‘സുരേന്ദ്രന്‍ജിയുടെ ബാഗില്‍ ഷര്‍ട്ടും മുണ്ടും ബനിയനും, ചെറിയ ബാഗില്‍ ഷേവിംഗ് സെറ്റും കുറച്ച് പൗഡറും’; വിവി രാജേഷ് പറയുന്നതിങ്ങനെ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് സമയത്ത് കുഴല്‍പ്പണം കടത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് വിവി രാജേഷ്. ഹെലികോപ്റ്ററില്‍ നിന്ന് സുരേന്ദ്രന്‍ ഇറങ്ങുമ്പോള്‍ കാണുന്ന ബാഗില്‍ ഷര്‍ട്ടും മുണ്ടും ആയിരുന്നുവെന്നാണ് രാജേഷിന്റെ വാദം. മനോരമ ന്യൂസ് ചാനലിലെ ചര്‍ച്ചയിലാണ് വിവി രാജേഷിന്റെ അഭിപ്രായം.

‘ഈ ഹെലികോപ്റ്റര്‍ കഥ നടക്കുന്നത് കേട്ട് ഞാന്‍ സുരേന്ദ്രന്‍ജിയോട് ചോദിച്ചു. നിങ്ങളാ ഹെലികോപ്റ്ററില്‍ എന്താണ് കൊണ്ടുവന്നത്?. പത്തനംതിട്ടയാണല്ലോ ഹെലികോപ്റ്ററില്‍ കോടികള്‍ കൊണ്ടുവന്നു എന്ന് പറയുന്നത്. അദ്ദേഹം പറഞ്ഞു, എന്റെ ബാഗിലുണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയന്‍, പിന്നെ മറ്റുള്ള വസ്ത്രങ്ങള്‍, ഷര്‍ട്ട്, മുണ്ട്. ചെറിയ ബാഗില്‍ ഒരു ഷേവിങ് സെറ്റും കുറച്ച് പൗഡറും ഒരു ചീപ്പോ പെര്‍ഫ്യൂമോ എന്തോ ഉണ്ടായിരുന്നു. ഇതായിരുന്നു കൊണ്ടുവന്നത്. ഇതാണ് ഞങ്ങളുടെ കൈയ്യിലുള്ളത്. ഇതല്ലാതെ തെളിവുണ്ടെങ്കില്‍ വച്ചോണ്ടിരിക്കാതെ കോടതിയില്‍ പോകണം’, ഇങ്ങനെയായിരുന്നു വിവി രാജേഷിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസിനെയും അറിയിച്ചാണ് ഹെലികോപ്റ്ററിലെ സഞ്ചാരമെന്നും വിവി രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കന്‍മാര്‍ ഹെലികോപ്റ്ററിലും വിമാനത്തിലും വരുമ്പോഴും പോകുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച്, പൊലീസിനെ അറിയിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഒരു പൊലീസുദ്യോഗസ്ഥന്‍, ഒരു ക്യാമറമാന്‍ ഇത്രയും പേര്‍ അവിടെയുണ്ടാകും. വരുന്നവരുടെയും പോകുന്നവരുടെയും എല്ലാ ബാഗേജുകളും അവര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ചെക്ക് ചെയ്യും. അതാണ് അവിടത്തെ നടപടി ക്രമം. അല്ലാതെ ഒന്നും നടക്കില്ലെന്നും വിവി രാജേഷ് പറഞ്ഞു.