ഹേമ കമ്മിറ്റി റിപ്പോർട്ട് സഭയിൽ വെക്കേണ്ട നിയമബാധ്യത സർക്കാരിനില്ല: വനിതാ കമ്മീഷൻ അധ്യക്ഷ

ഹേമാ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വെക്കണമെന്ന നിയമ ബാധ്യത സർക്കാരിന് ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. അതിനാൽ റിപ്പോർട്ട് പുറത്തുവിടാൻ സാധ്യത ഇല്ലെന്നും സതീദേവി പറഞ്ഞു. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത് അന്വേഷണ കമ്മീഷൻ നിയമപ്രകാരമുള്ള കമ്മീഷൻ അല്ലാത്തതിനാൽ സഭയിൽ വെക്കേണ്ടതില്ലെന്ന് മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞത് ഉദാഹരിച്ചായിരുന്നു അധ്യക്ഷയുടെ പ്രതികരണം.

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കാനും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷനുമായി വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾണ് ഞായറാഴ്ച്ച രാവിലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഉള്ളത് കമ്മിറ്റിയാണ് കമ്മീഷൻ അല്ല എന്ന് സതീദേവി പറഞ്ഞത്.

“സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന മന്ത്രിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് അത് അന്വേഷണ കമീഷൻ നിയമപ്രകാരം സജ്ജമാക്കിയ കമ്മിഷൻ അല്ല. അതുകൊണ്ട് തന്നെ ആ കമ്മിറ്റിയുടെ റിപ്പോർട്ട് നിയമസഭയിൽ വെക്കേണ്ട സാഹചര്യം സർക്കാരിനെ സംന്ധിച്ചിടത്തോളം ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്,” എന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ വിശദീകരിക്കുന്നത്. എന്നാൽ കമ്മിറ്റിയുടെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതും ചൂഷണങ്ങൾക്ക് അറുതി വരുത്തുന്നതുമായ നിയമനിർമാണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഞായറാഴ്ച്ച രാവിലെയാണ് നടി പാർവതി തിരുവോത്തിന്റെ നേതൃത്വത്തിൽ ഡബ്ള്യൂസിസി അംഗങ്ങൾ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടത്. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

ഇനിയും കാത്തിരിക്കാൻ തയാറല്ലെന്നും നീതി ഉറപ്പാക്കാനും മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്ള്യൂസിസി ചർച്ചക്ക് ശേഷം പ്രതികരിച്ചു. പാർവതിയെ കൂടാതെ പത്മപ്രിയ, സയനോര, അഞ്ജലി മേനോൻ, അർച്ചന പദ്‌മിനി, ദീദി ദാമോദരൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

May be an image of 9 people, people sitting, people standing and indoor
വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച്ച നടത്തുന്ന ഡബ്ള്യൂസിസി അംഗങ്ങൾ

നടി ആക്രമിക്കപ്പെട്ട സംഭവം അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണവും കൃത്യമായ വിചാരണയും ഉറപ്പാക്കി തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭ്യമാക്കണമെന്ന് സിനിമ കളക്ടീവ് ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതിനടപ്പാക്കുമെന്ന് ഉറപ്പുവരുത്താനായിരുന്നു സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യൂസിസി ആവശ്യപ്പെട്ടത്.

ദിവസങ്ങൾക്കുമുൻപുണ്ടായ നടിയുടെ പ്രതികരണത്തിന് വലിയ സ്വീകാര്യതയാണ് സിനിമാ മേഖലയ്ക്ക് ഉള്ളിൽ നിന്നും പുറത്തുനിന്നും ലഭിച്ചത്. എന്നാൽ സോഷ്യൽ മീഡിയാ പിന്തുണകളിൽ മാത്രം ഒതുങ്ങുന്നതാകരുത് മലയാള സിനിമ ലോകത്ത് വിവേചനം നേരിടുന്ന സ്ത്രീകളോടുള്ള പിന്തുണയും ബഹുമാനവുമെന്ന് ഡബ്ലൂസിസി ആവശ്യപ്പെട്ടിരുന്നു.

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 2018 മെയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിസ് കെ ഹേമ, മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സല കുമാരി ഐഎഎസ്, പഴയകാല നടി ശാരദ എന്നിവരുള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശ രേഖപ്രകാരം ഒരുകോടിയിൽ അധികം രൂപയാണ് ജസ്റ്റിസ് ഹേമ കമ്മീഷന് വേണ്ടി ചെലവാക്കിയത്.

വിവിധ കോണുകളിൽ നിന്നും റിപ്പോർട്ട് പുറത്തുവിടണമെന്ന് ശക്തമായ ആവശ്യം ഉണ്ടായിട്ടും അത് പുറത്തുവിടാൻ സർക്കാർ തയാറായിട്ടില്ല. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ ഉൾപ്പെടെ റിപ്പോർട്ട് പുറത്തുവിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അതിൽ പരാമർശിച്ചിട്ടുള്ള പ്രമുഖരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് രഹസ്യമാക്കി വെച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.