‘അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിക്കൊടുത്തത് ഞാന്‍’; പണം തിരിച്ചുചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് മോന്‍സണ്‍ പറയുന്നതായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: വിദേശ മലയാളി അനിതാ പുല്ലയിലിനെതിരെ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റേതെന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. അനിത പുല്ലയിലിന്റെ അനിയത്തിയുടെ വിവാഹത്തിന്റെ സാമ്പത്തിക ചെലവുകള്‍ നടത്തിയത് താനാണെന്നും ഇത് തിരിച്ചുചോദിച്ചതു മുതലാണ് അനിതയ്ക്ക് തന്നോട് വൈരാഗ്യമുണ്ടായതെന്നും പറയുന്നതായാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുള്ളത്. അറസ്റ്റിലാവുന്നതിന് മുമ്പ് പരാതിക്കാരുമായി മോന്‍സണ്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇതെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല.

‘അനിതയുടെ അനിയത്തിയുടെ കല്യാണം മുഴുവന്‍ പൈസയുമെടുത്ത് നടത്തിക്കൊടുത്തത് ഞാനാണ്. 18 ലക്ഷം രൂപ മുടക്കി സ്വര്‍ണവും ഡ്രസുമടക്കം കല്യാണത്തിന്റെ കാര്യങ്ങളെല്ലാം ഞാന്‍ ചെയ്തു. ഒരുമാസം കഴിയുമ്പോള്‍ യൂറോ ആയി പണം തിരിച്ചുതരാമെന്നായിരുന്നു എന്നോട് അനിത പറഞ്ഞിരുന്നത്. അന്നെന്റെ കയ്യില്‍ പൈസയുണ്ടായിരുന്ന സമയമായതുകൊണ്ട് ആ കല്യാണം ഞാന്‍ നടത്തിക്കൊടുത്തു. അത് കഴിഞ്ഞ് എനിക്ക് പൈസയുടെ ആവശ്യം വന്നു. അപ്പോള്‍ ഞാനവളെ വിളിച്ച് പത്ത് ലക്ഷം രൂപ എനിക്ക് തരണമെന്നും എനിക്ക് കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞു. 115 പെണ്‍കുട്ടികളെ കെട്ടിച്ചുകൊടുത്തിട്ട് അവരോടൊന്നും പൈസ ചോദിക്കുന്നില്ലല്ലോ, എന്നോട് മാത്രമെന്തിനാണ് ചോദിക്കുന്നത് എന്നാണ് അനിത തിരിച്ചുചോദിച്ചത്. അവരൊക്കെ അനാഥാലയത്തിലെ പിള്ളേരായിരുന്നെന്നും അങ്ങനെയല്ലല്ലോ ഇതെന്നും ഞാന്‍ അവളോട് പറഞ്ഞു’, ഫോണ്‍ സംഭാഷണം ഇങ്ങനെ.

18 ലക്ഷം രൂപ തിരിച്ചുതരണമെന്നും അല്ലെങ്കില്‍ കേസുകൊടുക്കുമെന്നും താന്‍ പറഞ്ഞെന്നും പൈസ തിരിച്ചു ചോദിച്ചതാണ് അനിതയുടെ വൈരാഗ്യത്തിന് കാരണമെന്നും സംഭാഷണത്തിനിടെ പറയുന്നുണ്ട്. ‘എന്റെ അക്കൗണ്ടില്‍നിന്നാണ് പൈസ പോയത്. ഞാനാണ് പൈസ മുടക്കിയത് എന്നതിന് മുഴുവന്‍ തെളിവുമുണ്ട്. അന്ന് പരിപാടി മുഴുവന്‍ എന്റെ ആള്‍ക്കാരാണ് വന്ന് ചെയ്തത്. ഒരു രൂപ പോലും അവളുടെ അക്കൗണ്ടില്‍ നിന്നും ആര്‍ക്കും കൊടുത്തിട്ടില്ല. എല്ലാം കൊടുത്തിരിക്കുന്നത് ഞാനാണ്’.

കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണം പുറത്തായിരിക്കുന്നത്. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അനിതാ പുല്ലയിലിന് അറിയാമായിരുന്നു എന്ന സൂചനയെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍, മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് പരാതി ഉന്നയിക്കപ്പെട്ടതിന് ശേഷം മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് അനിത അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.

പ്രവാസി മലയാളി ഫെഡറേഷനില്‍ പ്രവര്‍ത്തിക്കുന്ന സമയം മുതല്‍ അനിതയും മോന്‍സണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും മോന്‍സണ് പല പ്രമുഖരെയും പരിചയപ്പെടുത്തിക്കൊടുത്തത് അനിതയാണെന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അനിതയ്ക്ക് അറിയാമെന്ന് മോന്‍സന്റെ ഡ്രൈവര്‍ അജി മൊഴി നല്‍കിയിരുന്നു.