കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. മെയ് ഏഴിന് മാത്രം മരിച്ചത് 4,187 പേരാണ്. ഇതുവരെ 2.38 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായി. ഇതിനിടെ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പലരിലും ആശങ്കയുളവാക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനൊപ്പം 130 കോടിയോളം വരുന്ന ജനസംഖ്യയും വാക്സിന് ദൗര്‍ലഭ്യവുമാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. ഇതിനിടെ റഷ്യന്‍ വാക്സിനായ സ്പുട്നിക് ലൈറ്റിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര ഉപയോഗ അനുമതി നല്‍കിയത് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
എന്താണ് സ്പുട്നിക് ലൈറ്റ്?
വാക്സിനേഷന് പൂര്‍ത്തിയാകാന്‍ രണ്ടാം ഡോസിന് കാത്തിരിക്കേണ്ടതില്ല എന്നതാണ് സ്പുട്നിക് ലൈറ്റിന്റെ ഏറ്റവും വലിയ സവിശേഷത. ഒറ്റ ഡോസ് വാക്സിനുകള്‍ ഉപയോഗിച്ച് വലിയ ജനസമൂഹങ്ങള്‍ക്കിടയില്‍ അതിവേഗം വാക്സിനേഷന് നടത്താം. ഇരട്ടി വേഗത്തിലുള്ള വാക്സിനേഷന് തീവ്രവ്യാപനത്തെ പിടിച്ചുകെട്ടുമെന്ന് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയെങ്കില്‍ സാമൂഹിക പ്രതിരോധം (Herd Immunity) വളര്‍ത്തിയെടുക്കുന്നതില്‍ ഈ വാക്സിന് വലിയ മുതല്‍ക്കൂട്ടാകും.
സ്പുട്നിക് ലൈറ്റിന്റെ സവിശേഷതകള്‍
വാക്സിനേഷന് പൂര്‍ത്തിയാകാന്‍ രണ്ടാം ഡോസിന് കാത്തിരിക്കേണ്ടതില്ല എന്നതാണ് സ്പുട്നിക് ലൈറ്റിന്റെ ഏറ്റവും വലിയ സവിശേഷത. ഒറ്റ ഡോസ് വാക്സിനുകള്‍ ഉപയോഗിച്ച് വലിയ ജനസമൂഹങ്ങള്‍ക്കിടയില്‍ അതിവേഗം വാക്സിനേഷന് നടത്താം. ഇരട്ടി വേഗത്തിലുള്ള വാക്സിനേഷന് തീവ്രവ്യാപനത്തെ പിടിച്ചുകെട്ടുമെന്ന് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
കൊവിഡ് 19 വൈറസിനെതിരെ 79.4 % ഫലക്ഷമത
91.7 % പേരിലും വാക്സിനെടുത്ത് 28 ദിവസത്തിനകം വൈറസിനെ നിര്‍വ്വീര്യമാക്കുന്ന ആന്റിബോഡികള്‍
96.9% പേരിലും എല്ജിജി ആന്റിബോഡികള്‍ രൂപപ്പെട്ടു
100% പേരുടെ ശരീരത്തിലും കൊറോണ വൈറസ് എസ് പ്രോട്ടീനോട് പ്രതികരിക്കാനുള്ള ശേഷി
വില 700 രൂപയോളം
2-8 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാം
ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയില്ല
അടുത്ത രണ്ട് മാസത്തിനിടെ വരുന്ന എല്ലാ കൊവിഡ് വകേഭദങ്ങള്ക്കെതിരെ ഫലപ്രദമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
Also Read: കൊവിഡ് സുനാമിയിൽ ഒഴുകിപ്പോകാതിരിക്കാൻ വിദഗ്ധരുടെ 21 നിർദ്ദേശങ്ങൾ
എന്തെങ്കിലും പോരായ്മകളുണ്ടോ?
കൊവിഡ് ലൈറ്റ് വാക്സിന് നല്കുന്ന പ്രതിരോധശേഷി ദീര്‍ഘകാലം നീണ്ടുനില്‍ക്കുമോയെന്ന് വ്യക്തമല്ലെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഏത് സിംഗിള്‍ ഡോസ് വാക്സിന് ആയാലും ശക്തമായ ക്ലിനിക്കല്‍ ഫലക്ഷമതാ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ചെയ്യപ്പെടുകയാണെങ്കില്‍ സ്വീകരിക്കുക തന്നെ വേണമെന്ന് പ്രശ്സ്ത വൈറോളജിസ്റ്റ് ഡോ. ഗഗന്‍ദീപ് കാങ്ങ് പറയുന്നു. ദീര്‍ഘകാലത്തേക്ക് പ്രതിരോധം നല്കുന്ന കാര്യത്തില്‍ സ്പുട്നിക് ലൈറ്റ് എല്ലാം തികഞ്ഞ വാക്സിനല്ലെന്ന് ഗ്ലോബല്‍ ഡേറ്റ ഹെല്‍ത് കെയര്‍ ഡയറക്ടര്‍ മൈക്കിള്‍ ബ്രീന് ചൂണ്ടിക്കാട്ടി. പക്ഷെ, പെട്ടെന്നുള്ള വ്യാപനത്തെ നിയന്ത്രിക്കാന്‍ ഉപകരിക്കും. പിന്നീട് ഒരു ഡോസ് കൂടി വരികയാണെങ്കില്‍ വളരെ വിജയ സാധ്യത സ്പുട്നിക് ലൈറ്റിനുണ്ടെന്നും ബ്രീന് കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയില്‍ എപ്പോള്‍ മുതല്‍ ലഭ്യമാകും?
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (ആര്‍ഡിഐഎഫ്) ഇന്ത്യയിലെ പ്രധാന പാട്ണര്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. നിലവില്‍ സ്പുട്നിക് ഫൈവ് വാക്സിന്റെ വിതരണമേറ്റെടുത്തിരിക്കുന്നത് ഡോ. റെഡ്ഡീസ് ആണ്. ഇപ്പോള്‍ സ്പുട്നിക് ഫൈവ് വിപണിയിലെത്തിക്കുന്നതിന് മുന്‍പ് നടത്തേണ്ട പരിശോധനകളിലാണ് ഇവര്‍. പ്രധാനപ്പെട്ട ചില അനുമതികള്‍ കൂടി സ്പുട്നിക് ലൈറ്റ് നേടിയെടുക്കേണ്ടതുണ്ടെന്നും അടുത്തയാഴ്ച്ചയോടെ ലഭ്യതയേക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്നും ഡോ. റെഡ്ഡീസ് പ്രതികരിച്ചു.