മുന്‍ കോണ്‍ട്രാക്ടര്‍, ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി, എംപിയുടെ ആത്മഹത്യയില്‍ കുറ്റാരോപിതന്‍- പ്രഫുല്‍ ഗോദ പട്ടേലിന്റെ പല മുഖങ്ങള്‍

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായതിന് പിന്നാലെ ദ്വീപില്‍ നടത്തിയ നിയമ പരിഷ്‌കാരങ്ങളുടെ പേരില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പ്രഫുല്‍ ഗോദാ പട്ടേലിനെതിരെ പ്രതിഷേധം കനക്കുകയാണ്. ലക്ഷദ്വീപില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തകരും സിനിമാരംഗങ്ങളില്‍നിന്നുള്ള പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുപ്പക്കാരനായ പ്രഫുല്‍ പട്ടേല്‍, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദ്വീപില്‍ കേന്ദ്രസര്‍ക്കാരിന്റെ അജണ്ട നടപ്പിലാക്കുകയാണെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്.

ആരാണ് പ്രഫുല്‍ ഗോദാ പട്ടേല്‍?

നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിന്റെ ആഭ്യന്തര സഹമന്ത്രിയായിരുന്നു പ്രഫുല്‍ ഗോദാ പട്ടേല്‍. നോര്‍ത്ത് ഗുജറാത്തിലെ ഹിമ്മന്ത് നഗറില്‍നിന്ന് 2007ല്‍ ആദ്യമായി നിയമസഭയിലെത്തി. 2010ല്‍ ആഭ്യന്തര സഹമന്ത്രിയായി ചുമതലയേല്‍പിക്കപ്പെട്ടു. 2012വരെ മന്ത്രിസ്ഥാനത്ത് തുടര്‍ന്നു.

പട്ടേലിന്റെ പിതാവ് ആര്‍എസ്എസിന്റെ പ്രമുഖനായ നേതാവായിരുന്നു. മോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹത്തെ മോഡി നിരന്തരം സന്ദര്‍ശിക്കാറുമുണ്ടായിരുന്നു. മോഡിയുമായുള്ള ഈ അടുത്ത ബന്ധമാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റിലായപ്പോള്‍ പട്ടേലിനെ ആഭ്യന്തര കസേര ഏല്‍പിക്കുന്നതിലേക്കെത്തിയത്.

‘അമിത് ഷായുടെ അറസ്റ്റിന് പിന്നാലെ 2010ല്‍ മോഡി മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി നാലുപേരെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. തീരുമാനമെടുക്കാനുള്ള പട്ടേലിന്റെ സവിശേഷ ശേഷിയും സൂക്ഷ്മതയും രാഷ്ട്രീയക്കാരന്‍ എന്നനിലയിലുള്ള പ്രതിച്ഛായയും മോഡിയെ ഹഠാതാകര്‍ഷിച്ചു. അതുകൊണ്ടുതന്നെ ഷായുടെ പകരക്കാനായി ഒരു മുതിര്‍ന്ന നേതാവിനെ തെരഞ്ഞെടുക്കാതെ മോഡിയുടെ നറുക്ക് പ്രഫുല്‍ ഗോദാ പട്ടേലിന് വീണു’, ഗുജറാത്തില്‍നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഒരു ബിജെപി എംഎല്‍എ പറഞ്ഞതായി മാര്‍ച്ച് 11ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, അമിത് ഷാ വഹിച്ചിരുന്ന പത്തില്‍ എട്ട് വകുപ്പുകളും പട്ടേലിന് നല്‍കപ്പെട്ടു.

2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍നിന്ന് പട്ടേല്‍ പരാജയം ഏറ്റുവാങ്ങി. ശേഷം പട്ടേല്‍ ബിജെപി രാഷ്ട്രീയത്തിലേക്ക് സജീവ പ്രവര്‍ത്തനവുമായി ഇറങ്ങി.

