‘മറഡോണയുടെ ദൈവത്തിന്റെ കയ്യല്ല,ക്രിസ്റ്റിയാനോയുടെ രാഷ്ട്രീയ കൈ, ചരിത്രത്തിലിന്നേവരെ ഒരു കാല്‍പ്പന്തുകളിക്കാരനും കൈ കൊണ്ട് ഇങ്ങനെയൊരു ഗോളടിച്ചിട്ടില്ല’; കുറിപ്പ് ശ്രദ്ധേയമാവുന്നു

യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് പോര്‍ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വാര്‍ത്താ സമ്മേളനത്തിനെത്തി. തന്റെ മുമ്പിലിരുന്ന കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റുകയും വെള്ളമാണ് കുടിക്കേണ്ടത് എന്ന് പറയുകയും ചെയ്തത് വലിയ ചര്‍ച്ചയാണ് ലോകമെമ്പാടും സൃഷ്ടിച്ചത്. ക്രിസ്റ്റിയാനോയുടെ ഈ പ്രവര്‍ത്തിയെ കുറിച്ച് കവി വിവി ഷാജു എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

ഷാജു വിവിയുടെ കുറിപ്പ് വായിക്കാം

രാഷ്ട്രീയമായ ഒരൊറ്റ ഡ്രിബിളിങ്ങ്.
കൊക്കക്കോളയുടെ പോസ്റ്റില്‍ ഒറ്റ നീക്കത്തിലൂടെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ഗോളുകള്‍.
പന്തുകള്‍ നിറച്ച വലസഞ്ചി, കൊക്കക്കോളയുടെ
ഗോള്‍ പോസ്റ്റ്!
ഓഹരി വിപണിയില്‍ കോള മൂക്കുകുത്തി വീണു.
ചരിത്രത്തിലിന്നേവരെ ഒരു കാല്‍പ്പന്തുകളിക്കാരനും
കൈ കൊണ്ട് ഇങ്ങനെയൊരു ഗോളടിച്ചിട്ടില്ല.
ഒരു ഗോളും ഇത്ര സന്ദേശവാഹിയായിട്ടില്ല.
അര്‍ത്ഥനിര്‍ഭരമായ അന്യാപദേശകഥ.
ഒരിക്കലും കളിയിത്ര കാര്യമായിട്ടില്ല.
ഒരു കവിതയിലും
പ്രതീകാത്മക വിന്യാസത്തിന് ഈ അളവില്‍ ഭൗതിക പ്രഹരശേഷി ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആഗോള മുതലാളിത്തത്തിന്റെ അനാരോഗ്യകരമായ
ലഹരിയെ ഒറ്റ സീനില്‍
ഇത്ര ആഴത്തില്‍ അട്ടിമറിക്കാന്‍
ഒരു ചലച്ചിത്രത്തിനും കഴിഞ്ഞിട്ടില്ല.
പതിനായിരക്കണക്കിന്നാളുകള്‍ പങ്കെടുത്ത
കോള വിരുദ്ധ റാലികള്‍ക്കൊന്നും ഇത്ര സൗന്ദര്യാത്മകമായി
ആശയ പ്രചാരണം നടത്താനായിട്ടില്ല.
ഒരു ഹൈക്കുവും ഇത്ര സമൃദ്ധമായി ധ്വനി ഉല്‍പ്പാദിപ്പിച്ചിട്ടില്ല.
പച്ച വെള്ളത്തിന്റെ ജീവന മൂല്യത്തെക്കുറിച്ച് എഴുതപ്പെട്ട
ഏറ്റവും ജനകീയവും ലളിതവുമായ വൈദ്യശാസ്ത്ര പ്രബന്ധം.
മൈതാനത്തിനു വെളിയിലെ
ത്രസിപ്പിക്കുന്ന കളി.
ഒറ്റയ്‌ക്കൊരു സൈന്യം.
ഏതെങ്കിലുമൊരു കളിക്കാരന്‍ നല്‍കിയ പാസല്ല
ക്രിസ്ത്യാനോ ഗോള്‍ വലയത്തിലേക്ക് അടിച്ചുകയറ്റിയത്.
ലക്ഷോപലക്ഷം ഇടതു മനസ്സുകള്‍ ഒത്തൊരുമിച്ച് കൊടുത്ത പാസ് ആയിരുന്നു അത്.
ഒരു ‘പാസും’ നാളിതുവരെ അഗമ്യമായ പെരും കോട്ടയെ ഇങ്ങനെ മലര്‍ക്കെ തുറന്നിട്ടില്ല.
നിസ്സാരമായി മാറ്റി വച്ച
ആ കുപ്പി സഞ്ചരിച്ച വേഗത്തില്‍ ഒരു വസ്തുവും സഞ്ചരിച്ച് ഇന്നേവരെ നിലംപതിച്ച് ചിതറിയിട്ടില്ല.
ഒരാംഗ്യ ഭാഷയ്ക്കും
ഈ മട്ടില്‍ സ്‌ഫോടകശേഷി ഉണ്ടായിട്ടില്ല.
മറഡോണയുടെ
ദൈവത്തിന്റെ കയ്യല്ല, ക്രിസ്ത്യാനോയുടെ
രാഷ്ട്രീയ കൈ.
മുതലാളിത്തം ചുവപ്പുകാര്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്.
കാണികള്‍ അതെടുക്കില്ല.
അഭിവാദ്യങ്ങള്‍ പ്രീയപ്പെട്ടവനേ …
ഞങ്ങളുടെ പ്ലാച്ചിമടയും കോരിത്തരിച്ചിട്ടുണ്ട്.