ജയ സ്മാരകത്തിലെത്തി ശശികല; ‘അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും, ജയലളിതയുടെ ആഗ്രഹം നടപ്പാക്കും’

ചെന്നൈ: നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം ജയ സമാധിയിലെത്തി വി.കെ ശശികല. സ്മാരകത്തിന് മുമ്പിലെത്തി വിതുമ്പി കരഞ്ഞ ശശികല എഐഎഡിഎംകെക്ക് നല്ല ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പിലാക്കുമെന്നും പറഞ്ഞു.

എഐഎഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പിലാക്കാന്‍ രംഗത്തിറങ്ങണം. പാര്‍ട്ടിക്ക് വരാനിരിക്കുന്നത് നല്ല കാലമെന്നും പ്രവര്‍ത്തകരോട് ശശികല പറഞ്ഞു.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ശശികല ആദ്യമായാണ് ജയ സ്മാരകത്തിലെത്തുന്നത്. ജയിലില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പാണ് അവസാനമായി ശശികല സ്മാരകത്തിലെത്തിയിരുന്നത്.

മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജെ ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല തമിഴ്നാടിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന യാത്രക്കൊരുങ്ങുകയാണ്. തിരികെയെത്തി എഐഎഡിഎംകെയുടെ നേതൃത്വം തിരിച്ചുപിടിക്കുക തന്നെയാണ് ശശികലയുടെ ലക്ഷ്യം.

പാര്‍ട്ടി മുതിര്‍ന്ന നേതാക്കളായ ഒ പനീര്‍ശെല്‍വവും ഇ പഴനിസ്വാമിയും തമ്മിലുള്ള തര്‍ക്കം എഐഎഡിഎംകെയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ഈയവസ്ഥ മാറണമെങ്കില്‍ കാര്യമായ മാറ്റം നേതൃത്വത്തില്‍ സംഭവിക്കണമെന്നും അവര്‍ കരുതുന്നു.

2021 നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് താന്‍ സജീവരാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് ശശികല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2021 ജനുവരി 27ന് ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ സജീവരാഷ്ട്രീയത്തിലിറങ്ങാന്‍ തന്നെയായിരുന്നു ശശികലയുടെ നീക്കം. പക്ഷെ പനീര്‍ശെല്‍വവും പഴനിസ്വാമിയും ചേര്‍ന്ന് ഈ നീക്കം തടയുകയായിരുന്നു.

മെയ് മാസത്തില്‍ ഡിഎംകെ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം എഐഎഡിഎംകെയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. പനീര്‍ശെല്‍വവും പഴനിസ്വാമിയും വെവ്വേറെ പ്രസ്താവനകള്‍ ഇറക്കുകയും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തുവരികയാണ്.

ശശികലയാവട്ടെ ഈ സമയങ്ങളിലെല്ലാം നിശബ്ദമായി എതിരഭിപ്രായമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും കാണുകയും സംസാരിക്കുകയുമായിരുന്നു. ചെന്നൈയിലെ വസതിയില്‍ പ്രൊഫഷണലുകളുടെ ഒരു സംഘവും ശശികലക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ശശികലക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.

ഒമ്പത് ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പുകളില്‍ എഐഎഡിഎംകെക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യം തന്റെ മടങ്ങിവരവിനുള്ള യഥാര്‍ത്ഥ സമയമായാണ് ശശികല ഇപ്പോള്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ശശികലക്ക് എഐഎഡിഎംകെ പിടിച്ചെടുക്കാനും കഴിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം അഭിപ്രായപ്പെടുന്നത്.