അര നൂറ്റാണ്ടോളമായി മലയാള സിനിമയും പ്രേക്ഷക മനസും പങ്കിട്ടെടുത്തവരാണ് ബിഗ് എംസ്. അഭിനയശൈലിയില്‍ വ്യത്യസ്തരാണെങ്കിലും ഇരുവരുടേയും കരിയറിലുടനീളം ക്ലാഷ് റിലീസുകളും ആരോഗ്യപരമായ മത്സരങ്ങളുമുണ്ടായി. ഇതിനിടയിലും അഭിനയജീവിതത്തിന്റെ തുടക്കം മുതലുള്ള അടുത്ത ബന്ധം ഇരുവരും സൂക്ഷിക്കുന്നു. മോഹന്‍ലാല്‍ മമ്മൂട്ടിയെ ‘ഇച്ചാക്ക’ എന്നും മമ്മൂട്ടി തിരിച്ച് ‘ലാലു’ എന്നുമാണ് വിളിക്കാറെന്നും എല്ലാവര്‍ക്കുമറിയാം. ഒരേ പ്രൊഫഷനിലുള്ളവരാണെങ്കിലും തങ്ങളുടെ സിനിമയേക്കുറിച്ച് പരസ്പരം അഭിപ്രായം പറയാറില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. മമ്മൂട്ടിയുടെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ച് ‘ഞാന്‍ ജീവിതം കണ്ടത് ഇച്ചാക്കയിലൂടെ’ എന്ന തലക്കെട്ടില്‍ മലയാള മനോരമയിലെഴുതിയ ലേഖനത്തിലാണ് മോഹന്‍ലാലിന്റെ വാക്കുകള്‍.
ഒരിക്കല്‍ പോലും സിനിമ നന്നായെന്നോ ചീത്തയായെന്നോ ഞങ്ങള്‍ പരസ്പരം പറഞ്ഞിട്ടില്ല. പക്ഷേ, എന്നോടു പറയാനായി സുഹൃത്തുക്കളോടു പറയാറുണ്ട്.
മോഹന്‍ലാല്‍
ഒരിക്കല്‍ പോലും ‘ഇച്ചാക്ക’ തന്നെ ഉപദേശിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ഉപദേശിച്ചിട്ടു കാര്യമില്ലെന്ന് തോന്നിക്കാണും. ഇത്രേയേറെ വൈകാരികമായി പ്രതികരിക്കുന്ന ആരേയും ഞാന്‍ കണ്ടിട്ടില്ല. പെട്ടെന്ന് സങ്കടം വരും, ചിലപ്പോള്‍ കരയും. അതിലും വേഗം ദേഷ്യവും വരും. അമ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും എന്തെങ്കിലും ദേഷ്യം മനസില്‍ വെച്ചുകൊണ്ടിരുന്നതായി അറിയില്ല. വളരെ സാധാരണമായ, ഉടന്‍ പൊട്ടിത്തെറിച്ചു തീരുന്ന മനസ്സാണ്. എന്റെ ജീവിതത്തില്‍ വീഴ്ചകളും ഉയര്‍ച്ചകളുമുണ്ടായിട്ടുണ്ട്. സാധാരണ നിലയില്‍ വീഴ്ചകളുടെ സമയത്ത് കൂടെ നില്ക്കുന്നവര് കുറവാകും. ഇച്ചാക്ക എന്നും ഒരേ മനസ്സോടെയാണ് പെരുമാറിയത്. ഇച്ചാക്ക കഠിനാധ്വാനത്തിലൂടെ നടനാകാന്‍ മാത്രം ജീവിച്ചയാളാണ്. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്യുന്നു. ഞാന്‍ സൗഹൃദങ്ങളിലൂടെ നടനായിപ്പോയ ഒരാളാണ്. താനറിയാതെയാണ് ഇവിടെ എത്തിപ്പെട്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയും മോഹന്‍ലാലും 51 സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതില്‍ 14 ചിത്രങ്ങളും സംവിധാനം ചെയ്തത് ഐ.വി ശശിയാണ്. പടയോട്ടം, പാവം പൂര്‍ണിമ, എന്തിനോ പൂക്കുന്ന പൂക്കള്‍, അങ്ങാടിക്കപ്പുറത്ത്, അവിടത്തേപ്പോലെ ഇവിടെയും, വാര്‍ത്ത തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നു. ഷാജി കൈലാസ് ഒരുക്കിയ നരഹസിംഹത്തില് മമ്മൂട്ടി അവതരിപ്പിച്ച അഭിഭാഷകന്റെ വേഷം തിയേറ്ററുകളെ ഇളക്കി മറിച്ചിരുന്നു. ട്വന്റി ട്വന്റി, കടന്നൊരുമാത്തുക്കുട്ടി എന്നീ ചിത്രങ്ങളിലും ഇരുവരും സ്ക്രീന്‍ ഷെയര്‍ ചെയ്തു.