ഇക്കോ ടെററിസ്റ്റ് എന്ന് വിളിപ്പേര്; വനംകൊള്ളക്കാരോട് വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം; ധനേഷ് കുമാറിന് പത്ത് വര്‍ഷത്തിനിടെ എട്ട് സ്ഥലം മാറ്റം

വിവാദ ഉത്തരവിനേത്തുടര്‍ന്നുള്ള വനംകൊള്ള അന്വേഷിക്കാനുള്ള പ്രത്യേക സംഘത്തില്‍ നിന്നും ഡിഎഫ്ഒ പി ധനേഷ്‌കുമാറിനെ ഒഴിവാക്കിയതും പിന്നീട് ഉള്‍പ്പെടുത്തിയതും വാര്‍ത്തയായിരുന്നു. മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ആരോപണം ഉന്നയിച്ചെന്ന പേരില്‍ കേസ് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിനേത്തുടര്‍ന്നാണ് ഫ്‌ളയിങ്ങ് സ്‌ക്വാഡ് ഡിഎഫ്ഒ ആയിരിക്കെ വയനാട്ടിലെ ഈട്ടിമരം കൊള്ള തടഞ്ഞ ധനേഷ്‌കുമാറിനെ അന്വേഷണ സംഘത്തില്‍ വീണ്ടുമുള്‍പ്പെടുത്തിയത്. ഉത്തരവിന്റെ മറവില്‍ നടന്ന മരംകൊള്ളയേക്കുറിച്ച് എട്ട് ജില്ലകളില്‍ നടത്തുന്ന അന്വേഷണത്തിന് പി ധനേഷ്‌കുമാര്‍ നേതൃത്വം നല്‍കും.

വനംകൊള്ളക്കാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികള്‍ എടുത്തതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് പി ധനേഷ്‌കുമാര്‍. 2000ല്‍ കണ്ണവം റെയ്ഞ്ച് ഓഫീസറായിരിക്കെ മരംമുറി തടയാന്‍ നടപടിയെടുത്തതിന് പ്രതിഫലമായി ലഭിച്ചത് സ്ഥലംമാറ്റം. വനംമാഫിയകളുടെ ഇടപെടലിനേത്തുടര്‍ന്ന് പത്ത് വര്‍ഷത്തിനിടെ എട്ട് തവണ ധനേഷ്‌കുമാറിനെ ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പി ധനേഷ് കുമാര്‍

മറയൂര്‍, കണ്ണവം, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലെ വനംകൊള്ളയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചത് നോട്ടപ്പുള്ളിയാക്കി. നെല്ലിയാമ്പതിയിലെ ആനവേട്ടക്കാരേയും അട്ടപ്പാടിയിലെ കഞ്ചാവ് മാഫിയേയും വയനാട്ടിലെ കടുവവേട്ട സംഘങ്ങളേയും പിടികൂടിയത് ധനേഷ് കുമാറിന്റെ നേതൃത്വത്തിലാണ്. മറയൂര്‍ റെയ്ഞ്ച് ഓഫീസറായിരിക്കെ ചന്ദനക്കൊള്ള പിടികൂടിയതിന് 2006ല്‍ സര്‍ക്കാര്‍ സ്വര്‍ണ മെഡല്‍ നല്‍കി. ചാലക്കുടിയില്‍ അന്തര്‍ സംസ്ഥാന വേട്ടക്കാരെ പിടികൂടിയതിന് നാഷണല്‍ ടൈഗര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ്.

വനംകയ്യേറ്റം മൂലം നഷ്ടപ്പെട്ട 7500ലധികം വനഭൂമി ധനേഷ്‌കുമാറിന്റെ ഇടപെടലിലൂടെ വനംവകുപ്പ് തിരികെ പിടിച്ചു. നാലായിരത്തോളം ഏക്കര്‍ വനഭൂമി തിരിച്ചുപിടിച്ചിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും സ്വകാര്യ വനഭൂമികളും നെന്മാറ ഡിഎഫ്ഒ ആയിരിക്കെയാണ് ധനേഷ്‌കുമാര്‍ വീണ്ടെടുത്തത്. ഈ നടപടിക്ക് 2011ല്‍ സര്‍ക്കാരിന്റെ ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചു. 2012ല്‍ സാങ്ച്വറി ഏഷ്യ പുരസ്‌കാരം, പിന്നാലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അംഗീകാരം. രണ്ട് പതിറ്റാണ്ടിനിടെ വനസംരക്ഷണത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് ആദരസൂചകമായി പശ്ചിമഘട്ടത്തിലെ രണ്ട് സസ്യങ്ങളുടെ ശാസ്ത്രനാമനത്തിനൊപ്പം ധനേഷ് കുമാറിന്റെ പേര് ചേര്‍ത്തിട്ടുണ്ട്. സിസിജയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിവയാണ് ആ ചെടികള്‍.

