കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള നിർണായക വിധി പുറപ്പെടുവിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകൾ നിലനിൽക്കില്ല എന്നാണ് ജഡ്ജി ജി ഗോപകുമാറിന്റെ സിംഗിൾ ബെഞ്ച് കണ്ടെത്തിയത്. ഒറ്റ വാചകത്തിലായിരുന്നു വിധി പ്രസ്താവം.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫ്രാങ്കോ വിധിയോട് പ്രതികരിച്ചത്. ദൈവത്തിനും കൂടെ നിന്നവർക്കും അദ്ദേഹം നന്ദി പറഞ്ഞു. വിധി വന്ന് നിമിഷങ്ങൾക്കുള്ളിൽ ജലന്ധർ അതിരൂപത പത്രക്കുറിപ്പും പുറത്തിറക്കി. നിയമപോരാട്ടത്തിൽ കൂടെനിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പത്രക്കുറിപ്പ്. കോടതി പരിസരത്ത് ഫ്രാങ്കോയുടെ സുഹൃത്തുക്കൾ മധുരം വിതരണം ചെയ്തു.
അംഗീകരിക്കാനാകാത്ത വിധിയാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹരിശങ്കർ ഐപിഎസ് പ്രതികരിച്ചു. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതി മുഖവിലക്കെടുത്തില്ല എന്നും ഞെട്ടലോടെ ഈ വിധിയെ നോക്കികാണുന്നുവെന്നും കോട്ടയം മുൻ എസ്പി കൂടിയായ അദ്ദേഹം പറഞ്ഞു.
അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബുവും അറിയിച്ചു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പതിനൊന്ന് മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. പത്തുമണിയോടെ തന്നെ ഫ്രാങ്കോ മുളക്കൽ കോടതിയിൽ എത്തിയിരുന്നു. പിൻവാതിലിലൂടെയാണ് ഫ്രാങ്കോ കോടതിയിലെത്തിയത്. ഫ്രാങ്കോയുടെ സഹോദരനും സഹോദരീ ഭർത്താവും കൂടെയുണ്ടായിരുന്നു. കോടതി പരിസരത്ത് വലിയ സുരക്ഷാ സന്നാഹമായിരുന്നു ഒരുക്കിയത്. കുറവിലങ്ങാട് മഠത്തിലും സുരക്ഷ ശക്തമാക്കിയിരുന്നു.
ഏഴു കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരുന്നത്. ആവർത്തിച്ചുള്ള ബലാൽസംഗം, അധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അധികാര ദുർവിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ അതിക്രമം, അന്യായമായ തടഞ്ഞുവെയ്ക്കൽ എന്നിവയായിരുന്നു ചുമത്തിയ കുറ്റങ്ങൾ. ഇവ നിലനിൽക്കുന്നതല്ല എന്നാണ് കോടതി കണ്ടെത്തിയത്.
രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങൾക്കും അസാധാരണമായ നിയമപോരാട്ടത്തിനുമാണ് ഈ കേസ് വഴിവെച്ചത്. 2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന് ഹോമിലെ കന്യാസ്ത്രീ ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് പൊലീസിനും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ജലന്ധർ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി. കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഹൈക്കോടതിക്ക് സമീപം സമരം ചെയ്തു. പ്രതിഷേധം വലിയ ജനപിന്തുണ നേടി. പിന്നീടാണ് ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങിയത്. 2019 ഏപ്രില്‍ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ ഹൈകോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നെങ്കിലും വിചാരണ നേരിടണമെന്ന വിധിയാണ് കോടതികള്‍ പുറപ്പെടുവിച്ചത്.
2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. 25 ദിവസത്തിനുശേഷം ഒക്ടോബര്‍ 15ന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു.
പരാതിക്കാരിക്കെതിരെ ഫ്രാങ്കോ പലതവണ രംഗത്തുവന്നിരുന്നു. കേസിൽ നിന്നും പിന്തിരിപ്പിക്കാനും സമ്മർദ്ദങ്ങൾ ഉണ്ടായി. പരാതി നൽകിയതിന് ശേഷം തന്നെ വധിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. വ്യക്തിവൈരാഗ്യമാണ് ആരോപണത്തിന് പിന്നിൽ എന്നാണ് ഫ്രാങ്കോയുടെ വാദിച്ചത്. തൃശ്ശൂര്‍ മറ്റം സ്വദേശിയായ ഫ്രാങ്കോ 2013 ലാണ് കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയുടെ ബിഷപ്പായി നിയമിതനായത്.
നവംബര്‍ 30ന് വിചാരണ തുടങ്ങി ഡിസംബര്‍ 29നാണ് പൂർത്തിയായത്. മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാരെയും 25 കന്യാസ്ത്രീകളെയും 11 വൈദികരെയും കേസിൽ വിസ്തരിച്ചിരുന്നു. രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോക്ടർ എന്നിവരെല്ലാം കോടതിയിലെത്തി.122 രേഖകളും കോടതിയിൽ പരിശോധിച്ചു.