‘നിങ്ങളുടെ ഉദ്ദം സിങ്ങിനും ഇര്‍ഫാന്‍ ഖാനും സമര്‍പ്പിക്കുന്നു’; ഷൂജിത് സര്‍ക്കാരിന് നന്ദി പറഞ്ഞ്, ഇര്‍ഫാനെ ഓര്‍ത്ത് വിക്കി കൗശല്‍

പ്രേക്ഷകരുടേയും നിരൂപകരുടേയും മികച്ച അഭിപ്രായങ്ങള്‍ നേടിക്കൊണ്ട് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ്ങ് തുടരുകയാണ് ‘സര്‍ദാര്‍ ഉദ്ദം’. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് സെലിബ്രിറ്റികളും രംഗത്തെത്തുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളിയുമായ ഉദ്ദം സിങ്ങിനെ അവതരിപ്പിച്ച വിക്കി കൗശലിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള നിരൂപണങ്ങളും പുറത്തുവരുന്നുണ്ട്. ഇതിനിടെ തനിക്ക് ഇങ്ങനെയൊരു അവസരം നല്‍കിയ സംവിധായകന് നന്ദി പറയുകയാണ് വിക്കി കൗശല്‍.

താങ്കളുടെ ഉദ്ദം സിങ്ങിനെ കാണാന്‍ എന്നെ കാലത്തിന്റെ പിറകിലോട്ട് കൊണ്ടുപോയതിന് നന്ദി. എന്നില്‍ നിന്നും പലതും പുറത്തേക്കെടുപ്പിച്ചു. അതിലുമധികം എനിക്ക് തിരികെ തന്നു.

വിക്കി കൗശല്‍

എപ്പോഴും ജീവനോടെയിരിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്ന ഉദ്ദം സിങ്ങിനും ഇര്‍ഫാന്‍ സാബിനും (ഇര്‍ഫാന്‍ ഖാന്‍) ചിത്രം സമര്‍പ്പിക്കുകയാണെന്നും വിക്കി കൗശല്‍ കൂട്ടിച്ചേര്‍ത്തു.

വിക്കി കൗശലിനെ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ ഭാര്യ സുതാപയും അഭിനന്ദിച്ചു. വിക്കിയുടെ അഭിനയം ഇര്‍ഫാന്‍ ഖാനേക്കുറിച്ചുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ടുവന്നെന്നായിരുന്നു സുതാപയുടെ പ്രതികരണം. സര്‍ദ്ദാര്‍ ഉദ്ദം ഇര്‍ഫാന്റെ സ്വപ്‌ന വേഷമായിരുന്നെന്നും സുതാപ പറഞ്ഞു. ഇര്‍ഫാന്‍ ഖാനെയാണ് ഷൂജിത്ത് സര്‍ക്കാര്‍ ഉദ്ദം സിങ്ങിന്റെ റോള്‍ ഏല്‍പ്പിക്കാനിരുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായത് കാരണം നടന് തന്റെ ഡ്രീം റോളില്‍ നിന്ന് പിന്തിരിയേണ്ടി വന്നു.

ഒരുപാട് നേരത്തെ തന്നെ അദ്ദേഹത്തെ (ഇര്‍ഫാന്‍ ഖാന്‍) നമുക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മാവും ആശിര്‍വാദവും ഞങ്ങള്‍ക്കൊപ്പമുള്ളതായി തോന്നി.

വിക്കി കൗശല്‍
വിക്കി കൗശല്‍, സര്‍ദാര്‍ ഉദ്ദം

ലോകത്തെ ഏറ്റവും മികച്ച നടന്‍മാരിലൊരാളായിരുന്നു ഇര്‍ഫാന്‍ ഖാന്‍. അദ്ദേഹം ചെയ്ത വര്‍ക്കിന്റെ ക്വാളിറ്റി നോക്കൂ. നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് പകരക്കാരനാകാനുള്ള ശ്രമമായിരുന്നില്ല ഇത്. എനിക്കൊരിക്കലും അത് സാധ്യമാകില്ലെന്ന് അറിയാമായിരുന്നു. എന്റെ ശേഷി ഏറ്റവും മികച്ചതാക്കി അഭിനയിക്കുകയായിരുന്നു ലക്ഷ്യം. ഷൂജിത് സര്‍ക്കാരിന്റെ സര്‍ദ്ദാര്‍ ഉദ്ദമിന് വേണ്ടി തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിക്കുകയാണ് ചെയ്തതെന്നും വിക്കി കൗശല്‍ കൂട്ടിച്ചേര്‍ത്തു.