സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒടിടി പ്ലാറ്റ്ഫോമിന് എന്ത് വ്യത്യസ്തതയാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് സംവിധായകന് ഡോണ്‍ പാലത്തറ. ചെറിയ ഒടിടി പ്ലാറ്റ്ഫോമുകള് ഇപ്പോള്‍ തന്നെ ഒരുപാടെണ്ണമുണ്ടെന്ന് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം, 1956-മധ്യതിരുവതാംകൂര്‍’ എന്നീ ചിത്രങ്ങളൊരുക്കിയ ഡോണ്‍ പറഞ്ഞു. പുതിയ ഒന്നുകൂടെ വന്നതുകൊണ്ട് പ്രത്യേകിച്ച് സിനിമകള്‍ക്ക് എന്താണ് ഗുണം എന്ന് അറിയില്ല. റെവന്യൂ ഷെയര്‍ മോഡലില്‍ നിന്ന് കാര്യമാത്രപ്രസക്തമായ വരുമാനമുണ്ടാകണമെങ്കില്‍ ചെറിയ എണ്ണത്തിലുള്ള കാഴ്ച്ചക്കാര്‍ പോരാതെ വരുമെന്നും സംവിധായകന് ചൂണ്ടിക്കാട്ടി.
റെവന്യു ഷെയര്‍ ഉറപ്പുവരുത്താന്‍ മാത്രം മികച്ച മോഡല്‍ ഇപ്പോഴും നമുക്കില്ല. സര്‍ക്കാര്‍ ലേബല്‍ അല്ലാതെ ആ പ്ലാറ്റ്ഫോമിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന എന്തെങ്കിലും ഉണ്ടോ?
ഡോണ്‍ പാലത്തറ
ഉണ്ടെങ്കില്‍ എന്താണ് വ്യത്യസ്തമായുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വാര്‍ത്തയില്‍ കണ്ടത് അഞ്ച് കോടി രൂപ മുതല്‍മുടക്കിലാണ് പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നതെന്നാണ്. അത് ആപ്പ് ഡെവലപ്മെന്റിനും മെയ്ന്റനന്സിനുമാകും ചെലവഴിക്കുകയെന്ന് കരുതുന്നു.
തീയറ്ററുകള്‍ എങ്ങനെ മുഖ്യധാരസിനിമകള്‍ കയ്യടക്കി വാണുവോ അതുപോലെ തന്നെ ആണു വലിയ ഒടിടി പ്ലാറ്റ്ഫോമുകളും. ആമസോണും നെറ്റ്ഫ്ലിക്സുമൊന്നും ലോക്ക്ഡൗണ്‍ സമയത്തും തീയറ്റര്‍ റിലീസ് ഇല്ലാത്ത സിനിമകള്‍ പരിഗണിക്കില്ല. അല്ലെങ്കില്‍ പിന്നെ പ്രധാനപ്പെട്ട താരങ്ങള്‍ വേണം. ഒടിടി ഒരുപാട് മെച്ചമാണെന്ന് അഭിപ്രായമില്ല. സിനിമ ചെറിയസ്ക്രീനില് കാണണ്ട എന്നൊക്കെ വാശി പിടിച്ചിരിക്കാന്‍ മാത്രം പ്രിവിലേജ് ഉള്ള സിനിമക്കാര്‍ ഇവിടെ വളരെ വിരളമാണെന്നും സംവിധായകന് ചൂണ്ടിക്കാട്ടി.
മലയാള സിനിമകള്‍ക്കായി തുടങ്ങുന്ന ഒടിടി പ്ലാറ്റ്ഫോം പദ്ധതിയുടെ റിപ്പോര്‍ട്ട് കെഎസ്എഫ്ഡിസി ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. അംഗീകാം ലഭിച്ചാലുടന്‍ വിശദമായ പദ്ധതി രേഖ തയ്യാറാക്കും. സനിമകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വില കൊടുത്ത വാങ്ങുന്ന രീതിയിയാരിക്കില്ല സര്‍ക്കാര്‍ ഒടിടിയുടേത്. പ്രദര്‍ശനത്തിന്റെ വരുമാനം നിശ്ചിത ശതമാനം കണക്കാക്കി പങ്കുവെയ്ക്കും. മികച്ച ഒടിടി പ്ലാറ്റ്ഫോമാകും സൃഷ്ടിക്കുകയെന്നും ഇതിനായി വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും കെഎസ്എഫ്ഡിസി എംഡി എന്‍ മായ പ്രതികരിച്ചു.