’23 വയസില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?’; സോഷ്യല്‍ മീഡിയയില്‍ മുഴങ്ങുന്ന സര്‍ദാര്‍ ഉദ്ദം ഡയലോഗ്

പ്രേക്ഷകരുടേയും നിരൂപകരുടേയും മികച്ച അഭിപ്രായങ്ങള്‍ നേടിക്കൊണ്ട് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ്ങ് തുടരുകയാണ് ‘സര്‍ദാര്‍ ഉദ്ദം’. ജാലിയന്‍ വാലിയാബാഗ് കൂട്ടക്കൊലയ്ക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടീഷ് മണ്ണിലെത്തി മറുപടി നല്‍കിയ സ്വാതന്ത്ര്യ പോരാളി ഉദ്ദം സിങ്ങിന്റെ ജീവചരിത്രഭാഗങ്ങളാണ് സിനിമയുടെ പ്രമേയം. അതിശയോക്തികളില്‍ നിന്നും സമീപകാലത്തെ ചില ജിങ്കോയിസ്റ്റിക് തീവ്രദേശീയ ആക്ഷന്‍ സിനിമാശൈലികളില്‍ നിന്നും വിട്ടുമാറി ചരിത്രത്തോടും ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ നടത്തിയ മുന്നേറ്റങ്ങളോടും പരമാവധി നീതി പുലര്‍ത്താനാണ് ഷൂജിത് സര്‍ക്കാര്‍ എന്ന സംവിധായകന്‍ ശ്രമിക്കുന്നത്.

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല നീതികരിക്കാവുന്നതാണെന്ന് നിലപാടെടുത്ത അന്നത്തെ പഞ്ചാബ് ലഫ്റ്റണന്റ് ഗവര്‍ണര്‍ മൈക്കിള്‍ ഒ ഡയറിനെ സര്‍ദ്ദാര്‍ ഉദ്ദം പിന്തുടരുന്നതും തന്റേത് ഒരു രാഷ്ട്രീയ മറുപടിയാണെന്ന് സ്ഥാപിക്കാനുള്ള സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുന്നതും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിടിയിലായ ശേഷമുള്ള സംഭവങ്ങളും ഉദ്ദം സിങ്ങില്‍ ചിത്രീകരിക്കുന്നുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം പലപ്പോഴായി പരാമര്‍ശിക്കപ്പെടുന്ന പേരാണ് ഭഗത് സിങ്ങിന്റേത്. കൊളോണിയല്‍ ഭരണകൂടം പ്രവര്‍ത്തകരെ ഓരോന്നായി വേട്ടയാടിക്കൊന്ന് എച്ച്എസ്ആര്‍എയെ ഏതാണ്ട് ഇല്ലാതാക്കിക്കഴിഞ്ഞ സമയത്തും, ശേഷിക്കുന്നവര്‍ ഭഗത് സിങ്ങിന്റേയും മറ്റ് വിപ്ലവകാരികളുടേയും രക്തസാക്ഷിത്വ സന്ദേശം പോരാട്ടത്തിനുള്ള ഇന്ധനവും ഊര്‍ജ്ജവുമായി മനസില്‍ കൊണ്ടു നടക്കുന്നത് സിനിമയില്‍ കാണാം.

സര്‍ദ്ദാര്‍ ഉദ്ദമിലെ ഒരു രംഗം

മൈക്കിള്‍ ഒ ഡയര്‍ വധത്തിന് ശേഷം ബ്രിട്ടീഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നതിനിടെ വിക്കി കൗശല്‍ കഥാപാത്രം നല്‍കുന്ന മറുപടി ചിത്രം റിലീസായതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ മുഴങ്ങുന്നുണ്ട്. ഭഗത് സിങ്ങിനേക്കുറിച്ചും എച്ച്എസ്ആര്‍എയേക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥന്‍ ആരായുമ്പോഴത്തെ സംഭാഷണ ശകലം ഇങ്ങനെ.

“ഉദ്ദം സിങ്ങ്: നിങ്ങള്‍ക്ക് 23 വയസായിരുന്നപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?

ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍: ഞാന്‍ വിവാഹം കഴിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ആദ്യ കുട്ടിയെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. സേനയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിറ്റക്ടീവ് ആയിരുന്നു ഞാന്‍. സന്തോഷകരമായ കാലം.!

ഉദ്ദം സിങ്ങ്: എങ്കില്‍, നിങ്ങള്‍ ഭഗത് സിങ്ങിനേക്കുറിച്ച് സംസാരിക്കരുത്. നിങ്ങള്‍ക്ക് അദ്ദേഹത്തേക്കുറിച്ച് ഒന്നും അറിയില്ല.”

ഭഗത് സിങ്ങ്

സ്വാതന്ത്ര്യം ജീവനേക്കാള്‍ മൂല്യമുള്ളതാണെന്ന സന്ദേശം നല്‍കാന്‍ തൂക്കുകയര്‍ ഒരു അവസരമായി കണ്ട ഭഗത് സിങ്ങിനേക്കുറിച്ച് വളരെ ചെറിയ വാക്കുകളില്‍ ഉദ്ദം സിങ്ങ് നല്‍കുന്ന മൂര്‍ച്ചയേറിയ മറുപടി മറ്റ് രംഗങ്ങള്‍ക്കൊപ്പം പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. അമോല്‍ പരാശറാണ് സര്‍ദ്ദാര്‍ ഉദ്ദമില്‍ ഭഗത് സിങ്ങായെത്തുന്നത്. ഹ്രസ്വമായ സ്‌ക്രീന്‍ ടൈമേ കഥാപാത്രത്തിനുള്ളൂവെങ്കിലും അമോലിന്റെ ഭഗത് സിങ്ങ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.