മാസ്കിടാതെ പുറത്തിറങ്ങി നടന്ന വൃദ്ധയെ കൊവിഡ് ലോക്ഡൗണ്‍ നിരീക്ഷണത്തിനിറങ്ങിയ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. മലപ്പുറം എടക്കര മൂത്തേടം ചോളമുണ്ട സ്വദേശി ആയിഷയോട് സെക്ടറര്‍ മജിസ്ട്രേറ്റായ ഉദ്യോഗസ്ഥ സംസാരിക്കുന്നതിന്റെ വീഡിയോയാണ് വിവാദമായത്. മകളുടെ വീട്ടില്‍ കുളിക്കാന്‍ പോകുകയാണെന്ന് വിശദീകരണം നല്‍കിയിട്ടും വൃദ്ധയെ റോഡില്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന് വിമര്‍ശനമുയര്‍ന്നു.
ലോക്ഡൗണ്‍ മാനദണ്ഡങ്ങളേക്കുറിച്ച് അറിവില്ലായിരുന്ന അയിഷയില്‍ നിന്നും 500 രൂപ ഫൈന്‍ ഈടാക്കാന്‍ ശ്രമിച്ചെന്നും പ്രചാരണങ്ങളുണ്ടായി. പണം ഈടാക്കിയില്ലെന്ന് വ്യക്തമാക്കി അയിഷയുടെ മക്കള്‍ തന്നെ രംഗത്തെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. തങ്ങളെ അപമാനിക്കാനാണ് ശ്രമിച്ചതെന്ന് അയിഷയുടെ മക്കള്‍ മീഡിയ വണ്ണിനോട് പ്രതികരിച്ചു.
കുടുംബങ്ങളെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തതായിട്ടാണ് ഞങ്ങള്‍ അതിനെ കാണുന്നത്. മകന് എന്ന നിലയില്‍ പൊതുസമൂഹത്തിന് മുന്നില്‍ നമ്മള് തരംതാഴുകയാണ്.
മക്കള്‍
ഞമ്മള് ഉമ്മയെ നോക്കുന്നില്ലെന്ന തരത്തിലാണ് ചിത്രീകരിക്കപ്പെടുക. അത് തെളിയിക്കേണ്ട അവസ്ഥയിലാണെന്നും മക്കള്‍ പറഞ്ഞു. പരിഹസിക്കാന്‍ വേണ്ടിയല്ല വീഡിയോ ചിത്രീകരിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഹംസയുടെ പ്രതികരണം.
ആ ഉമ്മ പറഞ്ഞത് കേട്ടപ്പോള്‍ എന്റെ ഉമ്മ സംസാരിക്കുന്നതുപോലെ തോന്നി. എന്റെ ഉമ്മയ്ക്കും കുട്ടികള്‍ക്കും കാണാന്‍ വേണ്ടിയാണ് വീഡിയോ എടുത്തത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടില്ല. ഇതിന്റെ കാരണത്താല്‍ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ മാപ്പ് ചോദിക്കുന്നു.
ഹംസ
ഫൈന്‍ ഈടാക്കിയിട്ടില്ലെന്നും പേപ്പറില്‍ താക്കീത് എഴുതി നല്കുകയാണുണ്ടായതെന്നുമാണ് മൂത്തേടം സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വിശദീകരണം. വീഡിയോ ചിത്രീകരിച്ചത് താനോ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോ അറിഞ്ഞിട്ടില്ലെന്നും സെക്ടറല്‍ മജിസ്ട്രേറ്റ് പറഞ്ഞു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥയോട് തഹസില്‍ദാര്‍ രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്.