ഐടി നിയമത്തിനെതിരെ വാട്‌സ്ആപ് കോടതിയില്‍; ‘സ്വകാര്യതകളില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ല’

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്‌സ്ആപ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നിയമത്തിലുള്ള നിര്‍ദേശങ്ങള്‍ ജനങ്ങളുടെ സ്വകാര്യത സംരക്ഷണത്തെ ഇല്ലാതാക്കുന്നതാണ്. അത് തടയണമെന്നാണ് വാട്‌സ്ആപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യതകളില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ല. സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നത് വിരലടയാളങ്ങള്‍ പരിശോധിക്കുന്നതിന് തുല്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. മെയ് 25ന് ആ കാലാവധി അവസാനിക്കും.

ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പ് നിയമം അനുശാസിക്കുന്ന തരത്തില്‍ സമൂഹ മാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നു. പുതിയ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടി വന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ ഉദ്യോഗസ്ഥന്റെ ചുതലയായിരിക്കും.