പാലത്തായിലും വാളയാറും ശ്രീറാം വെങ്കിട്ടരാമനിലുമുണ്ടായത് വിസ്മയയുടെ കാര്യത്തിലുണ്ടാവരുതെന്ന് കെ സുധാകരന്‍; ‘മറ്റൊരു വീട്ടില്‍ നരകിക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തം കാലില്‍നില്‍ക്കുന്ന പെണ്‍കുട്ടികളാണ്’

തിരുവനന്തപുരം: കൊല്ലത്ത് 24കാരി വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായി കൊല്ലപ്പെട്ടത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്. സ്വപ്‌നങ്ങളെല്ലാം മാറ്റിവെച്ച് ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകേണ്ടി വരുന്ന ഒരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന് നേരെ ഇനിയും കണ്ണടയ്ക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

വിവാഹം എന്നാല്‍ രണ്ടു പേര്‍ തമ്മില്‍ പരസ്പരം സ്‌നേഹിച്ച് സഹകരിച്ച് സന്തോഷത്തോടെ നയിക്കേണ്ട കാര്യമാണെന്നുള്ളത് യുവാക്കളും അവരുടെ മാതാപിതാക്കളും മറന്നു പോകുന്നുവെന്നത് ഖേദകരമാണ്. പലപ്പോഴും പെണ്‍കുട്ടിയുടെ ആത്മാഭിമാനവും അന്തസ്സും നാലു ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമാക്കപ്പെടുകയാണ്. നിരപരാധികളായ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം സമൂഹം ഉണരുന്നതും പ്രതികരിക്കുന്നതും നിരര്‍ത്ഥകമാണ്.
മരിച്ച് മണ്ണടിഞ്ഞ് ഓര്‍മകള്‍ ആയി മാറുന്ന സ്വന്തം മകളെക്കാള്‍ നല്ലത്, ഭര്‍ത്താവ് ഇല്ലാതെ കൂടെ വന്ന് നില്‍ക്കുന്ന മകള്‍ തന്നെയാണെന്നും, മറ്റൊരു വീട്ടില്‍ നരകിച്ചു ജീവിക്കുന്ന പെണ്‍കുട്ടികളെക്കാള്‍ നല്ലത് സ്വന്തം കാലില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്‍കുട്ടികള്‍ ആണെന്നും മാതാപിതാക്കള്‍ തിരിച്ചറിയണമെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘സഹിക്കാന്‍ പറ്റാത്ത പീഡനങ്ങള്‍ ആരോടും പറയാതെ ഒതുങ്ങി ജീവിക്കാനല്ല നാം പെണ്‍കുട്ടികളോട് പറയേണ്ടത്. പ്രശ്‌നങ്ങള്‍ ഏതു സമയത്തും വീട്ടുകാരോട് പറയണം. വേണ്ടിവന്നാല്‍ നിയമസഹായം തേടണം. ഏത് സാഹചര്യത്തിലും കൂടെയുണ്ട് എന്ന് സ്വന്തം പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തണം. അവര്‍ക്ക് കരുത്ത് പകരണം. സര്‍വ്വോപരി വിദ്യാഭ്യാസം നേടാനും ജോലി സമ്പാദിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും നമ്മുടെ പെണ്‍കുട്ടികളെ പ്രാപ്തരാക്കുക. സ്‌നേഹത്തിന്റേയൊ കുടുംബ അഭിമാനത്തിന്റെയോ പേര് പറഞ്ഞ് നടത്തുന്ന ശാരീരികവും മാനസീകവുമായ എല്ലാ ബലപ്രയോഗത്തോടും നോ കോംപ്രമൈസ് എന്ന് പറയാന്‍ പെണ്‍മക്കള്‍ക്ക് ധൈര്യം പകരുക’, അദ്ദേഹം പറഞ്ഞു.

Also Read: വിസ്മയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് ഭര്‍ത്താവിന്റെ മൊഴി; ‘വീട്ടില്‍ പോകണമെന്ന് പറഞ്ഞു, ബാത്ത്‌റൂമിന്റെ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടു’

സ്വന്തം വരുമാനം കൊണ്ട് ജീവിതം നയിക്കാന്‍ പ്രാപ്തിയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ മാത്രം കൂടെ ജീവിക്കാന്‍ ഒരു പങ്കാളിയെ തെരഞ്ഞെടുക്കാവൂ എന്ന ഉപദേശം യുവാക്കള്‍ക്ക് നല്‍കിയാണ് സുധാകരന്റെ കുറിപ്പ്. പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ കൈയ്യിലെ സമ്പാദ്യം കൊണ്ട് മനക്കോട്ട കെട്ടുന്ന അപമാനകരമായ മാനസികാവസ്ഥയില്‍ നിന്ന് യുവതലമുറ പിന്‍മാറണം. വിസ്മയയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നവമാധ്യമങ്ങള്‍ സജീവമായി ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നിട്ട് കൂടി പരസ്യമായിതന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയയെ ഉപദ്രവിച്ചിരുന്നു എന്നത് ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ തന്നെ പരാജയം ആണ് വെളിവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീധനത്തിന്റെയോ ഗാര്‍ഹിക പീഡനത്തിന്റെയൊ പേരില്‍ ഇനി ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിസ്മയയുടെ ഘാതകരെ അനുവദിക്കരുത്. പാലത്തായിയിലും വാളയാറിലും അടക്കം ആഭ്യന്തര വകുപ്പിനുണ്ടായ കുറ്റകരമായ അനാസ്ഥ സ്തീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ഇനി ഉണ്ടാകരുതെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ‘ഇവന്റെയൊക്കെ കുട്ടികളെ നൊന്ത് പെറുന്നതിന് സ്ത്രീധനം ഇങ്ങോട്ട് കിട്ടണം’; സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാന്‍ നില്‍ക്കുന്നവനെ അവഗണിക്കണമെന്ന് പാര്‍വ്വതി ഷോണ്‍