‘എങ്ങനെ ജനങ്ങളെ അറിയിക്കുന്നു എന്നത് വലിയ വിഷയമാണ്’; മാധ്യമം ആഴ്ച്ചപതിപ്പിനോട് കവിത പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട എം എന്‍ ശശിധരന്‍

മാധ്യമത്തില്‍ പ്രസിദ്ധീകരണത്തിന് അയച്ചത് തെറ്റായെന്ന ബോധ്യമുണ്ടായപ്പോഴാണ് കവിതകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചതെന്ന് കവി എംഎന്‍ ശശിധരന്‍. താന്‍ അയച്ച ‘വളര് വളര്’, ‘പിറന്നുതീരാത്ത പെണ്‍കുട്ടി’ എന്നീ കവിതകള്‍ പിന്‍വലിക്കണമെന്ന് ശശിധരന്‍ പത്രാധിപരോട് ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ചില രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കവി ന്യൂസ്‌റപ്റ്റിനോട് ആവര്‍ത്തിച്ചു.

അയക്കുന്നതിന് മുന്നേ തന്നെ ചിന്തിക്കേണ്ടതായിരുന്നു. പക്ഷെ, ചര്‍ച്ചകള്‍ വികസിച്ചു വന്നപ്പോഴാണ് തിരിച്ചറിവുണ്ടായത്. പ്രസിദ്ധീകരിക്കേണ്ട എന്നാവശ്യപ്പെട്ട് പത്രാധിപര്‍ക്ക് മെയില്‍ അയച്ചു. ഇത്രയേ ഉണ്ടായിട്ടുള്ളൂ. ഞാനൊരു അപ്രസക്തനായ മനുഷ്യനാണ്.

എം എന്‍ ശശിധരന്‍

അഫ്ഗാന്‍ സ്വതന്ത്രമായി, മോചിപ്പിക്കപ്പെട്ടു എന്ന രീതിയിലാണ് മാധ്യമം ദിനപത്രം തലക്കെട്ടിട്ട് വാര്‍ത്ത നല്‍കിയതെന്നും ശശിധരന്‍ മുകാമി പറഞ്ഞു. താലിബാന്‍ ഭരണകൂടത്തിന്റെ നിലപാട് എന്താണെന്നും അതിനെ മാധ്യമം എങ്ങനെയാണ് മനസിലാക്കുന്നതെന്നും അവര്‍ എങ്ങനെയാണ് അത് ജനങ്ങളെ അറിയിക്കുന്നതെന്നും വലിയ വിഷയമാണ്. ഇന്ത്യയില്‍ ജീവിക്കുന്ന നമുക്ക് വളരെ കൃത്യമായി ഈ കാര്യങ്ങള്‍ ബോധ്യമാകുന്നുണ്ട്. രാജ്യത്ത് അതിനേക്കാള്‍ ഭീകരമായ താലിബാനാണ് ഉള്ളത്. ഹിന്ദു തീവ്രവാദ ശക്തികള്‍ ഭരണത്തിലേറി എല്ലാ മേഖലയിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ പേര് നീക്കം ചെയ്യുന്നു, ജാലിയന്‍ വാലാബാഗ് ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളില്‍ മാറ്റം വരുത്തുന്നു. വെടിയുണ്ടകളുടെ പാടുകള്‍ പോലും അടച്ചുകളയുകയാണ്. ചരിത്രത്തെ മാറ്റുകയാണ്. അതുപോലൊരു താലിബാന്‍ ഇന്ത്യയില്‍ വളര്‍ന്നുവരുമ്പോള്‍ രാജ്യത്തിന് തൊട്ടടുത്ത് നടക്കുന്ന ഇങ്ങിനെയൊരു സംഭവത്തോടുള്ള പ്രതികരണം വളരെ പ്രധാനപ്പെട്ടതാണ്. രണ്ടും നേരിട്ടുകൊണ്ടാണ് മുന്‍പോട്ട് പോകേണ്ടത്.

കവിതകള്‍ എഴുതാറുണ്ടായിരുന്നെങ്കിലും പ്രസിദ്ധീകരണത്തിന് അയക്കാറുണ്ടായിരുന്നില്ല. ക്ലബ്ബ് ഹൗസിലെ കൂട്ടായ്മയില്‍ കവിത ചൊല്ലിയപ്പോള്‍ സുഹൃത്തുക്കള്‍ ‘കവിത പൂഴ്ത്തിവെയ്ക്കരുത്’ എന്ന് പറഞ്ഞു. അവര്‍ നിര്‍ബന്ധിച്ചതിനേത്തുടര്‍ന്നാണ് മെയില്‍ ഐഡി കിട്ടിയ രണ്ട് മുഖ്യാധാര വാരികകള്‍ക്ക്, മാധ്യമത്തിനും മറ്റൊരു വാരികയ്ക്കും കവിതകള്‍ അയച്ചത്. അയക്കുമ്പോള്‍ അത്ര ആലോചിച്ചിരുന്നില്ല. പിന്നീടാണ് പുതിയ സംഭവവികാസങ്ങളേക്കുറിച്ചും മാധ്യമത്തിന്റെ നിലപാടുകളേക്കുറിച്ചും കൂടുതല്‍ ആലോചിക്കുന്നതെന്നും എം എന്‍ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ‘ചില രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍’; അയച്ച കവിതകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമം ആഴ്ച്ചപ്പതിപ്പിനോട് കവി