ഡ്രൂ കറ്റോക്ക മാറി; ക്ലബ്ബ് ഹൗസിന്റെ പുതിയ ഐക്കണ്‍ ഇമേജ് ഡന്‍ഡാറ പാഗു

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തരംഗമായ സോഷ്യല്‍ ഓഡിയോ ആപ്പ് ക്ലബ്ബ് ഹൗസ് തങ്ങളുടെ ഐക്കണ്‍ ഇമേജ് മാറ്റി. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഇടം നേടിയവരുടേയും ആക്ടിവിസ്റ്റുകളുടേയും ചിത്രം കൃത്യമായ ഇടവേളയില്‍ കവറായി ഇടുന്ന രീതിയുടെ ഭാഗമായാണ് ക്ലബ്ബ് ഹൗസിന്റെ അപ്‌ഡേഷന്‍. ഡ്രൂ കറ്റോക്ക ബ്രസീലിയന്‍ ആക്ടിവിസ്റ്റും കലാകാരിയുമായ ഡന്‍ഡാറ പാഗുവിന് ബാറ്റണ്‍ കൈമാറുകയാണെന്ന് ക്ലബ്ബ് ഹൗസ് ട്വീറ്റ് ചെയ്തു.

ഡന്‍ഡാറ പാഗുവിനെ സ്വാഗതം ചെയ്യാം. ക്ലബ്ബ് ഹൗസ് സമൂഹത്തെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്നയാളാണ് അവര്‍. തന്റെ മനോഹരമായ ചിരിയോടെ ലോകത്തെല്ലായിടത്തും നിന്നും ഈ പ്ലാറ്റ്‌ഫോമിലേക്ക് ആളുകളെ അവര്‍ സ്വാഗതം ചെയ്യുന്നതില്‍ ഏറെ അഭിമാനം.

ക്ലബ്ബ് ഹൗസ്

ആരാണ് ഡന്‍ഡാറ പാഗു?

ആക്ടിവിസ്റ്റ്, പ്രൊഡ്യൂസര്‍ എന്നതിന് പുറമേ ബോഡി പോസിറ്റീവിറ്റി ക്യാംപെയ്‌നറുമാണ് ഡന്‍ഡാറ. കറുത്ത വര്‍ഗക്കാരായ സ്ത്രീകളില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവം. ബ്രസീലിന്റെ വടക്കു-കിഴക്കന്‍ പ്രവിശ്യയായ പെര്‍നാംബുകോ, റെസിഫെയിലാണ് ഡന്‍ഡാറയുടെ ജനനം. ബ്രസിലീലിലെ ഏറ്റവും ദരിദ്രമായ പ്രദേശം കൂടിയാണിത്. 12 കുട്ടികളില്‍ ഒരാളായ ഡന്‍ഡാറയ്ക്ക് ചെറുപ്പത്തിലേ തന്നെ നാല് സഹോദരങ്ങളെ നഷ്ടപ്പെട്ടു.

വംശവെറിയുടേയും അക്രമങ്ങളുടേയും ഇരയായിട്ടുള്ള ഡന്‍ഡാറയുടെ ക്ലബ്ബ് ഹൗസ് പ്രതികരണങ്ങള്‍ക്ക് ഏറെ കേള്‍വിക്കാരുണ്ടെന്ന് ഓഡിയോ പ്ലാറ്റ്‌ഫോം ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ-സാമൂഹിക ആശയതലത്തില്‍ നേരെ എതിര്‍ചേരിയില്‍ നില്‍ക്കുന്നവരോടുപോലും സംവദിക്കാന്‍ ഇടം കണ്ടെത്തുന്നയാളാണ് ഡന്‍ഡാറ, കറുത്ത വര്‍ഗക്കാരിയെന്ന നിലയില്‍ തന്റെ അടിസ്ഥാന അവകാശങ്ങളെ അംഗീകരിക്കാത്തവരോട് പോലും ഡന്‍ഡാറ സംസാരിക്കാന്‍ തയ്യാറാണ്. എല്ലാവരേയും ബാധിക്കുന്ന ദൗര്‍ഭാഗ്യകരമായ ഒരു രോഗമാണ് വംശീയതയെന്ന് ഡന്‍ഡാറ പറയുന്നു.

“കുറച്ച് പേരെ റേസിസം എന്ന രോഗം കൂടുതലായി ബാധിക്കും. ചിലരെ കുറഞ്ഞ തോതിലും. വംശീയതയേക്കുറിച്ച് വിശദീകരിക്കാന്‍ കറുത്തവര്‍ഗക്കാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ, എന്റേതായ കാര്യങ്ങള്‍ പറയുമ്പോള്‍ എനിക്ക് ആശ്വാസം ലഭിക്കുന്നുണ്ട്. തെറാപ്പിയിലൂടെ ഞാനത് മറികടന്നു. എന്റെയുള്ളില്‍ തന്നെ പരിഹരിച്ചതുകൊണ്ട് ഇന്ന് അതിനേക്കുറിച്ച് പറയാന്‍ എനിക്ക് കഴിയുന്നു. ലൈംഗീകാതിക്രമം ഉള്‍പ്പെടെ ഒരുപാട് സംഗതികള്‍ സഹിക്കേണ്ടതായി വന്നു. ആരെങ്കിലും എന്നെ കേള്‍ക്കുന്നുണ്ടെങ്കില്‍, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് മാറാന്‍ ആഗ്രഹമുണ്ട്. ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്.”

ജാപ്പനീസ് അമേരിക്കന്‍ വിഷ്വല്‍ ആര്‍ടിസ്റ്റ് ഡ്രൂ കറ്റോക്കയായിരുന്നു കഴിഞ്ഞ ദിവസം വരെ ക്ലബ് ഹൗസിന്റെ ഐക്കണ്‍. കലാകാരി എന്നതിന് പുറമെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് എന്ന നിലയിലും കറ്റോക്ക ശ്രദ്ധേയയാണ്. യുഎസിലെ ഏഷ്യന്‍ വംശജരോടുള്ള വിദ്വേഷത്തിനും വംശീയഅതിക്രമങ്ങള്‍ക്കുമെതിരെ കറ്റോക്ക നടത്തിയ ക്ലബ്ബ് ഹൗസ് ചാറ്റ് റൂം പ്രതികരണങ്ങള്‍ സ്വീകരിക്കപ്പെട്ടു. ക്ലബ്ബ് ഹൗസ് ജനകീയമാക്കുന്നതില്‍ വഹിച്ച പങ്കുകൂടി കണക്കിലെടുത്താണ് നന്ദി സൂചകമായി കറ്റോക്കയെ ഐക്കണാക്കിയത്.