വിസ്മയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് ഭര്‍ത്താവിന്റെ മൊഴി; ‘വീട്ടില്‍ പോകണമെന്ന് പറഞ്ഞു, ബാത്ത്‌റൂമിന്റെ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടു’

കൊല്ലം: കഴിഞ്ഞ ദിവസം ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ താന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ എസ്. വിസ്മയ അയച്ച വാട്‌സാപ്പ് സന്ദേശങ്ങളിലുള്ളത് മുമ്പ് താന്‍ മര്‍ദ്ദിച്ചതിന്റെ പാടുകളാണെന്നും കിരണ്‍ സമ്മതിച്ചു. വിസ്മയയുടേത് ആത്മഹത്യയാണെന്നാണ് കിരണിന്റെ മൊഴി.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് ഇപ്പോള്‍ കുറ്റം ചുമത്തിയിരിക്കുന്നത്. വിസ്മയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം മറ്റ് വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ വിസ്മയയുമായി വഴക്കിട്ടിരുന്നെന്നും വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നെന്നും തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നെന്നുമാണ് കിരണ്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം ബാത്ത്‌റൂമില്‍ പോയ വിസ്മയ വരാന്‍ വൈകിയപ്പോള്‍ താന്‍ വാതില്‍ ചവിട്ടിത്തുറന്നു. അപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെതെന്നും കിരണ്‍ പറയുന്നു.

Also Read: ‘കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ച് പറയൂ’; സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയണമെന്ന് സിതാര

കിരണിന്റെ മാതാപിതാക്കളും മകളെ മര്‍ദ്ദിച്ചിരുന്നെന്ന വിസ്മയയുടെ അച്ഛന്റെ മൊഴിയില്‍ അവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, തനിക്ക് ഇതിലും കൂടുതല്‍ സ്ത്രീധനം ലഭിക്കും എന്ന് പറഞ്ഞാണ് കിരണ്‍ വിസ്മയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതെന്ന് സഹോദരന്‍ വിജിത്ത് പറഞ്ഞു. സ്വര്‍ണാഭരണങ്ങളും ഒന്നര ഏക്കര്‍ സ്ഥലവും 12 ലക്ഷം രൂപയുടെ കാറും വിവാഹസമയത്ത് നല്‍കിയിരുന്നു. ഇതിലും വില കൂടിയ കാറും പത്ത് ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു കിരണ്‍ ആവശ്യപ്പെട്ടിരുന്നതെന്നും വിസ്മയയുടെ സഹോദരന്‍ വെളിപ്പെടുത്തി.