‘നമ്മുടെ മുറിവുകളിലൂടെയാണ് ഉള്ളിൽ വെളിച്ചം കടക്കുന്നത്’; മഞ്ജുവിന്റെ ക്ലിക്കിൽ ഭാവന

‘നമ്മളെല്ലാം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത്,’ എന്ന കുറിപ്പോടെ മഞ്ജു വാര്യരെടുത്ത ചിത്രം പങ്കുവെച്ച് ഭാവന. ഇൻസ്റാഗ്രാമിലാണ് നടി ചിത്രം പങ്കുവെച്ചത്. തീന്മേശക്ക് മുന്നിൽ മറ്റെങ്ങോട്ടോ നോക്കി ഇരിക്കുന്ന ചിത്രമാണ് ജീവിതത്തിൽ തിരിച്ചടി നേരിടുന്നവർക്ക് പ്രചോദനം നൽകുന്ന ആപ്തവാക്യം അടിക്കുറിപ്പാക്കി താരം പോസ്റ്റ് ചെയ്‌തത്‌.

സഹപ്രവർത്തകർ എന്നതിലുപരി അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നെങ്കിലും ഇപ്പോൾ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് ഭാവന. കന്നഡ സിനിമകളിൽ താരം ഇപ്പോഴും സജീവമാണ്. ഒരു അഭിമുഖത്തിൽ ഇതേ കുറിച്ചുള്ള ചോദ്യത്തിന്, തനിയ്ക്ക് ഇനി പേരിനും പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി സിനിമ ചെയ്യേണ്ടതില്ല, നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം എന്നായിരുന്നു ഭാവനയുടെ മറുപടി.

മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വമാണെന്നും തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നതെന്നും ഭാവന പറഞ്ഞിരുന്നു. തന്റെ മനഃസമാധാനത്തിന് വേണ്ടിയാണ് ആ തീരുമാനം. ഇപ്പോള്‍ കന്നഡയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഭാവന വ്യക്തമാക്കിയിരുന്നു.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.