‘വേണ്ടെന്ന് വെച്ചത് വിനായകനെ പരിഗണിച്ച റോള്‍, ആദിവാസിയായി ടൈപ് ചെയ്യപ്പെടുന്നതില്‍ എന്താണ് കുഴപ്പം?’; മൂര്‍ അഭിമുഖം

ഒടിടി റിലീസിന് പിന്നാലെ രോഹിത് വിഎസ് സംവിധാനം ചെയ്ത ‘കള’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തി മികച്ച പ്രകടനമാണ് നടന്‍ മൂര്‍ കാഴ്ച്ചവെച്ചത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലെ ഒരു പ്രധാന വേഷത്തിലേക്ക് പരിഗണിച്ചെങ്കിലും മൂര്‍ അത് വേണ്ടെന്നുവെച്ചു. ‘നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല’ എന്ന മൂറിന്റെ പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൂടി വഴിവെച്ചിരിക്കുകയാണ്. സിനിമകളെ ചുറ്റിപ്പറ്റി ‘രാഷ്ട്രീയ അതിവായനകള്‍’ കൂടുകയാണോയെന്ന ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ മൂര്‍ ന്യൂസ്‌റപ്റ്റിന് നല്‍കിയ അഭിമുഖം.

ഷാജി കൈലാസിന്റെ കടുവയിലെ റോള്‍ വേണ്ടെന്ന് വെച്ചതിനേക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മൂറിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. മംഗലശ്ശേരി നീലകണ്ഠനേയും നരസിംഹ മന്നാഡിയാരേയും തല്ലാന്‍ ഭാഗ്യമുണ്ടാകട്ടെ എന്നൊരു പരിഹാസ കമന്റും കണ്ടു?

എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞുകഴിഞ്ഞു. അടുത്ത സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയാണ്. ആളുകള്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വായിക്കട്ടെ. ഞാന്‍ എന്റെ പണിയിലേക്ക് കയറുകയാണ്.

എന്നെ കോളനിവാണം എന്ന് വിശേഷിഷിപ്പിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. എന്ത് ചെയ്യാനാണ്? ആളുകള്‍ അവരുടേതായ രീതിയില്‍ മനസിലാക്കുന്നു. അവര്‍ അതുപൊലൊക്കെ ചെയ്യട്ടെ. കാര്യങ്ങള്‍ അറിയുകയും മനസിലാക്കുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ടാകുമല്ലോ. വിദ്യാഭ്യാസം കൊണ്ട് മാത്രം വികസിച്ചുവരുന്ന ഒന്നല്ല ഇത്തരം അറിവുകള്‍. അത് ആളുകളിലേക്കെത്തണം. മൊത്തം മാറുന്ന കാലമായിട്ടുണ്ട്. മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

‘കള’യിലെ സംഘട്ടന രംഗത്തില്‍ മൂറും ടൊവീനോയും

രാഷ്ട്രീയം പറഞ്ഞുതുടങ്ങുമ്പോള്‍ പലര്‍ക്കും പെട്ടെന്ന് മടുക്കും?

അത് എല്ലാവര്‍ക്കും മനസിലാകില്ല. ഞാന്‍ ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ ജനിച്ചുവളര്‍ന്നയാളാണ്മിഡില്‍ ക്ലാസിനെ തൃപ്തിപ്പെടുത്തുന്ന സിനിമകളാണ് ചെറുപ്പം മുതലേ കണ്ടിട്ടുള്ളത്. അവരുടെ തൊഴിലില്ലായ്മകളും മറ്റും മാത്രം വലിയ പ്രശ്‌നമായി കാണിച്ചുകൊണ്ടുള്ളത്. ഇപ്പോള്‍ അത് മാറിയിരിക്കുന്നു. എല്ലാ വിഭാഗത്തിലുള്ള മനുഷ്യരേക്കുറിച്ചും സിനിമകളുമുണ്ടാകുന്നുണ്ട്.

