ലവ് ജിഹാദും നാര്‍ക്കോട്ടിക്സ് ജിഹാദുമുണ്ടെന്ന ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന രൂക്ഷ വിമര്ശനങ്ങളേറ്റുവാങ്ങവെ വിശദീകരണവുമായി പാലാ രൂപത. ബിഷപ്പിന്റെ വാക്കുകള്‍ ഏതെങ്കിലുമൊരു സമുദായത്തിന് എതിരല്ലെന്ന് സഹായ മെത്രാന് ജേക്കബ് മുരിക്കന്‍ പ്രതികരിച്ചു. ബിഷപ്പ് നല്‍കിയത് അപകടകരമായ പ്രവണതകളേക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നും ജേക്കബ് മുരിക്കന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യമാണ്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം.
ജേക്കബ് മുരിക്കന്‍
മതങ്ങളുടെ പേരും ചിഹ്നവും ഉപയോഗിച്ച് ചെറിയ വിഭാഗം തെറ്റ് ചെയ്യുന്നു. ഇവരുടെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണം. പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാമെന്നും സഹായ മെത്രാന് കൂട്ടിച്ചേര്‍ക്കുന്നു.
ആരോപണങ്ങള്‍ ആവര്‍ത്തിച്ചും പാലാ ബിഷപ്പിന് പിന്തുണ നല്‍കിയും ഇരിങ്ങാലക്കുട രൂപത രംഗത്തെത്തിയിരുന്നു. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പ്രസ്താവന നടത്തി. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണമെന്നും ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
രാഷ്ട്രീയ സംസ്കാരിക രംഗത്തുനിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്ശനമുയരവെയാണ് റോമന്‍ കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഒരു മതവിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടരുന്നത്. പാലാ ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം കോഡിനേഷന്‍ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുണ്ടെങ്കില്‍ പാലാ ബിഷപ്പ് അത് വെളിപ്പെടുത്തണമെന്ന് എസ്കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലടയ്ക്കണമെന്നും സമസ്ത നേതാവായ സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചു.
നാര്‍ക്കോട്ടിക്സിന് മതത്തിന്റെ നിറം നല്‍കരുതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അതിന്റെ നിറം സാമൂഹിക വിരുദ്ധതയുടെ നിറമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ അനാവശ്യചേരികള് സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ നാടിന്റെ പ്രത്യേകത വെച്ച് ആ കരുതല്‍ മനസിലുണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ബിഷപ്പിന്റെ വാക്കുകള്‍ സമുദായ സൗഹാര്‍ദ്ദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് പി ടി തോമസ് എംഎല്‍എ അഭിപ്രായപ്പെട്ടു. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതലെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് നിലപാട് ആവര്‍ത്തിച്ചു. മുസ്ലിം ക്രിസ്ത്യന്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ പരിവാര്‍ അജണ്ടയില്‍ കേരളം വീണു പോവരുത്. പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണ് തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നത്. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജ ഐഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുകയാണ്. ഇതില്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘ്പരിവാറുകാരാണ്. കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാകുന്ന ഘട്ടമുണ്ടായാല്‍ അതില്‍ കക്ഷിചേരാതെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും സതീശന് പ്രതികരിച്ചു.