പി ധനേഷ് കുമാറിനേക്കുറിച്ച് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ എന്‍ എ നസീര്‍ എഴുതിയ കുറിപ്പ്

പ്രിയ കൂട്ടുകാരെ ..
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ ചാനലുകളിലും പത്രമാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണല്ലൊ മരംകൊള്ള .ഒരു വശം മരം നടുന്നത് ഉത്സവമാക്കുന്നു. മറുവശം മരങ്ങള്‍ വെട്ടിവീഴ്ത്തുന്നത് ആഘോഷമാക്കുന്നു. ഡിഎഫ്ഒ പി ധനേഷ് കുമാര്‍ കേരളവനം വകുപ്പിലെ ഒറ്റയാള്‍ പട്ടാളം. ഈ പ്രഗല്‍ഭനായ ഉദ്യേഗസ്ഥനെ കുറിച്ച് ഞങ്ങള്‍ 2012-ല്‍ എഴുതിയിരുന്നതാണ്. ഇന്ത്യന്‍ എക്പ്രസ്സ് ഗ്രൂപ്പിന്റെ ‘മലയാളം വാരിക’യില്‍ എഡിറ്ററായിരുന്ന ഗിരീഷ് ജനാര്‍ദ്ദനനെ ഞാന്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തുമ്പോള്‍ ഗിരീഷിന്റെ നാവില്‍ നിന്നാണ് ആദ്യമായി ‘ ഇക്കോ ടെററിസ്റ്റ് ‘ എന്ന് കേട്ടത്. പിന്നീട് മൂന്ന് ലക്കം തുടര്‍ച്ചയായി ‘ഇക്കോ ടെററിസ്റ്റ് ‘ എന്ന പേരില്‍ മലയാളം വാരികയുടെ ഞാനെടുത്ത കവര്‍ ചിത്രം(2012) സഹിതം ഡിഎഫ്ഒ പി.ധനേഷ് കുമാറിന്റെ സസ്‌പെന്‍സ് സിനിമയെ വെല്ലുന്ന സാഹസിക ജീവിതത്തെ കുറിച്ച് ഗിരീഷ് ജനാര്‍ദ്ദനന്‍ എഴുതിയിരുന്നു. അതെ സമയം തന്നെ ഞാന്‍ മാത്രഭൂമി വാരികയിലും യാത്ര മാസികയിലും എന്റെ പല പുസ്തകങ്ങളിലും എഴുതിയിരുന്നു. എന്റെ ആദ്യ പുസ്തകമായ ‘കാടിനെ ചെന്ന് തൊടുമ്പോള്‍’ പ്രകാശനം ചെയ്തത് ധനേഷ് സാറായിരുന്നു (2014). അദ്ദേഹത്തോടൊപ്പം പല സാഹസിക വനസംരക്ഷണ പരിപാടികളിലും പങ്കെടുക്കുവാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ക്കായതില്‍ അഭിമാനം തോന്നുന്നു.

പി ധനേഷ് കുമാര്‍

ഇത്തരം അന്യംവന്ന ഓഫീസര്‍മാര്‍ ഇനിയും വനംവകുപ്പിലുണ്ട്. അതുകൊണ്ടാണ് പ്രമാദമായ ആനക്കൊമ്പ് കേസ്, കഞ്ചാവ് കേസ്, വന്യജീവി നായാട്ട് എന്നിവയിലെ പ്രതികളെല്ലാം അകത്തായത്. അത്തരം ഓഫീസര്‍മാരിലാണ് ഞങ്ങളുടെ ഹരിത പ്രതീക്ഷകളൊക്കെ. കാട് ആഘോഷിക്കേണ്ട ജോലിയല്ല എന്ന് തെളിച്ചവരായിരുന്നു ഇവരൊക്കെ.

പണ്ട് (70-90) വനവും വന്യജീവികളും നിലനില്‍ക്കണം സംരക്ഷിക്കണം എന്ന തീരുമാനത്തോടെ രാവും പകലും ഊണും ഉറക്കവുമില്ലാതെ അതിന് കാവളായ കുറച്ച് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും വാച്ചര്‍മാരും ചേര്‍ന്നൊരു കൂട്ടായ്മ ഉണ്ടായിരുന്നു. നന്മയും തിന്മയും തമ്മിലുള്ള ഒരേറ്റുമുട്ടല്‍ കണക്കെ ആയിരുന്നു അത്. അവരുടെ ഫലമായാണ് ഇന്നങ്കിലും ശേഷിക്കുന്ന പച്ചപ്പ് നിലനില്‍ക്കുന്നത്.

ഇനിയും അത്തരം ഒരു കൂട്ടായ്മ ഉരിത്തിരിഞ്ഞ് വന്നേക്കാം. വരണം. അവരിലാണ് ഞങ്ങളുടെ ഹരിത പ്രതീക്ഷകളും. റവന്യൂ വകുപ്പ് പച്ചപ്പ് നഷ്ടപ്പെടുത്തുന്നവരുടെ വകുപ്പായി മാറാന്‍ പാടില്ല. പരസ്ഥിതി സംരക്ഷണം എല്ലാ വകുപ്പുകളുടെയും ഉത്തരവാദിത്വമാണ്. ഡിഎഫ്ഒ ധനേഷ് കുമാറിനും കൂട്ടുകാര്‍ക്കും ആശംസകള്‍ നേരാം നമ്മള്‍ക്ക്. എന്നും ഞങ്ങള്‍ ഒപ്പം ഉണ്ട്.