ഇപ്പോള്‍ ചെയ്യുന്ന ചിത്രത്തില്‍ ആദിവാസി യുവാവാണ്. അവന്റെ ജീവിതവും പ്രണയവുമൊക്കെയാണ്. ആദിവാസി യുവാവിനേക്കുറിച്ചുള്ള ആശയവും ചിന്തയുമൊക്കെ മെയ്ന്‍സ്ട്രീമില്‍ ആളുകളുടെ തലയില്‍ ഇപ്പോള്‍ വരുന്നുണ്ട്. അത് തുറക്കാന്‍ പറ്റുന്നുണ്ട്. അത് നടക്കും. ഞാന്‍ ഇല്ലെങ്കില്‍ അത് ചെയ്യാന്‍ വേറെ ആള് വരും. എനിക്ക് അതില്‍ വിഷമമൊന്നുമില്ല. കാലം മാറുക തന്നെ ചെയ്യും. ഒരു കാലത്തുണ്ടായിരുന്ന ഏസ്‌തെറ്റിക്‌സില്‍ നിന്ന് കൃത്യമായ പൊളിറ്റിക്കല്‍ ധാരണയിലേക്ക് ആളുകള്‍ മാറിക്കഴിഞ്ഞു. അംബദേക്‌റിനെയൊക്കെ മനസിലാക്കപ്പെടുന്ന ഒരു കാലമാണ്. വേടന്‍ ആളുകളിലേക്കെത്തുന്നു. പല തരത്തില്‍ ‘ഇവര്‍’ അതിനെയൊക്കെ തകര്‍ക്കാന്‍ നോക്കും. വ്യക്തിപരമായ പ്രശ്‌നങ്ങളുമായി വന്ന് അവര്‍ പൊളിക്കാന്‍ ശ്രമിക്കും.

ജാതിരാഷ്ട്രീയം കൊണ്ട് അതിവായനകള്‍ നടത്തുകയാണെന്ന നിരീക്ഷണങ്ങളുണ്ട്?

ഇത് ജാതീയതയാണെന്നോ അത്തരം ജാതി പ്രശ്‌നങ്ങള്‍ ഇവിടെ പലരും അനുഭവിക്കുന്നുണ്ടെന്നോ ഈ പറയുന്നവരില്‍ പലര്‍ക്കും അറിയില്ല. അവര്‍ അതിന്റെ തീവ്രത നേരിട്ട് അനുഭവിക്കാത്തവരാണ്. നമ്മള്‍ പണവും വിദ്യാഭ്യാസവും നേടിയെന്നൊക്കെ വിചാരിച്ച്, ആര്‍ക്കും ദോഷമില്ലാതെ, ഒളിഞ്ഞും മറിഞ്ഞും ജാതീയത പറഞ്ഞ് പോകുന്ന മനുഷ്യന്മാരല്ലേ.

കോംപ്ലക്‌സ് കൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങളെന്ന പ്രതികരണങ്ങളോട്?

കോംപ്ലക്‌സായിക്കോട്ടെ. കുറേക്കാലം അടിമയായി കഴിഞ്ഞ വിഭാഗത്തിലെ ഒരാളെ റെപ്രസെന്റ് ചെയ്ത ആളെന്ന നിലയിലാണ് ഞാനിത് പറയുന്നത്. പൊയ്കയില്‍ അപ്പച്ചന്‍ പാടിയിട്ടുണ്ടല്ലോ. ‘ആയിരത്തില്‍ അധിക വര്‍ഷം അടിമയില്‍ പെട്ട നമ്മള്‍ അടിമ മറപ്പാതാകുമോ?’. മറപ്പാതാകില്ല. കോംപ്ലക്‌സാണെങ്കില്‍ ആണ്, ശരി. എന്താണെന്ന് വെച്ചാല്‍ പറഞ്ഞോട്ടെ.

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ എന്ന അഭിപ്രായമാണോ?

അതെ. ഒരു ചര്‍ച്ച വരുമ്പോ ഇത്ര വലിയ വെപ്രാളം കാണിക്കേണ്ട ആവശ്യമൊന്നുമില്ല. അത് വിട്ടുകളയണം. ഞാന്‍ എന്റെ പണിയെടുത്തോട്ടെ. സമൂഹം അംഗീകരിക്കുന്നുണ്ടല്ലോ. പക്ഷെ, ഒരു വിഭാഗം ആളുകള്‍ക്ക് എന്നെപ്പോലൊരാളെ നായകനായി വെയ്ക്കാന്‍ കഴിയില്ല. അവര്‍ക്ക് അങ്ങനെ സങ്കല്‍പിക്കാന്‍ കഴിയില്ല. പക്ഷെ, അതിന് പറ്റുന്ന ഒരു വിഭാഗം ആളുകളും ഇവിടെയുണ്ട്.

