‘ഹേമ കമ്മിറ്റി റിപ്പോർട്ട് മൂന്നംഗ സമിതി പഠിക്കുന്നു, ശേഷം സമഗ്ര നിയമനിർമ്മാണം,’ ഡബ്‌ള്യൂസിസിയോട് മന്ത്രി പി രാജീവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പൂർത്തിയായതിന് ശേഷം സമഗ്ര നിയമനിർമാണം നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും നിയമമന്ത്രി പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ട് മുൻനിർത്തി സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ കളക്ടീവ് പി അംഗങ്ങൾ മന്ത്രിയുമായി വെള്ളിയാഴ്‌ച കൂടിക്കാഴ്ച നടത്തി. ഈ ചർച്ചയിലാണ് സമഗ്ര നിയമനിര്‍മ്മാണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

മൂന്നംഗ കമ്മിറ്റി സമിതി ഹേമാ കമ്മിറ്റി റിപ്പോർട്ട് പഠിക്കുകയാണെന്നാണ് മന്ത്രി അറിയിച്ചത്. നിയമ നിർമ്മാണത്തിനു മുന്നോടിയായി ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തണമെന്നും അംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

റിമ കല്ലിങ്കല്‍, രഞ്ജിനി, ദീദി ദാമോദരൻ, സംഗീത ജനചന്ദ്രന്‍, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൊച്ചി കുസാറ്റിലെ ഗസ്റ്റ്ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ നടി പാര്‍വതി തിരുവോത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് വനിതാ കമ്മീഷനോട് ഇവര്‍ ആവശ്യപ്പെട്ടത്. ഇനി കാത്തിരിക്കാനാകില്ലെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വനിത കമ്മീഷന്‍ ഇടപെടല്‍ നടത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു .

അതേസമയം എൻക്വയറി കമ്മീഷൻ നിയമപ്രകാരമുള്ള കമ്മീഷൻ അല്ലാത്തതിനാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കേണ്ട നിയമബാധ്യത സർക്കാരിനില്ല എന്നാണ് വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്. സിനിമയിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സിനിമ നിര്‍മാണ് കമ്പനികളുടെ ചുമതലയാണെന്നും സതീദേവി പറഞ്ഞിരുന്നു.

അക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യുസിസി നിലപാട് ശക്തമാക്കിയിരിക്കുന്നത്. അതിജീവിച്ച നടിക്കൊപ്പം നിന്നുകൊണ്ട് കേസില്‍ നീതിനടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ട് കളക്ടീവ് കത്തെഴുതിയിരുന്നു. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെ തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.