പാലക്കാട്: കോണ്‍ ജില്ലാ അദ്ധ്യക്ഷ സ്ഥാനം വികെ ശ്രീകണ്ഠന് എംപി ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ നേതാവിനെ തേടിയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായി. മുന്‍ എംഎല്‍എമാരായ വിടി ബല്‍റാമിന്റെയും എവി ഗോപിനാഥിന്റെയും പേരുകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
യുവനേതൃത്വം വരണമെന്ന് ജില്ലയിലെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യത്തെ പാര്‍ട്ടി നേതൃത്വം മുഖവിലക്കെടുത്താല്‍ വിടി ബല്‍റാം ജില്ലാ അദ്ധ്യക്ഷനാവും. വിടി ബല്‍റാമിനെ സംഘടന രംഗത്തേക്ക് കൂടുതല്‍ പരിഗണിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.
അതേ സമയം എവി ഗോപിനാഥിന്റെ പരിചയസമ്പന്നതയെ ഉപയോഗപ്പെടുത്തണമെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. നേരത്തെ ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് എവി ഗോപിനാഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും എല്‍ഡിഎഫ് നേടിയപ്പോള്‍ ഗോപിനാഥ് വര്‍ഷങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് യുഡിഎഫ് തന്നെ നിലനിര്‍ത്തിയിരുന്നു.
ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ കേഡര്‍ പാര്‍ട്ടി രീതിയിലാണ് പഞ്ചായത്തിലെ കോണ്‍ഗ്രസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ലെവിയടക്കമുള്ള സിപിഐഎം ശൈലി ഗോപിനാഥ് ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഈ ശൈലി ജില്ലയിലാകെ വ്യാപിപ്പിക്കാന്‍ ഗോപിനാഥിന് ഒരു തവണ കൂടി അധ്യക്ഷ സ്ഥാനം നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.