കഥാപാത്രം തല്ലുകൊള്ളുന്നത് മോശം കാര്യമാണോ? കടുവയിലെ റോള്‍ വേണ്ടെന്നുവെയ്ക്കാന്‍ കാരണമെന്താണ്?

കടുവയില്‍ വിനായകനെ പ്ലേസ് ചെയ്ത റോള്‍ ആണ് അവര്‍ എനിക്ക് ഓഫര്‍ ചെയ്തത്. കള കണ്ടതിന് ശേഷമായിരുന്നു അത്. വിനായകന്‍ പോകുമോയെന്ന് എനിക്കറിയില്ല. ഇവര്‍ ബോധപൂര്‍വ്വം ദളിത് വിരുദ്ധത പറഞ്ഞുകളയാം, സ്ത്രീവിരുദ്ധത പറഞ്ഞുകളയാം എന്ന് പദ്ധതിയിട്ട് ചെയ്യുന്നതൊന്നുമല്ല. ശുദ്ധന്മാരായ മനുഷ്യര്‍ സിനിമ, സിനിമ എന്ന് കരുതി ചെയ്യുന്നതാണ്. അത് ഉള്ളിന്റെ ഉള്ളില്‍ നിന്ന് വരുന്നതാണ്. ഇവര്‍ ഒരു നായികയെ കാണുമ്പോള്‍ വെളുത്ത നിറമേ ഉണ്ടാകൂ. അതിലെന്ത് ചെയ്യാന്‍ പറ്റും? ഒരു ഷാജി കൈലാസിനെ മാത്രം പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. അവര്‍ക്ക് നമ്മള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമമാകും എന്നല്ലാതെ.

കടുവയിലെ റോളിനേക്കുറിച്ച് കിട്ടിയ ബ്രീഫ് എന്താണ്?

കഥ പറഞ്ഞാല്‍ അലമ്പാകില്ലേ. ഇത്ര മാത്രം പറയാം. എനിക്ക് ഇഷ്ടപ്പെടുന്ന പല ഘടകങ്ങളും അതിലുണ്ടായിരുന്നു, ഇഷ്ടപ്പെടാത്തതും. സൈക്കോ ക്രിമിനലായ ദളിതനായിട്ടായിരുന്നു. ആ കഥാപാത്രത്തില്‍ ഒരു ജാതീയ മുന്‍വിധിയുള്ളതായി എനിക്ക് തോന്നി. മാത്രമല്ല, എന്റെ ക്യാരക്ടറിന് പെയറായി അവര്‍ പരിഗണിച്ച നടി ആഴത്തില്‍ സബ് ആള്‍ട്ടേണ്‍ രാഷ്ട്രീയം പറഞ്ഞ ഒരു ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചയാളാണ്. ആ നടിയെത്തന്നെ ഇവിടെ പ്ലേസ് ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല. അവരുടെ ഉള്ളില്‍ നിന്ന് വന്നുപോകുന്നതായിരിക്കാം ഇതൊക്കെ. ആ നടി പ്രൊജക്ടിനോട് താല്‍പര്യം പ്രകടിപ്പിച്ചോ, കമ്മിറ്റ് ചെയ്‌തോ എന്ന് എനിക്കറിയില്ല.

പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അടികൊള്ളുന്നതില്‍ കുഴപ്പമുണ്ടായിട്ടല്ല. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന പേര് മാത്രമേ മാറുന്നുള്ളൂ. ഇപ്പോള്‍ അതിലും നല്ല കഥാപാത്രങ്ങളും റെപ്രസെന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംഗതികളുമുണ്ട്. അതിനിടയില്‍ പോയി ഇങ്ങനെ ഒരു അലമ്പ് കാണിക്കുന്നതെന്തിനാണ് എന്ന് തോന്നി.

