കൊവിഡ് ലോക്ഡൗണ്‍ ലംഘിച്ച് വിവാഹവിരുന്നിനെത്തിയവര്ക്ക് തവളച്ചാട്ടം ശിക്ഷ വിധിച്ച് അധികൃതര്‍. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. ഉമരി ഗ്രാമത്തില്‍ വിവാഹം നടക്കുന്നതറിഞ്ഞ് പരിശോധനക്കെത്തിയതായിരുന്നു പൊലീസ്. മുന്നൂറോളം പേരാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെതത്തിയത്. പൊലീസ് വിവാഹവേദിയിലെത്തിയതോടെ അതിഥികള്‍ ചിതറിയോടി. കുറച്ചുപേരെ വളഞ്ഞിട്ട് പിടിച്ച ശേഷം പൊലീസ് തവള ചാടിക്കുകയായിരുന്നു.
17ഓളം പേരെ തവള ചാടിക്കുന്നതിന്റേയും പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരിലൊരാള്‍ നന്നായി ചാടാത്തതിന് ഒരു യുവാവിന്റെ പുറത്ത് വടി കൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം. തവള ചാടിക്കലിന് ശേഷം പൊലീസ് എല്ലാവരേയും താക്കീത് ചെയ്ത് വിട്ടയച്ചു. വീഡിയോ വൈറലായതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുയരുന്നുണ്ട്. ‘അവര്‍ പാവപ്പെട്ടവരും പിന്നോക്ക വിഭാഗത്തില്‍ പെട്ടവരുമായതുകൊണ്ടാകും പൊലീസ് ഇങ്ങനെ ചെയ്യുന്നത്, ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ വലിയ ആള്‍ക്കൂട്ടവുമായി കല്യാണം നടത്തുന്നത് ഞാന്‍ കാണുന്നുണ്ട്, ഇങ്ങനെ ചെയ്യിക്കുന്നതുകൊണ്ട് പൊലീസിന് എന്താണ് നേട്ടം?’ തുടങ്ങിയ കമന്റുകള്‍ ട്വീറ്റിന് കീഴിലെത്തി.
ബിഹാര്‍ കിഷന്‍ഗഞ്ചില്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചതിന് ഒരു ഡസന്‍ ചെറുപ്പക്കാരെ അധികൃതര്‍ നിലത്ത് ഇഴയിക്കുന്നതിന്റേയും തവള ചാട്ടം ചാടിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ച്ച പുറത്തുവന്നിരുന്നു. മധ്യപ്രദേശ് പൊലീസ് മാസ്ക് ധരിച്ചില്ലെന്ന പേരില്‍ സാഗര്‍ സ്വദേശിനിയായ സ്ത്രീയെ വലിച്ചിഴച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും വിവാദമായി. കേരളത്തില്‍ യതീഷ് ചന്ദ്ര ഐപിഎസ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വൃദ്ധരുള്പ്പെടെയുള്ളവരെ ഏത്തമിടീച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.