പിന്നീട് 2014ല്‍ കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും പ്രഫുല്‍ ഗോദാ പട്ടേലിന്റെ പേര് പ്രത്യേക പരിഗണനയിലുണ്ടായിരുന്നു. പട്ടേലിനെ ദമാന്‍-ദിയുവിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. 2016ല്‍ ദാദ്ര-നാഗര്‍ ഹവേലിയുടെയും അഡ്മിനിസ്‌ട്രേറ്ററായി. മുമ്പ് എഐഎസ് ഓഫീസര്‍മാര്‍ മാത്രമെത്തുന്ന ചുമതലയിലേക്കായിരുന്നു ഈ രാഷ്ട്രീയ നിയമനങ്ങളെല്ലാം.

രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് റോഡ് നിര്‍മ്മാണ കോണ്‍ട്രാക്ടര്‍

സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് പട്ടേലിന്റെ വിദ്യാഭ്യാസ യോഗ്യത. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുമ്പ് റോഡ് നിര്‍മ്മാണ കോണ്‍ട്രാക്ടര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിത്തമുള്ള സബാര്‍ കണ്‍സ്ട്രക്ഷന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു.

Read More: ‘പ്രവര്‍ത്തിക്കുകയല്ലാതെ ഇനി മാര്‍ഗമില്ല’; ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്ന് പൃഥ്വിരാജ്; ‘നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാകണം’

‘നോര്‍ത്ത് ഗുജറാത്തിലെ ഒരു സമ്പന്നന പട്ടേല്‍ കുടുംബത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ വരവ്. രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ മുന്‍ഗണന എന്തായിരുന്നെന്ന് വ്യക്തമായിരുന്നു. ചില നിലപാടുകളും പല തീരുമാനങ്ങളും അദ്ദേഹത്തെ 2012ലെ തെരഞ്ഞെടുപ്പ് പരാജയത്തിലേക്കെത്തിച്ചു. കാരണം, അദ്ദേഹം രാഷ്ട്രീയക്കാരനെപ്പോലെയല്ല, ഒരു അഡ്മിനിസ്‌ട്രേറ്ററെപ്പോലെയാണ് പെരുമാറിയത്. എന്നിരുന്നാലും നരേന്ദ്ര ഭായിയുടെ ശ്രദ്ധയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു’, പേര് വെളിപ്പെടുത്താത്ത ബിജെപി എംഎല്‍എ പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥനുമായിട്ടുള്ള പ്രശ്‌നം

ദാദ്ര-നാഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥനെതിരെ പട്ടേല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഔദ്യോഗികവൃത്തിയില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുന്നില്ലെന്ന് കാണിച്ച് പട്ടേല്‍ നോട്ടീസ് നല്‍കിയിരുന്നു. ഒരു ഉദ്യോഗസ്ഥന് ചേര്‍ന്ന നിലയിലല്ല കണ്ണന്‍ ഗോപിനാഥന്റെ പെരുമാറ്റം എന്നായിരുന്നു പട്ടേല്‍ നോട്ടീസില്‍ കുറ്റപ്പെടുത്തിയത്.

ദാദ്ര-നാഗര്‍ ഹവേലിയിലെ 2019 പൊതുതെരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസര്‍ കൂടിയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. പട്ടേലില്‍നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് വിശദീകരിച്ച് കണ്ണന്‍ ഗോപിനാഥന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പരാതി നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ നോട്ടീസ് പിന്‍വലിക്കാന്‍ പട്ടേലിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. കൂടാതെ, പട്ടേലിന്റെ ഇടപെടലുകള്‍ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥകള്‍ ലംഘിച്ചതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടേലിന് നോട്ടീസ് നല്‍കി. രാഷ്ട്രീയ പ്രതികാര നടപടിയാണ് ഇതെന്നാണ്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ വിശേഷിപ്പിച്ചത്.

തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു പട്ടേല്‍ ചെലുത്തിയിരുന്നതെന്നും പട്ടേലുമായുള്ള വടംവലിക്ക് ശേഷം ജോലിതന്നെ മനംമടുത്തുപോയെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നതായി അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. തുടര്‍ന്ന് ദാദ്ര-നാഗര്‍ ഹവേലിയുടെ അര്‍ബന്‍ ഡെവലപ്‌മെന്റിന്റെയും ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിക് വകുപ്പിന്റെയും സെക്രട്ടറിയായിരിക്കെ 2019 ഓഗസ്റ്റില്‍ കണ്ണന്‍ രാജി വെച്ചു.

