പശ്ചിമ ബംഗാള്‍ ഏഴാംഘട്ട തെരഞ്ഞെടുപ്പില്‍; ഐഷി ഘോഷ് അടക്കമുള്ളവര്‍ക്ക് ഇന്ന് ജനം വിധിയെഴുതും; കൊവിഡില്‍ മരിച്ച സ്ഥാനാര്‍ത്ഥികള്‍ മൂന്ന്

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലേക്ക് കടന്ന് പശ്ചിമബംഗാള്‍. അഞ്ച് ജില്ലകളിലെ 34 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് രാഷ്ട്രീത്തില് അരനൂറ്റാണ്ട് തികയ്ക്കുന്ന മുന്‍ മന്ത്രി സുബ്രതാ മുഖര്‍ജി അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖര്‍ ഇന്നാണ് ജനവിധി തേടുന്നത്.

നടി സായോനി ഘോഷ്, മുന്‍മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, ശോഭന്‍ദേബ് ചതോപാധ്യായ, മാളോയ് ഘട്ടക് തുടങ്ങിയവരാണ് തൃണമൂലില്‍ നിന്ന് ഇന്ന് ജനനിധി തേടുന്ന പ്രമുഖര്‍. സാമ്പത്തിക വിദഗ്ധന്‍ അശോക് ലാഹിരി, നടന്‍ രുദ്ര നീല്‍ ഘോഷ്, തൃണമൂലില്‍നിന്നെത്തിയ ജിതേന്ദ്ര തിവാരിയുമടക്കമുള്ളവരാണ് ബിജെപിയില്‍ ഇന്ന് പോര്‍ക്കളത്തിലുള്ളത്.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷയും എസ്എഫ്‌ഐ ദേശീയ നേതാവുമായ ഐഷി ഘോഷും ഏഴാംഘട്ട തെരഞ്ഞെടുപ്പിലാണ് ജനവിധി തേടുന്നത്. ഇടത് കോട്ടയായ ജാമുരിയയില്‍നിന്ന് സംയുക്ത മുന്നണി സ്ഥാനാര്‍ത്ഥിയായാണ് ഐഷി ഘോഷ് മത്സരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് ശ്രദ്ധേയനായ ഫുവാദ് ഹാലിമും ബാലിഗഞ്ചില്‍നിന്ന് ഇന്ന് മത്സരം നേരിടുന്നുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഏഴാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥി കാജല്‍ സിന്‍ഹ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ എണ്ണം മൂന്നായി. നേരത്തെ സംയുക്ത മുന്നണിയിലെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.