തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ സിപിഐഎം ഇടപെടേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തങ്ങള്‍ പരിഹരിച്ചോളാം. അതിന് എ.കെ.ജി സെന്ററില്‍നിന്നുള്ള പ്രത്യേക ഉപദേശവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യമില്ലെന്നും സതീശന് തുറന്നടിച്ചു.
കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.’സിപിഐഎമ്മില്‍ നടക്കുന്നതെന്താണ്? സിപിഐഎമ്മില്‍ ഇതിന് മുമ്പ് നടന്നതെന്താണ്? എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആലപ്പുഴയില്‍ ആ പാവം ജി സുധാകരനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താണ്? ഇഷ്ടക്കാരെയും ഇഷ്ടക്കാരല്ലാത്തവരെയും സൗകര്യം പോലെ കൈകാര്യം ചെയ്തിട്ട് ഇതാണ് പാര്‍ട്ടി എന്നല്ലേ പറയുന്നത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചോളാം. അതിന് എ.കെ.ജി സെന്ററില്‍നിന്നുള്ള പ്രത്യേക ഉപദേശവും മാര്‍ഗ്ഗ നിര്‍ദ്ദേശവും ഞങ്ങള്‍ക്ക് ആവശ്യമില്ല’, സതീശന് വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ സംഘടനാപരമായ കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് പറയുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ അദ്ദേഹമാണ് പ്രഖ്യാപിക്കുക. പാര്‍ട്ടിയുടെ അധ്യക്ഷനാണദ്ദേഹം. സംഘടനാപരമായ കാര്യങ്ങള്‍ വളരെ ചിട്ടയോടുകൂടിയാണ് മുന്നോട്ടുപോവുന്നത്. അതിനൊരു രീതിയുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ കാര്യമാണ്. കുറച്ചുകൂടി വ്യത്യസ്തമായ രീതിയാണ്. അതിന്റെ ആത്മവിശ്വാസം തങ്ങള്‍ക്ക് എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘തോറ്റുപോയതില്നിന്നാണ് കാര്യങ്ങള്‍ പഠിക്കുന്നത്. തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളില്‍നിന്നും കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്കുള്ളത്. ആ ലക്ഷ്യത്തിലേക്കുള്ള തുടക്കമാണിവ. അതിന് കൃത്യമായ പദ്ധതിയുണ്ട്. അത് തീരുമാനിച്ചിരിക്കുന്നതുപോലെ ഭംഗിയായി മുന്നോട്ടുപോകും. പുനഃസംഘടനാപരമായ കാര്യങ്ങള്‍ തീരുമാനിച്ച സമയത്തിനുള്ളില്‍ നടക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
എ.വി ഗോപിനാഥിന്റെ രാജിക്ക് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന പരാമര്‍ശവുമായി എ വിജയരാഘവന് രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വിജയരാഘവന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നേതാക്കന്മാരുടെ വാലായി നടക്കുന്നവരാണ് നേതൃത്വത്തിലെത്തുന്നതെന്നും ഡി.സി.സി വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ നിയമന വിവാദങ്ങളോടെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് അഞ്ചായി വളര്‍ന്നു. ഗ്രൂപ്പ് സമതവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങള്‍ യുഡിഎഫിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും വിജയരാഘവന് പറഞ്ഞിരുന്നു.