തികഞ്ഞ പ്രായോഗികവാദി, സമർത്ഥനായ സൈനികൻ; ആരാണ് താലിബാൻ മുഖം അബ്ദുൽ ഗനി ബറാദർ

കാബൂൾ: മുല്ല അബ്ദുൽ ഗനി ബറാദർ. അഫ്‌ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ നയിക്കുക താലിബാൻ സഹ-സ്ഥാപകൻ കൂടിയായ ഇദ്ദേഹമായിരിക്കുമെന്ന് ഏതാണ്ട് തീരുമാനമായിക്കഴിഞ്ഞു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇരുപത് വർഷത്തെ വിദേശജീവിതത്തിന് ശേഷം ആഴ്ചകൾക്ക് മുൻപ് കാബൂളിലെത്തിയ ബറാദർ ഗവണ്മെന്റ് രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകിവരികയായിരുന്നു. ഉടൻ ഗവൺമെന്റ് പ്രഖ്യാപിക്കുമെന്നാണ് താലിബാൻ വ്യക്തമാക്കിയിരിക്കുന്നത്.

താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അകുൻസാദ ദൈനംദിന വ്യവഹാരങ്ങളിൽ സജീവമല്ലാത്തതിനാൽ നിലവിൽ താലിബാന്റെ അപ്രഖ്യാപിത സജീവ നേതൃത്വം എന്നനിലയ്ക്കാണ് ബറാദറിന്റെ പ്രവർത്തനം. ഖത്തറിലെ ദോഹയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയകാര്യ ഓഫീസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി അമീറായിരുന്നു മുല്ല ബറാദർ. അമേരിക്കയുമായുള്ള ദോഹ സമാധാന ഉടമ്പടി ഉൾപ്പടെയുള്ള താലിബാന്റെ രാഷ്ട്രീയ ചർച്ചകളുടെ തലപ്പത്ത് മിതവാദിയും പ്രായോഗികവാദിയുമെന്ന് വിലയിരുത്തപ്പെടുന്ന ബറാദറായിരുന്നു.

1994 സെപ്റ്റംബറിൽ മുല്ലാ ഉമറിന്റെ നേതൃത്വത്തിൽ കാണ്ഡഹാറിൽ താലിബാൻ സ്ഥാപിതമായപ്പോൾ സഹസ്ഥാപകനായി രണ്ടാമനായിരുന്നു മുല്ല അബ്ദുൽ ഗനി. 1996 മുതൽ 2001 വരെ താലിബാൻ അഫ്‌ഗാൻ ഭരിച്ച കാലത്ത് വിവിധ ഉന്നത സ്ഥാനങ്ങൾ കയ്യാളിയിരുന്നു അദ്ദേഹം. ‘ബ്രദർ’ എന്നത് ശൈലിമാറ്റി ‘ബറാദർ’ എന്നാക്കി അദ്ദേഹത്തിന്റെ പേരിനൊപ്പം ചാർത്തിക്കൊടുത്തത് മുല്ല ഉമറായിരുന്നു. ഉമറിന്റെ അടുത്ത ബന്ധുവാണ് ബറാദർ എന്നും പറയപ്പെടുന്നു. 1996-ൽ അധികാരം പിടിച്ചെടുക്കാൻ കളത്തിലിറങ്ങിക്കളിച്ച താലിബാൻ നേതാക്കളിൽ പ്രധാനി ബറാദർ തന്നെയായിരുന്നു. 2001ൽ അമേരിക്ക അഫ്‌ഗാൻ അധിനിവേശം നടത്തിയപ്പോൾ ബറാദർ പാകിസ്താനിലേക്ക് രക്ഷപ്പെട്ടു. എന്നാൽ 2010-ൽ പാകിസ്താനും അമേരിക്കയുടെ സി.ഐ.എയും നടത്തിയ സംയുക്ത നീക്കത്തിലൂടെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽവാസത്തിനിടെ അദ്ദേഹം പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുടെ ഐക്യരാഷ്ടസഭാ പ്രതിനിധിയായിരുന്നു സൽമയ് ഖലീൽസാദും താലിബാനും നടത്തിയ ചർച്ചകളെത്തുടർന്ന് 2018 ഒക്ടോബറിൽ അദ്ദേഹം പാകിസ്താൻ ജയിലിൽ നിന്നും മോചിതനായി. നിലവിൽ പാക് ഐ.എസ്.ഐയുമായി അടുത്ത ബന്ധമുള്ളയാളാണ് ബറാദർ. മോചിതനായ ശേഷം ശേഷം പൊതുചിത്രത്തിൽ നിന്നും അദ്ദേഹം പിൻവലിയുമെന്നായിരുന്നു വിലയിരുത്തൽ, എന്നാൽ ഞൊടിയിടയിൽ താലിബാന്റെ തലപ്പത്തേക്ക് അദ്ദേഹം കയറിവന്നു. 2019 ജനുവരിയിൽ ദോഹയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയവിഭാഗത്തിന്റെ തലവനായി നിയമനം.