ഒന്നാമന്‍ എന്ന ചിത്രത്തില്‍ വിനായകന്റെ കഥാപാത്രത്തെ കമ്പില്‍ കെട്ടി തൂക്കിക്കൊണ്ടുനടക്കുന്ന ഒരു രംഗമുണ്ട്. ആസിഡില്‍ മുക്കിയാല്‍ ആസിഡ് കറുത്തുപോകും എന്ന ഡയലോഗൊക്കെയുണ്ടായിരുന്നു. ഏറ്റവും സ്‌ക്രീന്‍ പ്രസന്‍സുള്ള നടന്‍മാരുടെ കൂട്ടത്തിലാണ് ഇപ്പോള്‍ വിനായകന്റെ സ്ഥാനം. കാര്യങ്ങള്‍ മുന്നോട്ടു തന്നെയല്ലേ?

ആളുകള്‍ ഇനി പറയാന്‍ പോകുന്നത് അതായിരിക്കും. ഒരുപാട് വര്‍ഷം അനുഭവിച്ചിട്ടേ മുന്‍നിരയിലേക്ക് വരാന്‍ പറ്റൂ എന്നൊക്കെ. അല്ലാതെ നടക്കുമോയെന്ന് നോക്കാമെന്നേ. കുറേ വര്‍ഷങ്ങള്‍ കക്കൂസ് കഴുകിയാലേ റൂമിലേക്ക് കടക്കാന്‍ പറ്റൂ എന്ന് നിര്‍ബന്ധമൊന്നും ഇല്ലല്ലോ. കഴുകേണ്ടി വന്നവരുണ്ട്. അതിന്റെ തീ നമുക്കുണ്ട് താനും. അവര്‍ എന്തുകൊണ്ട് കഴുകേണ്ടി വന്നു എന്ന് മനസിലാക്കുന്നുണ്ട് ഞാന്‍.

കളയിലെ എന്റെ കഥാപാത്രവും കടുവയില്‍ ഓഫര്‍ ചെയ്യപ്പെട്ട കഥാപാത്രവും റെപ്രസെന്റ് ചെയ്യുന്നതും പറയുന്ന രാഷ്ട്രീയവും രണ്ടാണ്. ഏതെടുക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. ജാതിവ്യവസ്ഥയിലെ പരിപാടിയൊന്നുമല്ലല്ലോ ഇപ്പോള്‍. ഇന്നതേ ചെയ്യാന്‍ പാടുള്ളൂ എന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല. നമുക്കും നായകനൊക്കെ ആകാന്‍ പറ്റുമെന്നേ. നമ്മള്‍ ആയിക്കോട്ടെന്നേ. ആയി നോക്കട്ടെ.

പതിനെട്ടാംപടിയില്‍ ആദ്യം ലഭിച്ച കേന്ദ്ര കഥാപാത്രം എങ്ങനെയാണ് നഷ്ടമായത്?

എന്റെ അച്ഛന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല. നായകനായി മാത്രമേ പോകൂ എന്ന മോഹങ്ങളൊന്നുമില്ല. പതിനെട്ടാംപടിയിലെ അയ്യപ്പനാക്കി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഷൂട്ട് തുടങ്ങി. ജിമ്മിലൊക്കെ പോകണമായിരുന്നു. പ്രോട്ടീന്‍ പൗഡര്‍ കഴിക്കണമായിരുന്നു. ഞാന്‍ അതില്‍ മടി കാണിച്ചു. എന്റെ ഉഴപ്പുകൊണ്ട് കൂടിയാണ് ആ കഥാപാത്രം നഷ്ടപ്പെടുന്നത്. അക്ഷയ് നന്നായി ചെയ്തു. എനിക്കതില്‍ വിഷമമൊന്നുമില്ല. ദളിത് അയ്യപ്പനെ വെക്കേണ്ടിടത്ത് നായര്‍ അയ്യപ്പനെ വെയ്ക്കുന്ന ഏസ്‌തെറ്റിക്‌സിനേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അക്ഷയിനെ വെച്ചു, എന്നെ മാറ്റി എന്നതല്ല പ്രശ്‌നം. പതിനെട്ടാം പടിയില്‍ ഞാന്‍ ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് കളയിലേക്ക് വിളിക്കുന്നത്. കളയിലെ കഥാപാത്രത്തേക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ശ്യാം പുഷ്‌കരന്‍ ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയച്ചിരുന്നു.

