മോന്‍സണെതിരായ പോക്‌സോ കേസ്: ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി, പരാതി

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. കോടതിയില്‍ രഹസ്യമൊഴിയെടുക്കുന്നതിന് മുമ്പുള്ള വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം. വൈദ്യപരിശോധനയ്‌ക്കെത്തിയ തന്നോട് ഡോക്ടര്‍മാര്‍ മോന്‍സന് അനുകൂലമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പെണ്‍കുട്ടി ഡോക്ടര്‍മാര്‍ക്കെതിരെ കളമശ്ശേരി പൊലീസില്‍ പരാതി നല്‍കി.

വൈദ്യപരിശോധനയ്ക്കായി ആലുവ താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും അവിടെ ഗൈനക്കോളജിസ്റ്റില്ലാതിരുന്നതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളെജിലേക്ക് പോയി. ആന്റിജന്‍ പരിശോധനയ്ക്ക് ശേഷം ഒപിയിലെത്താനായാരുന്നു അവിടെനിന്ന് കിട്ടിയ നിര്‍ദ്ദേശം. ഇതനുസരിച്ച് ഒ.പിയിലെത്തിയെങ്കിലും ഡോക്ടര്‍മാര്‍ പരിശോധന വൈകിപ്പിച്ചു. ആര്‍ത്തവമായിരുന്നതിനാല്‍ വൈദ്യ പരിശോധന സാധ്യമല്ല എന്ന റിപ്പോര്‍ട്ടാണ് ഡോക്ടര്‍മാര്‍ നല്‍കേണ്ടിരുന്നത്.

എന്നാല്‍, അതിന് തയ്യാറാവാതിരുന്ന ഡോക്ടര്‍മാര്‍ തന്നെ മുറിയിലേക്ക് വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചെന്നും മോന്‍സന്റെ വീട്ടില്‍ താനും അമ്മയും പോയത് എന്തിനാണ് എന്നടക്കമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മോന്‍സനെ അനുകൂലിച്ചും തന്നെ ഭീഷണിപ്പെടുത്തിയും ഡോക്ടര്‍മാര്‍ സംസാരിച്ചു. ബന്ധു ഭക്ഷണവുമായി വന്നപ്പോള്‍ മുറി അകത്തുനിന്നും പൂട്ടി. തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്ന് ബന്ധുവിനോടൊപ്പം പുറത്തേക്കോടുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.

ഇക്കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുമ്പാകെയറിയിച്ചു. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി വൈദ്യപരിശോധി നടത്തിയെന്നും പെണ്‍കുട്ടി അറിയിച്ചു. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് പെണ്‍കുട്ടി ഡോക്ടര്‍മാര്‍ക്കെതിരായ പരാതിയുമായി കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയത്. ആ സമയത്ത് സ്‌റ്റേഷനില്‍ വനിതാ ഉദ്യോഗസ്ഥരില്ലെന്നും വ്യാഴാഴ്ച രാവിലെ നേരിട്ടെത്തി പരാതി രേഖാമൂലം നല്‍കണമെന്നാണ് പൊലീസ് അറിയിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അറിയേണ്ട കാര്യങ്ങള്‍ മാത്രമാണ് പെണ്‍കുട്ടിയോട് ചോദിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.