‘തടയിട്ടത് സാംസ്‌കാരിക മലിനീകരണത്തിന്’; സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വെച്ചത് ധീരമായ നവോത്ഥാന തീരുമാനമെന്ന് ഡബ്ല്യുസിസി

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ പരമ്പരയ്ക്കും പുരസ്‌കാരമില്ലെന്ന ജൂറി തീരുമാനത്തെ പിന്തുണച്ച് ഡബ്ല്യൂ.സി.സി. സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വെച്ചത് ചരിത്രപരമാണെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ധീരമായ ആ തീരുമാനം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നെഞ്ചോട് ചേര്‍ക്കുന്നു. ആ തീരുമാനമെടുത്ത ജൂറിയേയും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാരിനേയും അഭിനന്ദിക്കുകയാണെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്കില്‍ കുറിച്ചു.

വന്‍ മൂലധനത്തിന്റെ അകമ്പടിയും അധികാരവുമുണ്ടെങ്കില്‍ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരില്‍ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാര്‍ഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്‍പിച്ചിരിക്കുന്നത്.

ഡബ്ല്യൂ.സി.സി.

ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്. കലയില്‍ കാഴ്ച്ചപ്പാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല. മറിച്ച് പണത്തിന്റേയും അധികാരത്തിന്റേയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്. അതിന്റെ പേരാണ് നവോത്ഥാനം. ഡബ്ല്യു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടേയും ജീവശ്വാസമാണെന്നും സിനിമയിലെ വനിതാ കൂട്ടായ്മ കൂട്ടിച്ചേര്‍ത്തു.

ജൂറിക്ക് മുന്‍പിലെത്തിയ ഭൂരിഭാഗം എന്‍ട്രികളും അവാര്‍ഡിന് പരിഗണിക്കാന്‍ പോലും നിലവാരം ഇല്ലാത്തവയായിരുന്നെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. അതിനാല്‍ 29-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയാണെന്ന് ജൂറി പ്രതികരിച്ചു. കുടുംബപ്രേക്ഷകര്‍ കൂടുതലായും ആശ്രയിക്കുന്ന വിനോദോപാധി എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. സംവിധായകരായ ആര്‍ ശരത്, സുരേഷ് പൊതുവാള്‍, ജിത്തു കോളയാട്, എഴുത്തുകാരന്‍ എസ് ഹരീഷ്, നടി ലെന, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോ എന്നിവര്‍ അടങ്ങുന്നതായിരുന്നു ജൂറി.

ജൂറി

ജൂറി തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നിലപാട്. അപേക്ഷ ക്ഷണിച്ചിട്ട് അവാര്‍ഡ് നല്‍കാതിരുന്നത് മര്യാദകേടാണ്. അങ്ങനെയാണെങ്കില്‍ മികച്ച സീരിയലിന് അപേക്ഷ ക്ഷണിക്കരുതായിരുന്നു. മരിക്കുന്നതിന് തലേന്നും ടിവി സീരിയല്‍ കണ്ട് ആസ്വദിച്ചയാളാണ് തന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയെന്നും എല്‍ഡിഎഫ് എംഎല്‍എ പറഞ്ഞു. മിനി സ്‌ക്രീന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’യുടെ പ്രസിഡന്റുകൂടിയാണ് ഗണേഷ് കുമാര്‍.

സീരിയല്‍ കാണുന്ന വീട്ടമ്മമാര്‍ അടക്കമുള്ളവരെ പരിഹസിക്കുകയാണ് ജൂറി ചെയ്തതെന്ന് ‘കുടുംബവിളക്ക്’ മെഗാസീരിയല്‍ തിരക്കഥാകൃത്ത് അനില്‍ ബാസ് ആരോപിച്ചു. ജൂറിയുടെ നിലവാരം കൂടി പരിശോധിക്കണം. ലെനയൊഴികെയുള്ളവര്‍ സീരിയലുമായി ബന്ധവും ധാരണയുമില്ലാത്തവരാണ്. അവരുടെ നിലവാരം പരിശോധിക്കണം. ഉള്ളതില്‍ കൊള്ളാവുന്നതിന് പുരസ്‌കാരം നല്‍കാമായിരുന്നു. കഥാപാത്രങ്ങളുടെ ചിത്രീകരണം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പെടുന്നതാണ്. നല്ലവരേയും മോശക്കാരേയും ചിത്രീകരിക്കുമ്പോള്‍ പരിധി നിശ്ചയിക്കാന്‍ പാടില്ലെന്നും അനില്‍ ബാസ് പ്രതികരിച്ചു.

മുന്നില്‍ വന്ന സീരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് ജൂറിയിലുള്ളവരെ വിളിച്ചതെന്നും നിലവാരം പരിശോധിക്കാന്‍ അല്ലെന്നും നടന്‍ ഹരീഷ് പേരടി പറഞ്ഞു. ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച് കുറേ കാലം കുടുംബം പോറ്റിയിട്ടുണ്ട്. എന്നിട്ടും ഞങ്ങള്‍ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്. സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ മാത്രമാണെന്നും ‘കായംകുളം കൊച്ചുണ്ണി’ സീരിയലിലൂടെ ശ്രദ്ധേയനായ താരം കുറ്റപ്പെടുത്തി.

Also Read: മീശ പോയപ്പോള്‍ വന്ന ദേശീയ അവാര്‍ഡും ഖ്യാതിയും; ഡിനീറോ ആഗ്രഹിച്ച അംബേദ്കര്‍ വേഷം, ഷേവ് ചെയ്യാനുള്ള മടികൊണ്ട് ആദ്യത്തെ തവണ നിരസിച്ച മമ്മൂട്ടി