വിജയക്കൊയ്ത്തുകളുടെ നായകന് വിവാദങ്ങളിലൂടെ പടിയിറക്കം; ബിസിസിഐ-കോലി ഭിന്നത രാജിയിലേക്ക് നയിച്ചതെങ്ങനെ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന് വിരാട് കോലി ശനിയാഴ്ച്ച വൈകുന്നേരം പ്രഖ്യാപിച്ചു. അപ്രതീക്ഷിതം എന്ന് ചിലർ പറയുമ്പോഴും കോലിയുടെ വ്യക്തിപരമായ തീരുമാനം എന്ന് ബിസിസിഐ അധ്യക്ഷൻ ഗാംഗുലി വിലയിരുത്തുമ്പോഴും കുറച്ചധികനാളായുള്ള വിവാദങ്ങളുടെ പര്യവസാനമാണ് ഈ രാജി എന്നത് വ്യക്തം. സമ്മർദങ്ങളിലൂടെ രാജിയിലേക്ക് കോലിയെ കൊണ്ടെത്തിക്കുകയ്യായിരുന്നു എന്ന് ആരാധകരും സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയക്കൊയ്ത്തുകൾ നടത്തിയ നായകന്റെ പടിയിറക്കത്തിന്റെ നാൾവഴികൾ ഇങ്ങനെ:

കഴിഞ്ഞ വർഷം സെപ്റ്റംബറോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. കോലി ട്വന്റി20 ലോകകപ്പിനു ശേഷം ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻസി രാജിവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ട്വന്റി20ക്ക് ശേഷം ഏകദിന നായകസ്ഥാനവും ഒഴിയുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഈ ഘട്ടങ്ങളിൽ അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

ദിവസങ്ങൾക്ക് ശേഷം ട്വന്റി20 ലോകകപ്പിനു പിന്നാലെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന തീരുമാനം വിശദീകരിച്ച് കോലി ട്വീറ്റ് ചെയ്‌തു. ഐപിഎലിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയുമെന്നും സെപ്റ്റംബറിൽ തന്നെ കോലി പറഞ്ഞു. തന്റെ ജോലിഭാരം കുറയ്ക്കണമെന്ന താത്പര്യം മുനിർത്തിയെന്ന തീരുമാനമാണ് ഇതെന്ന് അന്ന് അദ്ദേഹം പറഞ്ഞു.

India one of the top two teams across formats - Virat Kohli

നവംബറിൽ നടന്ന ട്വന്റി20 ലോകകപ്പിൽനിന്ന് ഇന്ത്യ സെമി കാണാതെ പുറത്ത് പോയതോടെ കോലിക്ക് നേരെ സമാനതകളില്ലാത്ത വിമർശനം ഉയർന്നു. പ്രത്യേകിച്ച് പാകിസ്ഥാനോടുള്ള തോൽവിയുടെ പേരിൽ ഉൾപ്പെടെ. ന്യൂസീലൻഡിന് എതിരെയുള്ള ട്വന്റി20 പരമ്പരയിൽ രോഹിത് ശർമ ഇന്ത്യൻ നായകനായി.

നവംബറിൽ തന്നെ മുൻ പരിശീലകൻ രവി ശാസ്ത്രി നടത്തിയ പരാമർശം ശ്രദ്ധേയമായി. ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ സ്ഥാനവും വിരാട് കോലി ഒഴിഞ്ഞേക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പരാമർശത്തിന് തൊട്ട് മുൻപ് നടന്ന ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് ടീമിൽനിന്ന് കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു.

ഡിസംബറോടെ കാര്യങ്ങൾ കൂടുതൽ മുറുകി. ഏകദിന ക്യാപ്റ്റൻ‌ സ്ഥാനത്തുനിന്നും കോലിയെ മാറ്റിതായി ബിസിസിഐ പ്രഖ്യാപിച്ചു. ചീഫ് സിലക്ടർ ഇത് കോലിയെ ഔദ്യോഗികമായി അറിയിച്ചു. ദക്ഷിണാഫ്രിക്കൻ ഏകദിന പര്യടനത്തിന് തൊട്ട് മുൻപായിരുന്നു ഈ നടപടി.

കോലിയെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നും സ്ഥാനത്ത് തുടരണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് ബിസിസിഐ പ്രസിഡണ്ട് ഗാംഗുലി പറഞ്ഞത്. എന്നാൽ തന്നോട് മുൻകൂട്ടി ഒന്നും സംസാരിച്ചിരുന്നില്ലെന്നും ഏകദിന ക്യാപ്റ്റനായി തുടരാനുള്ള സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് കോലി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നായകനായി നിയമിച്ച രോഹിത് ശർമയുമായി പ്രശ്നങ്ങളില്ലെന്നും ദക്ഷിണാഫ്രിക്കയിൽ കളിക്കാൻ തയാറാണെന്നും കോലി പിന്നീട് പറഞ്ഞു. ആവർത്തിച്ചും കോലി മാധ്യമങ്ങൾക്കു മുന്നിലെത്തി.

ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ പരിക്കുമൂലം കോലി പുറത്തായി. മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റനായി തിരിച്ചെത്തി. പരമ്പരയിലെ തോൽവിക്കു പിന്നാലെ ശനിയാഴ്ച്ച ക്യാപ്റ്റൻ സ്ഥാനം രാജിവച്ചുകൊണ്ട് പ്രഖ്യാപനം.

ബിസിസിഐ അധികാരികളുമായുള്ള ഭിന്നത കാരണം കോലിയെ ടാർഗറ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരാധക പക്ഷം.

എന്നാൽ തീർത്തും കോലിയുടെ വ്യക്തിപരമായ തീരുമാനമാണ് എന്നാണ് ബിബിസിഐ അഭിപ്രായപ്പെടുന്നത്.