ഒപ്പമുണ്ട്; കെകെ ശൈലജ വിസ്മയയുടെ വീട്ടിലെത്തി, ‘ഓരോ വ്യക്തിയും നിലപാടുകള്‍ സ്വീകരിക്കണം’

കൊല്ലം: ഭര്‍ത്താവിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓര്‍മിപ്പിക്കുകയാണെന്ന് സന്ദര്‍ശനത്തിന് ശേഷം കെകെ ശൈലജ പറഞ്ഞു.

‘വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു’, അവര്‍ വ്യക്തമാക്കി.

സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നു. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബഹുജനങ്ങള്‍ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ ഈ അവസരത്തില്‍ തയ്യാറാവണം. ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

Also Read: വിസ്മയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് ഭര്‍ത്താവിന്റെ മൊഴി; ‘വീട്ടില്‍ പോകണമെന്ന് പറഞ്ഞു, ബാത്ത്‌റൂമിന്റെ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടു’

കഴിഞ്ഞ ദിവസമാണ് 24 കാരിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങളെത്തുടര്‍ന്നാണ് മരണമെന്നാണ് വിവരം. മരണത്തില്‍ വിസ്മയയുടെ കുടുംബം ദുരൂഹതയാരോപിക്കുകയും ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിസ്മയയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിന്റെ മൊഴി. ഇയാളെ ജോലിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.