കോപ്പ അമേരിക്കയ്ക്ക് ശേഷവും അപരാജിത കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വെലയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മെസ്സിയും സംഘവും തോല്പിച്ചു. പിഎസ്ജി ട്രാന്‍സ്ഫറിന് ശേഷം ദേശീയ ജേഴ്സിയില്‍ തിരിച്ചെത്തിയ മെസ്സിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 32-ാം മിനുറ്റില്‍ മെസ്സിക്കെതിരെ മാരക ഫൗളിന് ശ്രമിച്ച അഡ്രിയന്‍ മാര്‍ട്ടിനെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ആദ്യ പകുതിയുടെ അധിക സമയത്ത് ലൗത്താരോ മാര്‍ട്ടിനെസ് ലീഡ് നേടി. 71-ാം മിനുട്ടില്‍ യൊവാക്വിന്‍ കൊറിയയും മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം ഏയ്ഞ്ചല്‍ കൊറിയയും ആതിഥേയരുടെ വല കുലുക്കി. എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റി പാഴാക്കാതിരുന്ന യെഫേഴ്സണ്‍ സോറ്റെല്ഡോ വെനസ്വെലയ്ക്ക് ആശ്വാസം നല്കി. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആല്‍ബിസെലസ്റ്റെകള്‍ വെനസ്വെലയില്‍ ജയിക്കുന്നത്. ലയണല്‍ സ്കലോണിക്ക് കീഴില്‍ തോല്‍വി അറിയാത്ത 21 മത്സരങ്ങള്‍ അര്‍ജന്റീനിയന്‍ സ്ക്വാഡ് പൂര്‍ത്തിയാക്കി. ഏഴ് കളികളില്‍ നിന്നും 15 പോയിന്റുമായി അര്‍ജന്റീന ലാറ്റിനമേരിക്കന്‍ പട്ടികയില്‍ രണ്ടാമത് തുടരുകയാണ്.
മറ്റൊരു യോഗ്യതാ മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ പരാജയപ്പെടുത്തി. പകരക്കാരനായി ഇറങ്ങിയ എവര്ട്ടന് റിബെറോയാണ് പരുക്കന്‍ കളിയില്‍ കാനറികള്‍ക്ക് ജയം സമ്മാനിച്ചത്. ലോകകപ്പ് യോഗ്യതയില്‍ കളിച്ച ഏഴാമത്തെ ഗെയിമിലും ജയിച്ചതോടെ ഒന്നാമതായ സെലക്കാവോ അര്‍ജന്റീനയുമായുള്ള ആറ് പോയിന്റ് മാര്‍ജിന്‍ നിലനിര്‍ത്തി. പത്ത് ടീമുകളുള്ള തെക്കേ അമേരിക്കന്‍ ഗ്രൂപ്പില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ഖത്തറിലേക്ക് നേരിട്ട് ടിക്കറ്റ് ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് ഇന്റര്‍ റീജിയണല്‍ പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാന്‍ അര്‍ഹതയുണ്ട്.
മുന്‍ ലോക ചാംപ്യന്മാരായ യുറുഗ്വായെ പെറു സമനിലയില്‍ തളച്ചു. റെനറ്റോ ടാപ്പിയയാണ് 24-ാം മിനുട്ടില്‍ പെറുവിന് ലീഡ് നല്‍കിയത്. അഞ്ച് നിമിഷങ്ങള്‍ക്ക് ശേഷം ജിയോര്‍ജിയാന്‍ ഡെ അരാസ്കെയ്റ്റയിലൂടെ യുറുഗ്വെയ് സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും വിജയഗോള്‍ നേടാനായില്ല. ബൊളീവിയ-കൊളംബിയ മത്സരവും സമനിലയിലാണ് അവസാനിച്ചത്. കൊളംബിയയുടെ റോജര്‍ മാര്‍ട്ടിനെസാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 83-ാം മിനുട്ടില്‍ ഫെര്‍ണാണ്ടോ സോസെഡോയുടെ സമനില ഗോളെത്തി. അധികസമയത്ത് കാര്‍മലോ അനെസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോയി. പാരഗ്വായ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇക്വഡോര്‍ തോല്പിച്ചു. ഫെലിക്സ് ടോറസ്, മൈക്കിള്‍ എസ്ട്രാഡ എന്നിവരുടെ ഗോളില്‍ ഇക്വഡോര്‍ ലോകകപ്പ് യോഗ്യതാ പട്ടികയില്‍ മൂന്നാം സ്ഥാനത്തായി. യുറുഗ്വായ് ആണ് നാലാമത്. കൊളംബിയ അഞ്ചാം സ്ഥാനത്തും പാരഗ്വായ് ആറാമതും ചിലി ഏഴാം സ്ഥാനത്തുമാണ്. ബൊളീവിയ, പെറു, വെനസ്വലെ ടീമുകളാണ് അവസാന സ്ഥാനങ്ങളില്‍.