സർവകലാശാലകളിൽ ഗവർണർക്കെന്ത് കാര്യം? നിയമവ്യാഖ്യാനങ്ങൾ പറയുന്നതിങ്ങനെ

കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമന വിഷയത്തിന് പിന്നാലെ കാലടി, കേരള സർവകലാശാലകളിലെ ഡി.ലിറ്റ് വിവാദം കൂടി കനപ്പെട്ടതോടെ സർവകലാശാലകളുടെ ചാൻസലർ എന്ന ഗവർണറുടെ പദവിയെച്ചൊല്ലി പോര് മുറുകുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചാൻസലർ പദവിയിൽ തുടരാനാവില്ലെന് നിലപാടെടുത്തിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സാധാരണ ഗതിയിൽ ഒരു സംസ്ഥാനത്തിന്റെ ഗവർണർ തന്നെയാണ് ആ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായി വർത്തിക്കുന്നത്. ഓരോ സംസ്ഥാനത്തിനും തങ്ങൾക്ക് കീഴിലുള്ള സർവ്വകലാശാലകളുടെ ഭരണകാര്യങ്ങൾ തീരുമാനിക്കുന്ന നിയമ-നിർദ്ദേശങ്ങളുണ്ട്. ഇതിൽ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണറുടെ ഇടപെടലുകൾ ചിലപ്പോഴൊക്കെ വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്. ആർക്ക് ഡി.ലിറ്റ് നൽകണമെന്നതും സർവകലാശാല സിന്റിക്കേറ്റിന്റെ പൂർണ തീരുമാനത്തിന് വിധേയമാണ്. എന്നാൽ രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്കണമെന്നുള്ള ഗവർണറുടെ നിർദ്ദേശത്തിനും സർവകലാശാലയുടെ നിരാകരണത്തിനും രാഷ്ട്രീയമാനം കൂടി കൽപ്പിക്കപ്പെട്ടതോടെ അതും വിവാദമാകുകയായിരുന്നു.

കേരള ഗവർണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ‘മന്ത്രിസഭയുടെ നിർദേശ-ഉപദേശങ്ങൾക്ക് വിധേയമായിട്ടാണ് ഗവർണർ പ്രവർത്തിക്കുന്നതെങ്കിലും, ചാൻസലർ എന്ന പദവിയിൽ സ്വതന്ത്രനായാണ് തീരുമാനങ്ങളെടുക്കുന്നത്. സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവർണർ സ്വയം തീരുമാനമെടുക്കുന്നു.’ എന്നാൽ രാജ്ഭവന്റെ വെബ്സൈറ്റ് ഇതിന് വിപരീതമായി രേഖപ്പെടുത്തിയിരിക്കുന്നു. ‘സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് അവരുടെ നിർദ്ദേശപ്രകാരമാണ് ഗവർണർ വൈസ് ചാൻസലർമാരെ നിയമിക്കുന്നത്,’ എന്നാണ് എഴുതിയിരിക്കുന്നത്.

ഗവർണറുടെ ചാൻസലർ പദവിയുമായി ബന്ധപ്പെട്ട് പുഞ്ചി കമ്മീഷൻ 2010ൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബന്ധത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ നിയോഗിക്കപ്പെട്ടതായിരുന്നു ജസ്റ്റിസ് മദൻ മോഹൻ പുഞ്ചിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ. ചാൻസലറുടെ അധികാരവുമായി ബന്ധപ്പെട്ട് കമ്മീഷൻ പറയുന്നതിങ്ങനെ: ‘ഒരു നിയമത്തിന് കീഴിലും ഗവർണ്ണർക്ക് വെറുതേ അധികാരങ്ങൾ നൽകാൻ കഴിയില്ല.’ …’ഭരണഘടനാ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമായിരിക്കണം ചാൻസലറുടെ പദവി,’ എന്ന് കമ്മീഷൻ നിർദ്ദേശിക്കുന്നു.

‘ഗവർണറെ സർവകലാശാല ചാൻസലറായി അധികാരപ്പെടുത്തുന്ന രീതിക്ക് ചരിത്ര പശ്ചാത്തലവും പ്രാധാന്യവും ഉണ്ടായിരുന്നിരിക്കാം, എന്നാൽ കാലം കടന്നുപോയപ്പോൾ ഈ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടായിട്ടുണ്ട്. മന്ത്രിസഭ തന്നെ സർവകലാശാലകളെ നിയന്ത്രിക്കുന്നത് സ്വാഭാവിക താല്പര്യമാണ്. അതിനാൽ അധികാര സംഘർഷമുണ്ടാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ട കാര്യമില്ല,’ എന്നാണ് കമ്മീഷൻ നിർദ്ദേശിക്കുന്നത്.

പുഞ്ചി കമ്മീഷൻ നിർദ്ദേശം ആധാരമാക്കി ഗവർണർമാർ സർവകലാശാലാ ചാൻസലറാകേണ്ടെന്ന്‌ നിലപാടെടുത്ത് ഉമ്മൻ ചാണ്ടി സർക്കാർ കേന്ദ്രത്തിനയച്ച കത്ത്.

ചാൻസലർ പദവിയിലെ തീരുമാനങ്ങൾ ഗവർണർ സ്വതന്ത്രമായി കൈക്കൊള്ളുന്നതിനെ അംഗീകരിക്കുന്ന നിയമവായനകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ‘ഭരണഘടനയുടെ 163(1) അനുച്ഛേദ പ്രകാരം ഗവർണറുടെ പ്രവർത്തനങ്ങൾ മന്തിസഭയുടെ നിർദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കണമെന്നും’ കമ്മീഷൻ അടിവരയിടുന്നുണ്ട്. എല്ലാ കാര്യത്തിലും സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടേണ്ടതിലെങ്കിലും, കൂടിയാലോചനകളിലൂടെ തീരുമാനത്തിലെത്തുന്നതാണ് ഭൂഷണം. എന്നാൽ തീരുമാനമെടുക്കുമ്പോൾ ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്ന് സർവകലാശാലാ ചട്ടങ്ങൾ നിർദേശിക്കുന്നുണ്ടെങ്കിൽ അത് പാലിക്കേണ്ടതാണ്. എന്നാൽ അത് നിയമപരമായ ബാധ്യതയല്ല.’

ഭരണഘടന നൽകുന്ന അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് തടസ്സമാകുന്ന രീതിയിൽ ഗവർണർക്ക് മറ്റു പദവികൾ നൽകി വിവാദഹേതുവാകാനുള്ള അവസരങ്ങൾ ഒഴിവാക്കുകയാണ് അഭികാമ്യമെന്നും പുഞ്ചി കമ്മീഷൻ പറയുന്നു. ഈ നിർദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർമാർ സർവകലാശാലാ ചാൻസലറാകേണ്ടെന്ന്‌ നിലപാടെടുത്ത് 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ കേന്ദ്രത്തിനു കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സമാനമായ നിലപാടെടുത്തതും പുഞ്ചി കമ്മീഷൻ റിപ്പോർട്ടിനെ ആധാരമാക്കിയായിരുന്നു.