കൊവിഡ് പടർത്തിയതിന് യുവാവിന് അഞ്ചുവർഷം തടവ്; കടുത്ത ശിക്ഷാ നടപടികളുമായി വിയറ്റ്നാം

ഹാനോയ്: നിരവധിയാളുകളിലേക്ക് കൊവിഡ് വ്യാപിക്കുന്നതിന് കാരണക്കാരനായി എന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവാവിന് അഞ്ചുവർഷം ജയിൽശിക്ഷ വിധിച്ച് വിയറ്റ്‌നാം കോടതി. കൊവിഡ് വ്യാപന കേന്ദ്രമായ ഹോ ചി മിൻ സിറ്റിയിൽ നിന്നും യാത്ര ചെയ്‌ത്‌ സ്വന്തം നാട്ടിലെത്തിയ 28 കാരൻ ലെ വാൻ ട്രി നിർബന്ധിത ഹോം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ യുവാവ് ഇത് ലംഘിക്കുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്കുളിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതാണ് ശിക്ഷാ നടപടികൾക്ക് കാരണമായത്. ഈ വർഷം തുടക്കത്തിൽ നാമമാത്രമായ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്ന വിയറ്റ്‌നാം ഇപ്പോൾ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.

‘ഈ ക്വാറന്റൈന്‍ ലംഘനം കൂടുതൽ ആളുകളിലേക്ക് കൊവിഡ് ബാധിക്കുന്നതിന് കാരണമായി. അതിൽ ഒരാൾ ആഗസ്റ്റ് ഏഴിന് മരണപ്പെടുകയും ചെയ്‌തു,’ എന്നാണ് പ്രവിശ്യാ കോടതിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കുറഞ്ഞത് എട്ട് പേർക്കെങ്കിലും വാൻ ട്രിയിൽ നിന്നും നേരിട്ട് കൊവിഡ് ബാധിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോട്ടോർ സൈക്കിളിലായിരുന്നു വാൻ ട്രി യാത്ര ചെയ്‌തിരുന്നത്‌. കൊവിഡ് പോസിറ്റിവ് ആയതിന് ശേഷവും യുവാവ് യാത്രാവിവരങ്ങൾ അധികൃതരിൽ നിന്നും മറച്ചുവെക്കുകയും ചെയ്‌തു.

വിയറ്റ്നാമിൽ കൊവിഡ് കുതിച്ചുയരുകയാണ്. 540,000 കേസുകളും 13,000 മരണങ്ങളും ചുരുങ്ങിയ കാലയളവിനുള്ളിൽ രജിസ്റ്റർ ചെയ്‌തുകഴിഞ്ഞു. ഏപ്രിൽ മുതലാണ് കേസുകൾ ക്രമാതീതമായി വർധിക്കാൻ തുടങ്ങിയത്. തലസ്ഥാന നഗരിയായ ഹാനോയിയിലും വാണിജ്യകേന്ദ്രമായ ഹോ ചി മിൻ സിറ്റിയിലും വിവിധ പ്രദേശങ്ങൾ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

ഹോ ചി മിൻ സിറ്റി കൊവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. 94 ശതമാനമാണ് ഇവിടെ മരണനിരക്ക് എന്നാണ് അനൗദ്യോഗിക കണക്കുകൾ. 90 ലക്ഷം ജനസംഖ്യയുള്ള ഹോചിമിൻ സിറ്റിയിലാണ് വിയറ്റ്നാമിലെ 80 ശതമാനം കേസുകളും. ഹോസ്പിറ്റലുകൾ നിറഞ്ഞ് കവിഞ്ഞ സ്ഥിതിയാണുള്ളത്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്നും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇവിടേക്ക് കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. കൊവിഡ് ബാധിച്ചവരും അല്ലാത്തവരും ഭക്ഷ്യ ക്ഷാമവും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പടർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മറ്റു രണ്ടാളുകളും വിയറ്റ്നാമിൽ ശിക്ഷ നേരിടുന്നുണ്ട്. എന്നാൽ അഞ്ചുവർഷം തടവ്‌ പോലെയുള്ള വലിയ ശിക്ഷ ഇത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.