എംപി മോഹന്‍ ദെല്‍ക്കറുടെ ആത്മഹത്യയും പട്ടേലിനെതിരായ എഫ്‌ഐആറും

ദാദ്ര-നാഗര്‍ ഹവേലി എംപിയായിരുന്ന മോഹന്‍ ദെല്‍ക്കറുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് പട്ടേലിന്റെ പേര് പിന്നെയും വാര്‍ത്തകളില്‍ ഇടം നേടിയത്. മോഹന്‍ ദെല്‍ക്കറുടെ ആത്മഹത്യ പട്ടേല്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെത്തുടര്‍ന്നായിരുന്നെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ മകന്‍ അഭിനവ് ദെല്‍ക്കര്‍ രംഗത്തെത്തി. തുടര്‍ന്ന്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണം പുരോഗമിക്കവെ, പ്രഫുല്‍ ഗോദാബായ് പട്ടേലിനെതിരെ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മുംബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഫെബ്രുവരി 22നാണ് മനോഹര്‍ ദെല്‍ക്കറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടേലിന്റേതടക്കം കേന്ദ്രഭരണ പ്രദേശത്തെ നിരവധി ഉദ്യോഗസ്ഥരുടെ പേരുകളാണ് മോഹന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നത്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തികള്‍ തടയല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തി വ്യാജ കേസുകളുണ്ടാക്കുമെന്നും 25 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് പട്ടേലും കൂട്ടാളികളും തന്റെ അച്ഛനെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് അഭിനവ് പരാതിയില്‍ ആരോപിച്ചത്. ഏഴ് തവണ എംപിയായ മോഹന്‍ ദെല്‍ക്കര്‍ ആദിവാസികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയ നേതാവായിരുന്നു.

‘ദാദ്ര-മാഗര്‍ ഹവേലി കേന്ദ്രഭരണ പ്രദേശം ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഇവിടെ ഭൂമിക്ക് വലിയ വിലയുമാണ്’, പട്ടേലിന്റെ ഉദ്ദേശങ്ങള്‍ പലതാണെന്ന് അദ്ദേഹത്തോട് അടുത്ത ബന്ധമുള്ള ഒരു എംപി പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്ത് പല കച്ചവടങ്ങളും നടത്താനുള്ള ശ്രമങ്ങള്‍ തടഞ്ഞതായിരിക്കാം മോഹന്റെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.

ലക്ഷദ്വീപിലേക്കുള്ള വരവും വിവാദങ്ങളും

2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേലിനെ ചുമതലയേല്‍പിച്ചത്. മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മയുടെ മരണത്തെ തുടര്‍ന്നായാരുന്നു പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിച്ചത്.

ലക്ഷദ്വീപില്‍ എത്തിയതിന് പിന്നാലെ പല പരിഷ്‌കാരങ്ങളും പട്ടേല്‍ നടപ്പിലാക്കി. 2021 ജനുവരി 28ന് പുറത്തുവിട്ട കരടിലൂടെ ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് എന്ന ഗുണ്ടാ ആക്ടിന് സമാനമായ നിയമം കൊണ്ടുവന്നു. ബീഫ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധിക്കുകയും ലഘിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന നിയമത്തിന്റെ കരട് ഫെബ്രുവരി 25ന് പുറത്തിറക്കി. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍ 2021 എന്ന പുതിയ ഭൂ നിയമം ദ്വീപ് നിവാസികളുടെ നിലവിലെ ഭൂ ഉടമസ്ഥതയ്ക്കും ഉപയോഗത്തിനും ഗുരുതരമായ തടസങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. കൊവിഡിന്റെ ആദ്യതരംഗത്തില്‍ വൈറസ് ദ്വീപിലെത്തിയിരുന്നില്ല. എന്നാല്‍, പ്രഫുല്‍ പട്ടേല്‍ ഇളവുകള്‍ അനുവദിച്ച് ലക്ഷദ്വീപിലേക്ക് കപ്പലുകള്‍ അടുത്തതോടെ ഇപ്പോഴത്തെ ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്. രണ്ടുകുട്ടികളില്‍ കൂടുതലുളളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല തുടങ്ങി പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരേ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.