സ്‌കൂള്‍ ഡ്രാമ കരിയറിനെ എങ്ങനെയാണ് സ്വാധീനിച്ചത്?

2012ല്‍ ഞാന്‍ അവിടെ ചേര്‍ന്നതുമുതല്‍ അവിടെയുണ്ടായിരുന്ന മനുഷ്യരെല്ലാം എനിക്ക് ഇന്‍പുട്ട് തന്നിട്ടുണ്ട്. ലൈബ്രറിയും അവിടുത്തെ ജീവിതവും എന്നെ ഒരുപാട് സഹായിച്ചു. അവിടെ നിന്ന് ഞാന്‍ പഠിച്ചിറങ്ങി വന്നത് മറ്റൊരാളായാണ്. മുഴുവന്‍ കാഴ്ച്ചപ്പാടിലടക്കം വലിയൊരു മാറ്റം സംഭവിച്ചു. കുടുംബത്തില്‍ നിന്നല്ല സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് എനിക്കൊരു സ്പാര്‍ക്ക് കിട്ടുന്നത്.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഇനിയും ആളുകള്‍ വരും. അനിലേട്ടന്‍ ശരിക്കും സെറ്റായി വരുമ്പോഴേക്കും മരിച്ചുപോയി.

ജാതി കാരണം എപ്പോഴെങ്കിലും മൂറിന്റെ ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ?

ഇത് എന്റെ വ്യക്തിപരമായ പ്രശ്‌നം മാത്രല്ല എന്നതാണ് ഒന്നാമത്തെ കാര്യം. അംബേദ്കറിനേയും കാഞ്ച ഏലയ്യയേയും കടമ്മനിട്ടയേയും ദളിത് ഹിസ്റ്ററിയുമൊക്കെ വായിച്ചുണ്ടാകുന്ന അറിവില്‍ നിന്ന് കൂടിയാണ് ഈ രാഷ്ട്രീയം വരുന്നത്. ജാതിയുടെ പേരില്‍ ഏതെങ്കിലും വീട്ടില്‍ നിന്ന് ഓടിച്ചുവിട്ടു, സ്‌കൂളില്‍ കയറ്റിയില്ല എന്നതൊന്നുമല്ല എന്റെ പ്രശ്‌നം. എന്റെ പരിമിതമായ അറിവില്‍ നിന്നുള്ള മനസിലാക്കല്‍. ഞാന്‍ ദളിതനാണെങ്കിലും എന്റെ കമ്മ്യൂണിറ്റി അത് സമ്മതിക്കില്ല.

ആശാരി വിശ്വകര്‍മ്മ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഈയടുത്ത കാലം വരെ ആശാരിമാരെ ദളിതരായാണ് കണ്ടിരുന്നതും അവരോട് പെരുമാറിയിരുന്നതും. ചരിത്രത്തില്‍, ചാക്യാര്‍ കൂത്തുകളിലൊക്കെ അത് കാണാം. പക്ഷെ അത് ആശാരിമാര്‍ അംഗീകരിക്കില്ല. ‘ഞങ്ങള്‍ താഴ്ന്നവരല്ല, അമ്പലത്തില്‍ പൂജ ചെയ്യുന്നവര്‍ വരെയാണ്’ എന്നൊക്കെയാണ് ഇപ്പോള്‍ അവര്‍ പറയുക. ജാതിയും ഉപജാതിയുമൊക്കെയുണ്ടല്ലോ. ഒരു ഏണി പോലെയാണത്. ആശാരിക്ക് കൊല്ലനെ പറ്റില്ല. കൊല്ലന് ആശാരിയെ പറ്റില്ല. പുറമെ പ്രകടമാകില്ലെങ്കിലും ആളുകളുടെ ഉള്ളില്‍ അത് കിടപ്പുണ്ടാകും.

Also Read: ‘ഞാന്‍ കൂറുമാറുന്നവന്‍ അല്ല, ‘പേടിയുള്ളവരാണ് സ്ത്രീകള്‍ക്ക് ഇടം നിഷേധിക്കുന്നത്, സ്ത്രീകളെ അംഗീകരിക്കുന്നതാണ് ആണത്തം’; കുഞ്ചാക്കോ ബോബന്‍ അഭിമുഖം

പുതിയ പ്രൊജക്ട്‌ ഇഷ്ടപ്പെടാനുള്ള കാരണമെന്താണ്?

