തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിടവാങ്ങിയിട്ട് ജൂണ്‍ 18ന് ഒരു വര്‍ഷം തികയുകയാണ്. ഓര്‍മ്മ ദിനത്തില്‍ സച്ചിയെ ഓര്‍ക്കുകയാണ് വികെ പ്രശാന്ത് എംഎല്‍എ.
പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും ഇടയില്‍ ഇരിക്കുന്ന സച്ചിയുടെ ചിത്രം പങ്കുവെച്ചാണ് വികെ പ്രശാന്ത് സച്ചിയെ ഓര്‍മ്മിച്ചത്. ആ വിടവിന് ഒരു വര്‍ഷം എന്ന് കുറിക്കുകയും ചെയ്തു.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും സച്ചിയുടെ ഓര്‍മ്മ പങ്കുവെച്ചു. ഫേസ്ബുക്കിലൂടെയാണ് ഓര്‍മ്മ പങ്കുവെച്ചത്.
‘വര്‍ഷങ്ങളുടെ കഠിന ശ്രമങ്ങള്‍ക്കൊടുവില്‍
ഉച്ച സൂര്യനെപ്പോലെ ചലച്ചിത്ര ജീവിതത്തില്‍ കത്തി ജ്വലിച്ചു നില്ക്കുമ്പോള് അപ്രതീക്ഷിതമായി വിടവാങ്ങിയ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന കെ ആര് സച്ചിതാനന്ദന് വിടപറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു .
അവസാന സിനിമയായ ‘ അയ്യപ്പനും കോശിയും’ ലൂടെ പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റിയ സച്ചിയുടെ വിയോഗ വാര്‍ത്ത വലിയ ഞെട്ടലോടെയായായിരുന്നു സിനിമാ ലോകവും പ്രേക്ഷകരും അറിഞ്ഞത് .
നിയമ ബിരുദധാരിയായ സച്ചി സുഹൃത്ത് സേതുവുമൊന്നിച്ച് സച്ചി – സേതു എന്ന പേരില്‍ ചോക്കളേറ്റ് ( 2007) , റോബിന്‍ഹുഡ് ( 2009 ) , സീനിയേഴ്സ് (2011) , മെയ്ക്കപ്പ് മേന്‍ ( 2011 ), ഡബിള്‍സ് ( 2011 ) എന്നീ സിനിമകള്‍ക്ക് ശേഷം സ്വതന്ത്ര രചയിതാവായി റണ്‍ ബേബി റണ്‍ ( 2012 ), ചേട്ടായീസ് ( 2012 ) , രാമലീല ( 2017 ), ഡ്രൈവിംഗ് ലൈസന്‍സ് ( 2019 ) എന്നി ചിത്രങ്ങള്‍ ചെയ്തു . 2017 ല്‍ ഷെര്‍ലക്ക് ടോംസ് എന്ന ചിത്രത്തില്‍ നജിം കോയ , ഷാഫി എന്നിവര്‍ക്കൊപ്പം സഹ രചയിതാവായി .
അനാര്‍ക്കലി ( 2015 ), അയ്യപ്പനും കോശിയും (2020 ) എന്നിവയാണ് എഴുതി സംവിധാനം ചെയ്ത സിനിമകള്‍.
കവി , തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് , ചലച്ചിത്ര സഹനിര്‍മ്മാതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു .
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഓര്‍മ്മപ്പൂക്കള്‍ ..!’