‘വളഞ്ഞ ഒന്നല്ല നട്ടെല്ലാണ് ഒരാള്‍ക്ക് വേണ്ടത്’; ‘ടൈഗ്രസിന്’ ജന്മദിനാശംസയെന്ന് ഗീതു മോഹന്‍ദാസ്; പോരാളിയായ രാജകുമാരിയെന്ന് സയനോര

നടി ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രേക്ഷകരും സുഹൃത്തുക്കളും. സിനിമാമേഖലയിലെ ഒട്ടേറെ പേര്‍ നടിക്ക് ആശംസകളര്‍പ്പിച്ചെത്തി. ‘ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍, എന്നെന്നേക്കും സ്‌നേഹിക്കും’ എന്ന് മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും മഞ്ജു പങ്കുവെച്ചു. മഞ്ജുവിന്റെ പോസ്റ്റിന് കീഴില്‍ ആശംസകള്‍ നേര്‍ന്ന് നടനും ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ ബാബുരാജും എത്തി.

നട്ടെല്ലാണ് ഒരാള്‍ക്ക് വേണ്ടത് വളഞ്ഞ ഒരു എല്ലല്ല. ടൈഗ്രസിന് ജന്മദിനാശംസകള്‍.

ഗീതു മോഹന്‍ദാസ്

ഗീതുവിന്റേയും രമ്യാനമ്പീശന്റേയുമുള്‍പ്പെടെ സ്‌നേഹിതരുടെ ആശംസകള്‍ ഭാവന ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികളാക്കി ഷെയര്‍ ചെയ്തിട്ടുണ്ട്. ഭാവനയ്ക്കും മഞ്ജു വാര്യര്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രം സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് സംയുക്താ വര്‍മ്മയുടെ ബര്‍ത്ത്‌ഡേ വിഷ്.

രാജ്ഞിമാര്‍ ജനിക്കുകയല്ല, ആയിത്തീരുകയാണ്.

സംയുക്താ വര്‍മ്മ

‘പോരാളിയായ രാജകുമാരി’ എന്ന വിശേഷണത്തോടെ സയനോര ഷെയര്‍ ചെയ്ത ചിത്രം റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കമന്റുകളായും ഹാഷ്ടാഗുകളായും ബര്‍ത്ത് ഡേ കാര്‍ഡുകളായും ഭാവനയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആശംസകള്‍ എത്തുന്നുണ്ട്.

2018ല്‍ വിവാഹിതയായ ശേഷം ജീവിത പങ്കാളി നവീനുമൊത്ത് ബാംഗ്ലൂരിലാണ് ഭാവന. കന്നഡ നിര്‍മ്മാതാവും നടനുമാണ് നവീന്‍. സമീപകാലത്ത് മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നഡ ഫിലിം ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കുന്നുണ്ട്. ഹിറ്റ് ചിത്രമായ 96ന്റെ കന്നഡ റീമേക്കില്‍ ജാനുവിനെ അവതരിപ്പിച്ചത് ഭാവനയായിരുന്നു. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.