ബിജെപിയെ തുണയ്ക്കാതെ ബംഗാള്‍; 200 ഇടത്ത് തൃണമൂല്‍ തേരോട്ടം, മമതയ്ക്ക് നന്ദിഗ്രാം തുലാസില്‍

കൊല്‍ക്കത്ത: ബിജെപിയെ ഏറെ പിന്നിലാക്കി പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തരംഗം. ആകെ 292 സീറ്റുകളില്‍ 206 ഇടത്തും തൃണമൂല്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് 85 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നേറ്റമുള്ളത്. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് നിലവില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

ബിജെപി ഏറെ പ്രതീക്ഷയോടെ നോട്ടമിട്ടായിരുന്നു ബംഗാളില്‍ പോരിന് ഇറങ്ങിപ്പുറപ്പെട്ടത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ ബിജെപിയും തൃണമൂലും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് തൃണമൂല്‍ തേരോട്ടം ശക്തമാക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 211 സീറ്റുകളായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ബിജെപി 44 സീറ്റുകളും നേടിയിരുന്നു. ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികാരത്തിലെത്തുക എന്ന സ്വപ്‌നത്തില്‍നിന്ന് ഏറെ പിന്നിലായിരിക്കുകയാണ് എന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍, മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നന്ദിഗ്രാമിലെ പോരാട്ടം നൂല്‍പ്പാലത്തിലാണ്. നന്ദിഗ്രാമില്‍ തൃണമൂലില്‍നിന്നും പടിയിറങ്ങി ബിജെപി പാളയത്തിലെത്തിയ സുവേന്ദു അധികാരിയാണ് മമതയുടെ എതിരാളി. അതുകൊണ്ടുതന്നെ മമതയ്ക്ക് ഇത് അഭിമാനപോരാട്ടമാണ്. മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സുവേന്ദുവാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്നത്. സുവേന്ദുവിന് വലിയ പിന്തുണയുള്ള മണ്ഡലമാണിത്. സുവേന്ദുവിന്റെ ലീഡ് നില താഴുകയാണെന്നാണ് അവസാനം ലഭിഗക്കുന്ന വിവരം.