‘സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് കിരണ്‍ കുമാര്‍ വിവാഹാലോചനയുമായെത്തിയത്’; വിവാഹം കഴിഞ്ഞതോടെ യഥാര്‍ത്ഥമുഖം പുറത്തുവന്നെന്ന് വിസ്മയയുടെ വീട്ടുകാര്‍

കൊല്ലം: ശാസ്താംകോട്ടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടില്‍ സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാറും കുടുംബവും വിവാഹാലോചനയുമായി എത്തിയതെന്ന് കുടുംബം. പക്ഷെ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നതെന്നും വിസ്മയയുടെ കുടുംബം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അവരുടെ പ്രതികരണം.

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും 100 പവന്‍ സ്വര്‍ണ്ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും 10 ലക്ഷം രൂപ വില വരുന്ന കാറും സ്ത്രീധനമായി നല്‍കി. വിവാഹം കഴിഞ്ഞതിന് ശേഷമാണ് കിരണിന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നത്. സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുംബം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൂരനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണത്തില്‍ നിര്‍ണായകമാകും. മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനാണ് എസ് കിരണ്‍ കുമാര്‍. കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് സ്വദേശി ത്രിവിക്രമന്‍നായരുടേയും സജിതയുടേയും മകളായ വിസ്മയയെ വിവാഹം കഴിച്ചത്.

വിസ്മയയുടേത് കൊലപാതകമാണെന്ന് സഹോദരന്‍ വിജിത്ത് പറഞ്ഞു. വിസ്മയ നിരന്തരം സ്ത്രീധന പീഡനം അനുഭവിച്ചിരുന്നു. വീട്ടില്‍ വന്ന് നില്‍ക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്ന സ്വാധീനം ഉപയോഗിച്ച് കിരണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വിസ്മയയുടെ കുടുംബം പറഞ്ഞു.