുകളോ ഇല്ല. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തി ഇവരുടെ വീടുകളില്‍ അടുക്കളപ്പണി ചെയ്യുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.