ഒരു ആദിവാസി യുവാവാണ് പ്രൊട്ടഗോണിസ്റ്റ്. ആ കമ്മ്യൂണിറ്റി നേരിടുന്ന വലിയൊരു പ്രശ്‌നം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ്. അവരുടെ ജീവിതത്തിലെ ലേയറുകള്‍ ചര്‍ച്ച ചെയ്യുന്ന, ഒരു ചെറുപ്പക്കാരന്റെ പ്രണയം പറയുന്ന പടമാണ്. കൊമേഴ്‌സ്യല്‍ സിനിമയുമാണ്. എനിക്ക് വളരെ ഇഷ്ടമായി.

കളയില്‍ അവതരിപ്പിച്ചത് അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി യുവാവിനെയാണ്. ചെയ്യാന്‍ പോകുന്നതും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കഥാപാത്രത്തെ. ടൈപ് ചെയ്യപ്പെടുമോ?

അത് നല്ല ടൈപ്പാണ്. ഒരു നായരായിട്ടൊന്നുമല്ലല്ലോ ടൈപ് ചെയ്യുന്നത്. നായരായി ടൈപ് ചെയ്യപ്പെട്ട ഒരുപാട് നടന്‍മാര്‍ ഇവിടെ അടിപൊളിയായി ജീവിക്കുന്നില്ലേ. സൂപ്പര്‍സ്റ്റാറായി ഇരിക്കുന്നില്ലേ. പിന്നെന്താണ് കുഴപ്പം? ആദിവാസിയായി ടൈപ് ചെയ്യുന്നത് നല്ലതല്ലേ. അവരുടെ കാര്യം പറയാന്‍ ഒരാളുണ്ടാകുന്നത് നല്ലതല്ലേ? മുഖ്യധാര സിനിമയിലേക്ക് ആദിവാസികളുടെ ജീവിതവും പ്രശ്‌നങ്ങളും അധികം എത്തിയിട്ടില്ലല്ലോ. അതിന്റെ ഭാഗമാകാന്‍ പറ്റുകയാണെങ്കില്‍ എനിക്ക് വലിയ സന്തോഷമാണ്. എനിക്ക് മുന്‍പേ വന്നവരുണ്ട്. ഞാന്‍ എന്റേതായ രീതിയില്‍ കുറച്ചുകൂടെ ഇടം കിട്ടാനായി പണിയെടുക്കുന്നു.

അംബേദ്കറിസ്റ്റാണോ?

എനിക്കറിയില്ല. അംബേദ്കറെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളോട് അഭിനിവേശമുണ്ട്.

തുടക്കത്തില്‍ തന്നെ ഈ ചര്‍ച്ചകളുടെ കേന്ദ്രമായത് കല്ലുകടിയായി തോന്നിയോ?

പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമയമാണ് എന്റേത്. കൂടുതല്‍ പറയാതെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് കരുതിയിരുന്ന സമയമായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ ഒരു ബ്രേക്ക് കിട്ടിയപ്പോഴേക്കും ഇവന്‍ വലിയ വായില്‍ വര്‍ത്തമാനം പറയുകയാണോ എന്ന ജഡ്ജുമെന്റുകള്‍ വരില്ലേ?

മലയാള സിനിമയില്‍ ഒരു വശത്ത് നിന്ന് വെളിച്ചം കയറിത്തുടങ്ങിയിട്ടുണ്ട്. ഒരു സൈഡില്‍ നിന്ന് പലതും പൊളിഞ്ഞുതുടങ്ങി. ആ വശത്തുകൂടെ അങ്ങുപോകാന്‍ പറ്റുമായിരിക്കും. ഇല്ലെങ്കില്‍ തമിഴ്‌നാട്ടിലോ ആന്ധ്രയിലോ പോകും. പോയി ബാലയ്യയുടെ പടത്തില്‍ അഭിനയിക്കും. ഇഷ്ടം പോലെ കാശുണ്ടാക്കി ജീവിച്ചുകൂടെ? ഞാന്‍ പിന്നെയെന്തിനാണ് നരകം പിടിച്ച പരിപാടിക്ക് നില്‍ക്കുന്നത്?