ദോഹ ഉടമ്പടി ഒപ്പുവെച്ച ശേഷം ഹസ്‌തദാനം ചെയ്യുന്ന അബ്ദുൽ ഗനി ബറാദറും അമേരിക്കൻ പ്രതിനിധി സൽമയ് ഖലീൽസാദും.

ഹാമിദ് കർസായി അഫ്‌ഗാൻ പ്രസിഡന്റായിരുന്ന തുടക്കകാലം താലിബാന്റെ പൊതു നിലപാടിന് വ്യത്യസ്തമായി സർക്കാരുമായി ചർച്ച നടത്തണമെന്ന് വാദിച്ചയാളായിരുന്നു ബറാദർ. താലിബാൻ-കർസായി ചർച്ച അത്ര സുഖകരമായ നീക്കമായി പരിഗണിക്കാതിരുന്ന പാകിസ്താൻ അദ്ദേഹത്തെ ജയിലിലാക്കുകയായിരുന്നു എന്നും അഭിപ്രായമുണ്ട്. രാഷ്ട്രീയകാര്യ തലവനായുള്ള ബറാദറിന്റെ നിയമനം അമേരിക്കയും സ്വാഗതം ചെയ്‌തിരുന്നു. ബറാദർ സമാധാനവാദിയാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം മേഖലയിൽ സ്ഥിതിഗതികൾ ശാന്തമാക്കുമെന്നുമാണ് അഫ്‌ഗാന്റെ ചുമതലയുള്ള അമേരിക്കൻ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡേവിഡ് സിഡ്‌നി അന്ന് അഭിപ്രായപ്പെട്ടിരുന്നത്. താലിബാനുമായി സന്ധിയുണ്ടാക്കാൻ ബറാദറിനെ മറികടന്നുകൊണ്ട് സാധിക്കില്ലെന്നും അമേരിക്കക്ക് നിശ്ചയമുണ്ടായിരുന്നു എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

തങ്ങൾ പഴയ തീവ്രനിലപാടുകാരല്ല, പുരോഗമനം സിദ്ധിച്ച കൂട്ടരായി മാറിക്കഴിഞ്ഞുവെന്ന് താലിബാൻ ലോകത്തിനുമുന്നിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് ബറാദറിലൂടെയാണ്. സമാധാന ഉടമ്പടി ഒപ്പുവെച്ചതിന് പിന്നാലെതന്നെ ബറാദർ റഷ്യയും ചൈനയും ഇറാനും സന്ദർശിച്ച് നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. ഇത് താലിബാൻ ഭരണകൂടത്തിന്റെ പൊതുസമ്മതി ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് നിരീക്ഷണം. അടുത്തിടെ താലിബാൻ പുറത്തിറക്കിയ ദൃശ്യസന്ദേശത്തിലും ബറാദർ തങ്ങൾ പുരോഗമനപരമായ മാറിയിട്ടുണ്ടെന്ന് ആവർത്തിക്കുന്നുണ്ട്.

എന്നാൽ താലിബാൻ പരമോന്നത നേതാവ് അകുൻസാദയും ബറാദറും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഇനിയും വ്യക്തമല്ല.

ALSO READ: അമീർ മുതൽ കമാൻഡർ വരെ; താലിബാൻ തലപ്പത്ത് ഈ അഞ്ചുപേർ

താലിബാന്റെ രൂപീകരണത്തിന് മുമ്പ്തന്നെ അഫ്‌ഗാനിൽ സ്വാധീനമുറപ്പിച്ചയാളാണ് പശ്‌ത്തൂൻ ഗോത്രക്കാരനായ മുല്ല ബറാദർ. സോവിയറ്റ് യുദ്ധകാലത്ത് മുജാഹിദീൻ യോദ്ധാവായിരുന്ന അദ്ദേഹം താലിബുകൾക്കിടയിലും അഫ്‌ഗാനിലും ആഴത്തിൽ വേരുള്ള നേതാവാണ്. 1989ൽ സോവിയറ്റ് ശക്തികൾ പിന്മാറിയതിന് ശേഷം അദ്ദേഹം മുല്ലാ ഉമറുമായി ചേർന്ന് കാണ്ഡഹാറിൽ മതപഠനശാല സ്ഥാപിച്ചിരുന്നു. ഇവിടെനിന്നായിരുന്നു താലിബാന്റെ തുടക്കം.