എന്താണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്ന ഡിജിറ്റൽ കറൻസി; ഉടമസ്ഥത, ഇടപാടുകൾ എങ്ങനെ?

രാജ്യത്ത് ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. റിസർവ് ബാങ്കായിരിക്കും പുതിയ ഡിജിറ്റൽ കറൻസി പുറത്തിറക്കുക. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കറൻസി 2022-23 സാമ്പത്തിക വർഷത്തിൽ പുറത്തിറക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

എന്താണ് ഡിജിറ്റൽ കറൻസി

ഡിജിറ്റൽ അഥവാ ഇലക്ട്രോണിക് രൂപത്തിൽ മാത്രം വിനിമയം സാധ്യമാകുന്ന കറൻസിയാണ് ഡിജിറ്റൽ കറൻസി. ഇന്റർനെറ്റ് ഇടപാടുകൾക്കും വ്യാപാരങ്ങൾക്കും ഇവ ഉപയോഗിക്കാം. കറൻസികളായി തന്നെ പരസ്‌പരം വിനിമയം ചെയ്യാനുമാകും. ബാങ്ക് അക്കൗണ്ടുകളുടെയോ, ഇടപാടുകളുടെയോ മറ്റ് ഇടനിലക്കാരുടെയോ ആവശ്യം ഡിജിറ്റൽ കറൻസി വിനിമയത്തിന് ഉണ്ടാവില്ല. അതിനാൽ നേരിട്ട് കൈമാറ്റം ചെയ്യാൻ സാധിക്കുകയും തദ്വാരാ വിനിമയനിരക്കുകൾ ഇല്ലാതാകുകയും ചെയ്യും.

കേന്ദ്രീകൃത രീതിയിലും വികേന്ദ്രീകൃത രീതിയിലും ഡിജിറ്റൽ കറൻസികൾ ലോകത്ത് നിലവിലുണ്ട്. ഇന്ത്യയിൽ കേന്ദ്രീകൃത സ്വഭാവത്തിലുള്ള ഫിയറ്റ് കറൻസിയാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ സിബിഡിസി വിഭാഗത്തിൽ ഉള്ളതായിരിക്കും ഇന്ത്യയിലെ ഡിജിറ്റൽ കറൻസി. കറൻസികൾ പുറത്തിറക്കുന്നതിനും വിതരണം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഉണ്ടായിരിക്കും. ഇന്ത്യയിൽ റിസർവ് ബാങ്കിന് തന്നെയായിരിക്കും ഈ ചുമതല. ബിറ്റ്‌കോയിൻ പോലെ ലോകത്ത് പ്രചാരത്തിലുള്ള ഡിജിറ്റൽ കറൻസികൾ വികേന്ദ്രീകൃത സ്വഭാവമുള്ളവയാണ്.

ഡിജിറ്റൽ കറൻസികളെ പൊതുവേ ക്രിപ്റ്റോ കറൻസികൾ എന്ന് വിളിക്കാറുണ്ടെങ്കിലും എല്ലാ ഡിജിറ്റൽ കറൻസികളും ക്രിപ്റ്റോ കറൻസികളല്ല. സിബിഡിസി കറൻസികൾ കൂടാതെ വിർച്വൽ കറൻസികൾ, ക്രിപ്റ്റോ കറൻസികൾ എന്നിവ ഡിജിറ്റൽ കറൻസികളുടെ വകഭേദങ്ങളാണ്. ഒരു പൊതു നിയന്ത്രണ സംവിധാനം ഇല്ലാത്ത, വികസിപ്പിച്ചെടുക്കുന്ന ആളുകൾ തന്നെ കൈകാര്യം ചെയ്യുന്നവയാണ് വിർച്വൽ കറൻസികൾ. ക്രിപ്റ്റോ കറൻസികളാകട്ടെ ക്രിപ്റ്റോഗ്രഫി സംവിധാനം ഉപയോഗിച്ച് നിർമിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവയാണ്. പൊതു നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാൽ ക്രിപ്റ്റോകറൻസികളെയും വിർച്വൽ കറൻസി വിഭാഗത്തിൽ പെടുത്താറുണ്ട്.

എപ്പോൾ വേണമെങ്കിലും പണമായി മാറ്റാൻ കഴിയുന്നതിനാൽ നിലവിലെ ഓൺലൈൻ ഇടപാടുകളെ ഡിജിറ്റൽ കറൻസി എന്ന് വിളിക്കാൻ കഴിയില്ല.

ഡിജിറ്റൽ വിനിമയങ്ങൾ വേഗത്തിലാകും എന്നതാണ് ഡിജിറ്റൽ കറൻസികളുടെ പ്രധാന പ്രത്യേകത. വിനിമയ നിരക്കുകൾ ഉണ്ടാവില്ല. അന്താരാഷ്ട്ര വിനിമയവും എളുപ്പത്തിൽ സാധ്യമാകും. ബാങ്ക് അക്കൗണ്ടുകളുടെയോ ഇടപാടുകളുടെയോ ആവശ്യമില്ല എന്നിവയൊക്കെയാണ് പ്രധാന ഗുണങ്ങളായി ഉയർത്തിക്കാണിക്കുന്നത്. ഇന്റർനെറ്റ് അധിഷ്ഠിത ജീവിതത്തിലേക്ക് ആളുകൾ കൂടുതലായി മാറുന്നതോടെ ഡിജിറ്റൽ കറൻസികളായിരിക്കും പ്രാമുഖ്യം നേടുക.ലോകത്തെ 80 ശതമാനം സെൻട്രൽ ബാങ്കുകളും ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുന്നതിനെക്കുറിച്ച് ഗവേഷണത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

വാണിജ്യ ബാങ്കുകളുടെ ഇടനില ഇല്ലാതെ പുറത്തിറക്കുകന്നവയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ. ഇന്ത്യയിൽ ജനങ്ങളിലേക്ക് ഇത് എങ്ങനെ എത്തുമെന്നും വിനിമയ വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡിജിറ്റൽ കറൻസികളുടെ മൂല്യത്തിൽ വലിയ വ്യത്യാസങ്ങൾ അടിക്കടി ഉണ്ടായേക്കാം എന്നത് ഒരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹാക്ക് ചെയ്യാനുള്ള സാധ്യതയും ഉണ്ട്. ലോകത്ത് ഡിജിറ്റൽ കറൻസികൾ പലരാജ്യത്തും പലമേഖലയിലും ഇതിനോടകം വ്യാപകമായിട്ടുണ്ട്. സ്വകാര്യ ക്രിപ്റ്റോ കറൻസികൾ കേന്ദ്രസർക്കാർ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്.