അര്‍ച്ചനയുടെ മരണം: മൃതദേഹവുമായി റോഡില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഭര്‍തൃഗൃഹത്തില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹമുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. മരിച്ച അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിലാണ് പ്രതിഷേധം. അര്‍ച്ചനയുടെ മരണത്തില്‍ സുരേഷിന് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

മൃതദേഹവുമായെത്തിയ ആംബലുന്‍സ് റോഡിന് കുറുകെയിട്ടായിരുന്നു പ്രതിഷേധം. നാട്ടുകാരടക്കം റോഡുപരോധത്തില്‍ പങ്കെടുത്തതോടെ കോവളം എംഎല്‍എ എം വിന്‍സന്റും ജനപ്രതിനിധികളും സ്ഥലത്തെത്തി. ഇവര്‍ പൊലീസിനോട് സംസാരിച്ചതിന് ശേഷം സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്ന ഇറപ്പ് പ്രതിഷേധക്കാര്‍ക്ക് നല്‍കി. അതിന് ശേഷമാണ് ഉപരോധം പിന്‍വലിച്ചത്. സുരേഷിനെ വിശമായി ചോദ്യം ചെയ്യുമെന്നും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും തിരുവനന്തപുരം തഹസില്‍ദാര്‍ ഉറപ്പുനല്‍കി.

Also Read: ‘നേഴ്‌സിങ് കഴിഞ്ഞ കൊച്ചാ, അസ്ഥി ഉരുകുന്നപോലെ അവള്‍ ഉരുകി സഹിച്ചു’; അര്‍ച്ചനയുടെ ഭര്‍ത്താവ് തലേദിവസം ഡീസല്‍ വാങ്ങിവെച്ചിരുന്നെന്ന് അച്ഛന്‍

കഴിഞ്ഞ ദിവസം രാത്രിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ അര്‍ച്ചനയെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

ആര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു. സംഭവത്തിന്റെ തലേന്ന് സുരേഷ് വീട്ടില്‍ ഡീസല്‍ വാങ്ങി വെച്ചിരുന്നെന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.