‘കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തീവ്രവാദം’; ആന്റണി-കരുണാകരന്‍ കാലത്ത് അതായിരുന്നില്ലെന്ന് വിഎം സുധീരന്‍, മാറ്റം ആരെയും വേദനിപ്പിക്കരുത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഗ്രൂപ്പുകള്‍ക്കെതിരെ തിരിഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കഴിവുള്ളവര്‍ തെരഞ്ഞെടുപ്പില്‍പ്പോലും ഗ്രൂപ്പുകാരണം പിന്തള്ളപ്പെട്ടു. ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശന്റെ നിയമനമെന്നും സുധീരന്‍ പറഞ്ഞു.

‘ആന്റണി-കരുണാകരന്‍ കാലഘട്ടത്തിന് ശേഷം ഉയര്‍ന്നുവന്ന ഗ്രൂപ്പിസം വിനാശകരമായ ഗ്രൂപ്പിസമാണ്. അവിടെ കഴിവിന് ഒരു സ്ഥാനവുമില്ല. അത്തരം അനാരോഗ്യകരമായ ഗ്രൂപ്പ് തീവ്രവാദം കോണ്‍ഗ്രസിന് വലിയ ദോഷമുണ്ടാക്കി. അതിനൊരു മാറ്റമുണ്ടാവണമെന്ന് ആത്മാര്‍ത്ഥയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളുടെയും അദമ്യമായ ആഗ്രഹമാണ്. അതിനുള്ള നല്ല തീരുമാനമാണ് വിഡി സതീശനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി നിയോഗിച്ചതിലൂടെ സാധ്യമാവുന്നത്’, സുധീരന്‍ പറഞ്ഞു.

ഈ നല്ല തുടക്കത്തിന്റെ ചുവടുപിടിച്ചുകൊണ്ട് മുകള്‍ത്തട്ടുമുതല്‍ താഴെത്തലം വരെ അടിമുടി സമൂലമായ മാറ്റമുണ്ടാവണം. അത് ഗുണപരമായ മാറ്റമായിരിക്കണം. ആരെയും ഉപദ്രവിച്ചുകൊണ്ടാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രൂപ്പ് തീവ്രവാദത്തിന്റെ പരിണിത ഫലമാണ് കോണ്‍ഗ്രസിന് അനുഭവിക്കേണ്ടി വന്നത്. തന്റെ സമയത്ത് നിര്‍ണായക ഘട്ടങ്ങളില്‍ ഗ്രൂപ്പ് നേതാക്കളെ മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. പലപ്പോഴും സഹകരണം ലഭിക്കാതിരുന്നതോടെയാണ് അന്ന് ഒഴിഞ്ഞതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.