പൃഥ്വിരാജിന്റെ പൊലീസ് സ്റ്റോറി ചിത്രം കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. തനു ബാലക് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ പൃഥ്വിയുടെ ആദ്യ ഡയറക്ട് ഒടിടി റിലീസാണ്. കോള്‍ഡ് കേസ് ജൂണ്‍ 30ന് പ്രീമിയര്‍ ചെയ്യുമെന്ന് ആമസോണ്‍ പ്രൈം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ അറിയിച്ചു.
കൊലപാതകം, നിഗൂഢത, കുറ്റകൃത്യം, പിന്നെ സസ്പെന്‍സും. ത്രില്ലടിക്കാന്‍ തയ്യാര്‍.
ആമസോണ്‍ പ്രൈം
പ്രീമിയര്‍ തീയതി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പോസ്റ്റുകളില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള പ്രേക്ഷകര്‍ പ്രതികരണവുമായെത്തി. ഏതൊക്കെ ഭാഷകളില്‍ റിലീസ് ചെയ്യുമെന്ന് ആമസോണ്‍ വ്യക്തമാക്കത്തെന്താണെന്ന് വലിയൊരു വിഭാഗമാളുകള്‍ ആരാഞ്ഞു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഡബ്ബ് ചെയ്ത വേര്‍ഷനുകള്‍ കൂടി ജൂണ്‍ 30ന് തന്നെ പുറത്തുവിടണമെന്നാണ് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന. ട്രെയിലറിന് വേണ്ടി കട്ട വെയ്റ്റിങ്ങാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
‘ഇവരെ വിശ്വസിക്കാന്‍ പറ്റില്ല. ഫാമിലി മാന്‍ ട്രെയ്ലര് തമിഴിലും തെലുങ്കിലും റിലീസ് ചെയ്തിട്ട് സീരീസ് ലോഞ്ച് ചെയ്തപ്പോള്‍ ഹിന്ദിയില്‍ മാത്രമാണുണ്ടായിരുന്നത്.’ എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവിധ ഭാഷക്കാരായവരില് നിന്ന് ഡിമാന്‍ഡ് ഉയര്‍ന്നതോടെ ആമസോണ്‍ ഹെല്പ് സെന്ററിന് ഇടപെടേണ്ടി വന്നു.
നിങ്ങളുടെ ഭാഷാപരമായ മുന്‍ഗണനകളും താല്പര്യങ്ങളും ബന്ധപ്പെട്ടവരെ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ വഴിയെ അപ്ഡേറ്റ് ചെയ്യും.
ആമസോണ്‍ ഹെല്പ്
ഇതുവരെ ഡബ്ബ്ഡ് വേര്‍ഷന്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ആമസോണ്‍ നടത്തിയിട്ടില്ലെന്നും ഹെല്പ് സെന്റര്‍ ട്വീറ്റ് ചെയ്തു. റിലീസിന് 13 ദിവസം മാത്രം ശേഷിക്കെ ഡബ്ബ് ചെയ്ത കോള്‍ഡ് കേസ് എത്തുമോയെന്ന് കണ്ടു തന്നെ അറിയണം.
പരസ്യചിത്ര രംഗത്തും ഛായാഗ്രഹണത്തിലും ശ്രദ്ധേയനായ തനു ബാലകിന്റെ ആദ്യ മുഴുനീള ചിത്രമാണ് കോള്‍ഡ് കേസ്. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സാങ്കല്പിക കഥയാണ് കോള്‍ഡ് കേസിന്റേതെന്നും ആക്ഷന്‍ സ്വീക്വന്‍സുകള്‍ ഉണ്ടാകില്ലെന്നും തനു ബാലക് പറഞ്ഞിട്ടുണ്ട്. ‘അരുവി’ ഫെയിം അതിഥി ബാലന് പ്രധാന റോളിലുണ്ട്.
ഗിരീഷ് ഗംഗാധരനും ജോമോന് ടി ജോണും ചേര്‍ന്നാണ് ഛായാഗ്രഹണം. സംഗീത സംവിധാനം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന് ചാലിശ്ശേരി. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 31നാണ് തിരുവനന്തപുരത്ത് കോള്‍ഡ് കേസിന്റെ ചിത്രീകരണം ആരംഭിച്ചത്. ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളായി ചിത്രീകരിച്ച കോള്‍ഡ് കേസ് മാസങ്ങള്‍ക്ക് മുന്‍പേ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. തിയേറ്ററുകള്‍ നൂറ് ശതമാനം സീറ്റിങ്ങ് കപ്പാസിറ്റിയുണ്ടെങ്കില് മാത്രമേ കോള്‍ഡ് കേസ് ലാഭത്തിലാകൂയെന്നും ഒടിടി റിലീസിന് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ആന്റോ ജോസഫ് ഫിലിം ചേംബറിന് കത്തയച്ചിരുന്നു.