‘എന്റര്‍ടെയ്ന്‍മെന്റ് അല്ല ഇപ്പോള്‍ അത്യാവശ്യം’; ലോകം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സിനിമ വളരെ ചെറിയ കാര്യമെന്ന് പ്രശാന്ത് നീല്‍

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ മുന്‍നിരയിലാണ് കെജിഎഫ് ചാപ്റ്റര്‍ ടുവിന്റെ സ്ഥാനം. കൊവിഡ് പ്രതിസന്ധി കാരണം നീണ്ടുപോകുകയാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ്. ഒടിടിയില്‍ മാത്രമായി ആദ്യറിലീസ് ഉണ്ടാകില്ലെന്ന് സംവിധായകന്‍ പ്രശാന്ത് നീലും നിര്‍മ്മാതാക്കളും മുന്‍പേ വ്യക്തമാക്കിയിരുന്നു. റിലീസ് വൈകുന്നത് ചിത്രത്തിന്റെ സ്വീകാര്യതയേയോ ആസ്വാദനത്തേയോ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് പ്രശാന്ത് നീല്‍. എപ്പോള്‍ റിലീസ് ചെയ്താലും കെജിഎഫ് രണ്ടാം ഭാഗം ഫ്രഷ് ആയിരിക്കുമെന്നും ഈ സമയത്ത് സിനിമയേക്കാള്‍ വലിയ മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങളുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.

ഞങ്ങള്‍ ഒരു ഫാന്റസി ലോകത്താണ് ജീവിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റിന്റെ ഭാഗമാണ്. ഞങ്ങളൊരു അത്യാവശ്യമേയല്ല. ഒരു ആഡംബരം മാത്രമാണ്.

പ്രശാന്ത് നീല്‍

ഞങ്ങള്‍ നിരാശപ്പെടുകയും ക്ഷമ നശിക്കുകയും ചെയ്തിട്ട് ഒരു കാര്യവുമില്ല. ലോകം ഇതിനേക്കാളൊക്കെ വലുതായ ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ സ്വയം സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധിക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. ഇതിനിടെ തിയേറ്ററിലേക്ക് വരണമെന്ന് എങ്ങനെ ഞങ്ങള്‍ക്ക് ജനത്തോട് പറയാനാകും? ലോകത്തെ എല്ലാവര്‍ക്കും അസാധാരണ സാഹചര്യമാണിത്. നമ്മുടെ ജീവിതത്തില്‍ നിന്നും രണ്ട് വര്‍ഷങ്ങള്‍ മായ്ച്ചുകളയുക, അല്ലെങ്കില്‍ പോസിറ്റീവായി ചിന്തിച്ച് ഈ കാലഘട്ടത്തെ ഇടവേളയായി കാണുക.

കെജിഎഫ് ടു ഏത് സമയത്ത് റിലീസ് ചെയ്താലും പുതുമയുണ്ടാകും. കാരണം അത് ഒരു പീരിയഡ് ചിത്രമാണ്. വര്‍ത്തമാനകാലവുമായി ബന്ധമില്ലാത്തതാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.